KeralaNEWS

കെഎസ്ഇബിയിൽ വെടിനിർത്തൽ? ചർച്ച ഇന്ന്; അന്തിമ ധാരണയായേക്കും

തിരുവനന്തപുരം: കെ എസ് ഇ ബിയിലെ പ്രശ്ന പരിഹാരത്തിനായി ഊർജ്ജ സെക്രട്ടറി വിളിക്കുന്ന ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ചർച്ച നടക്കുന്നത്. തൊഴിലാളി യൂണിയനുകളും ചെയർമാനുമായുള്ള തർക്കം തീർക്കാൻ  ഇന്നലെ വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയിലെത്തിയിരുന്നു. സമരത്തിന്മേൽ ഡയസ്നോൺ ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന നിർദേശം യൂണിയനുകൾ ഉയർത്തിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്പെൻഷൻ, സ്ഥലം മാറ്റ നടപടികളിൽ പുനഃപരിശോധന ഉണ്ടാകാൻ സാധ്യതയുണ്ട്. പരസ്പരം പ്രകോപനമൊഴിവാക്കി മുന്നോട്ടുപോകാനാണ് മന്ത്രി നൽകിയ നിർദേശം.

വൈദ്യുതി ബോർഡിൽ യൂണിയനുകളും ചെയർമാനും തമ്മിലുള്ള വടംവലി ഒത്തുതീരാൻ ഇന്നലെ തന്നെ വഴിയൊരുങ്ങിയിരുന്നു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ചർച്ചയിൽ ഒത്തുതീർപ്പിന്  ധാരണയായി. അന്തിമ തീരുമാനമെടുക്കാനാണ് ഊർജ്ജ സെക്രട്ടറി ഇന്ന് ചർച്ച നടത്തുന്ന്. യൂണിയൻ നേതാക്കളുടെ മേലുള്ള നടപടികളും സ്ഥലം മാറ്റവും പുനപരിശോധിക്കാൻ തീരുമാനമുണ്ടായാൽ ചെയർമാനെ കടന്നാക്രമിച്ചുള്ള നീക്കങ്ങളിൽ നിന്ന് യൂണിയനും പിന്തിരിയേണ്ടി വന്നേക്കും.

Signature-ad

പരസ്പരം പ്രകോപനങ്ങളൊഴിവാക്കണമെന്നതാണ് വൈദ്യുതിമന്ത്രി പങ്കെടുത്ത യോഗത്തിലുയർന്ന ഒത്തുതീർപ്പ് ധാരണയുടെ കാതൽ. ഇതോടെ ചെയർമാനെ കടന്നാക്രമിക്കുന്നതിൽ നിന്ന് യൂണിയനും, ലേഖനങ്ങളും അഭിമുഖങ്ങളുമായി രൂക്ഷമായി തിരിച്ചടിക്കുന്ന ചെയർമാനും പിന്തിരിയേണ്ടി വരും. സഹകരിച്ചു പോകാനാണ് തത്വത്തിൽ ധാരണയായത്. സസ്പെൻഷനും സ്ഥലം മാറ്റവും നേരിട്ട യൂണിയൻ നേതാക്കളുടെ കാര്യത്തിൽ പുനപരിശോധനയുണ്ടായേക്കും. കടുത്ത നടപടിയുണ്ടാവില്ല. വനിതാ നേതാവ് ജസ്മിൻ ബാനുവിന്റെ അനധികൃത അവധിയുടെ കാര്യത്തിൽ ചെയർമാൻ അയഞ്ഞു. എന്നാൽ ബോർഡ് യോഗത്തിൽ തള്ളിക്കയറിയതടക്കം ഗുരുതര കുറ്റങ്ങളിൽ നേതാക്കൾ വിശദീകരണം നൽകണം. സമരത്തിന്മേലുള്ള ഡയസ്നോൺ ഒഴിവാക്കണമെന്നു യൂണിയൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനം നിയമവകുപ്പിന്റെ കൂടി അഭിപ്രായം തേടിയ ശേഷമേ പറ്റൂ. നിലവിലെത്തിയ ഏകദേശ ധാരണകളോട് യൂണിയനും തൽക്കാലം ഇടയുന്നില്ല എന്നത് ശ്രദ്ധേയം.

വ്യക്തിപരമായ പ്രശ്നങ്ങൾക്കപ്പുറം കമ്പനിയുടെ പ്രവർത്തനം, സമര-സംഘടനാ പ്രവർത്തനം എന്നിവയിൽ ഉയർന്നിട്ടുള്ള  പ്രശ്നങ്ങളിൽ  ഇപ്പോഴും ചോദ്യങ്ങളുണ്ട്. തൽക്കാലത്തേക്ക് വെടിനിർത്തിയാലും ചെയർമാനെതിരെ മുന്നോട്ടുവെച്ച ആരോപണങ്ങൾ യൂണിയൻ ഇനിയെങ്ങനെ മുന്നോട്ടു കൊണ്ടുുപോകുമെന്നതും ശ്രദ്ധേയം. ചർച്ചകൾക്കൊടുവിൽ വഴങ്ങുന്നതാരാകുമെന്ന് ഇന്ന് വ്യക്തമാകും. അച്ചടക്കമാദ്യം എന്ന നിലപാടിൽത്തന്നെയാണ് ചെയർമാൻ ഇപ്പോഴുമുള്ളത്. അതേസമയം, കമ്പനിയെടുത്ത തീരുമാനങ്ങൾക്കും മുകളിൽ ചർച്ചയ്ക്കും ഇടപെടലിനും വഴിയൊരുങ്ങിയത് സർവ്വീസ് സംഘടനാ പ്രവർത്തന അവകാശത്തിന്റെ വിജയമാണെന്ന നിലപാടിലാണ് യൂണിയൻ.

Back to top button
error: