NEWS

5 ദിവസം, കേരളത്തിൽ പൂട്ടിച്ചത് 110 കടകള്‍; പിടിച്ചെടുത്തത് 140 കിലോ പഴകിയ മാംസം

ഴകിയ ഭക്ഷണവും ഭക്ഷണത്തിലെ മായം ചേര്‍ക്കലും കണ്ടെത്താനുള്ള പരിശോധനകൾ അഞ്ച് ദിവസം പിന്നിടുമ്പോൾ കേരളത്തിൽ പൂട്ടിച്ചത് 110 കടകള്‍; പിടിച്ചെടുത്തത് 140 കിലോ പഴകിയ മാംസം!
   ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് പരിശോധന.കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. 140 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. 93 സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
ഇതുകൂടാതെ വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിർമാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്ബിന്റെ തോല്‍ കണ്ടെത്തി.ചന്തമുക്കിലെ ഹോട്ടല്‍ ഷാലിമാറില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ നിന്നാണ് പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു.

നേരത്തെ നടത്തിയ പരിശോധനയില്‍ കഴക്കൂട്ടത്തെ അല്‍സാജ്, തക്കാരം, തമ്ബാനൂരിലെ ഹൈലാന്‍ഡ് എന്നീ ഹോട്ടലുകളിലെ പരിശോധനയിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയിരുന്നു.

 

 

തക്കാരം ഹോട്ടലില്‍നിന്ന് പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും നിരോധിച്ച ക്യാരിബാഗ് എന്നിവയും പിടിച്ചെടുത്തതായി ആരോഗ്യവിഭാഗം അറിയിച്ചു.ഈ ഹോട്ടലും സീൽവച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ അല്‍സാജ് ഹോട്ടലിന് നോട്ടീസ് നല്‍കി.നഗരത്തിലെ വിവിധ ഭാഗങ്ങളിലെ മറ്റ് ഹോട്ടലുകളിലും ആരോഗ്യവിഭാഗം ഇന്നും പരിശോധന നടത്തി.

Back to top button
error: