KeralaNEWS

സി.പി.എമ്മില്‍ സ്ഥാനാര്‍ഥിയെച്ചൊല്ലി തമ്മിലടി; വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് മടി: വി.ഡി. സതീശൻ

കൊച്ചി: സി.പി.എമ്മില്‍ സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള തമ്മിലടി വാര്‍ത്തയാക്കാൻ മാധ്യമങ്ങള്‍ക്ക് മടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനകം തീരുമാനിച്ചു. സി.പി.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെന്നും പ്രഖ്യാപിച്ചെന്നും പറയുകയും പിന്നീട് മതിലെഴുതുകയും അത് മായ്ക്കുകയും ചെയ്ത സംഭവങ്ങള്‍ വരെയുണ്ടായി. ഇതിനു കാരണം എറണാകുളം ജില്ലയിലെ സി.പി.എമ്മിനുള്ളിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്. എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാധ്യമം പോലും തയാറായില്ല. കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ഒരു മണിക്കൂര്‍ വൈകിയാല്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കലാപം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമായിരുന്നു. എന്നാല്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട് അത്തരമൊരു വാര്‍ത്ത ഒരു തരത്തിലും വന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സി.പി.എം സ്ഥാനാര്‍ഥി സസ്‌പെന്‍സില്‍ എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസുകാരെ കുറിച്ചാണെങ്കില്‍ നിങ്ങള്‍ അങ്ങനെ വാര്‍ത്ത കൊടുക്കുമോ? കഴിഞ്ഞ കുറച്ച് ദിവസമായി കോണ്‍ഗ്രസ് നേതാക്കളുടെ പിന്നാലെ, മുഖ്യമന്ത്രി പറയുന്നതു പോലെ കോലുമായി മാധ്യമങ്ങള്‍ നടക്കുകയാണ്. അവിടെ നിന്ന് വീണു കിട്ടുന്ന എന്തെങ്കിലും പെരുപ്പിച്ച് വാര്‍ത്തയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും തോപ്പുംപടിയിലെ ഒരു വീട്ടില്‍ച്ചെന്ന് ഒരാളോട് അഭിപ്രായം ചോദിച്ച് വാര്‍ത്തയുണ്ടാക്കുകയാണ്. കോണ്‍ഗ്രസില്‍ ആകെ പ്രശ്‌നങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ രണ്ടു വിഭാഗം ആളുകള്‍ തമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം തര്‍ക്കത്തിലാണെന്ന് ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ മാധ്യമങ്ങള്‍ക്കും അറിയാം. എന്നിട്ട് നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ ഇത് റിപ്പോര്‍ട്ട് ചെയ്‌തോ? ഈ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ടെലികാസ്റ്റ് ചെയ്താലും ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല. പക്ഷെ രണ്ടു നീതിയാണ് നിങ്ങള്‍ എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും കാട്ടുന്നത്.

രണ്ട് ദിവസം മുൻപ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടും ഇന്ന് യു.ഡി.എഫിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നുവെങ്കില്‍ നിങ്ങള്‍ എന്ത് ആഘോഷമാക്കിയേനെ? ഈ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും മുന്‍വിധിയോട് കൂടിയുള്ള സമീപനം ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. കിട്ടുന്ന എല്ലാ അവസരങ്ങളിലും നിങ്ങള്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണ്. ഇനി അത് വേണ്ട. അത് ശരിയല്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കും തുറന്ന് പറയേണ്ടിവരും. മുഖ്യമന്ത്രി സംസാരിക്കുന്ന ഭാഷയില്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നവരല്ല യു.ഡി.എഫ് നേതാക്കള്‍. എപ്പോള്‍ വന്ന് ഏത് കാര്യത്തെ കുറിച്ച് ചോദിച്ചാലും ഒരു മടിയും കൂടാതെ മറുപടി നല്‍കുന്നത് ഞങ്ങളുടെ ദൗര്‍ബല്യമായി എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥിയെ കുറിച്ചൊന്നും മാധ്യമങ്ങള്‍ മോശമായി സംസാരിച്ചിട്ടില്ല. നല്ല രീതിയില്‍ തന്നെയാണ് പറഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കമായിരുന്നെങ്കില്‍ സതീശന്‍- ഷിയാസ് തര്‍ക്കമെന്ന് എന്ന അടിക്കുറിപ്പ് നല്‍കി നിങ്ങള്‍ ആഘോഷമാക്കുമായിരുന്നു. സി.പി.എമ്മില്‍ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം. പക്ഷെ നിങ്ങള്‍ പറയില്ല. പകരം സ്ഥാനാര്‍ഥി നിര്‍ണയം സസ്‌പെന്‍സില്‍ എന്നെഴുതി. അത്തരം നല്ല വാചകങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി കൂടി എഴുതണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലയിലെ സി.പി.എം നേതാക്കളും ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളും തമ്മിലുള്ള തര്‍ക്കമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നിട്ട് അത് മറച്ച് വയ്ക്കാന്‍ വേണ്ടി ഇന്നലെ വൈകിട്ട് മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസില്‍ നിന്നുള്ളയാള്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രചരിപ്പിച്ചു. അപ്പോള്‍ എല്ലാവരും അതിന് പിന്നാലെ പോയി. എന്നിട്ട് കുറെ ആളുകളെ അപമാനിച്ചു. ഇന്നലെ ദീപ്തി മേരി വര്‍ഗീസ് പറഞ്ഞത് ഒന്നു രണ്ട് ചാനലുകള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് കൊടുത്തത്. മഹാരാജാസിലെ കെ.എസ്.യുക്കാരിയായാണ് ദീപ്തി കോണ്‍ഗ്രസില്‍ സജീവമായി നില്‍ക്കുന്നത്. അവരുടെയൊക്കെ വിശ്വാസ്യതയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്. എത്രയോ വര്‍ഷക്കാലം കൊണ്ട് പ്രവര്‍ത്തിച്ചുണ്ടാക്കുന്ന ആത്മാര്‍ത്ഥതയും വിശ്വാസ്യതയും ഒരു ചെറിയ വാര്‍ത്തകൊണ്ട് കളയാമോ? ദയവ് ചെയ്ത് ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. തോപ്പുപടിയിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു പറഞ്ഞ് ഞങ്ങളോട് ഒന്നും ചോദിക്കാന്‍ നില്‍ക്കരുത്. ഇന്നത്തേത് കൊണ്ട് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ വികസന രാഷ്ട്രീയത്തിനൊപ്പമെന്ന് നാല് ദിവസം ഒരാള്‍ തുടര്‍ച്ചയായി പറഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്തു. ഒരേ വാചകം മുഖ്യമന്ത്രി നാല് ദിവസം പറഞ്ഞാല്‍ പോലും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യില്ലല്ലോ. പ്രതിപക്ഷ നേതാവോ കെ.പി.സി.സി അധ്യക്ഷനോ ഒരേ കാര്യം തുടര്‍ച്ചയായി നാല് ദിവസം പറഞ്ഞാല്‍ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമോ? എന്നാല്‍ ഒരാള്‍ ഒരേ കാര്യം പറഞ്ഞിട്ടും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിട്ട് ഞങ്ങളോട് വന്ന് ചോദിക്കുന്നു. അതിനായി ഇനി ദയവ് ചെയ്ത് വരരുത്. ഇനി അത്തരം ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ തന്നെ ഉത്തരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ തന്നെ നിങ്ങള്‍ വീടുകളിലേക്ക് ചെല്ലുകയല്ലേ. നിങ്ങള്‍ എതെങ്കിലും സി.പി.എമ്മുകാരന്റെ വീട്ടിലേക്ക് പോയോ? മേയറുടെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്നല്ലോ. അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കാന്‍ നിങ്ങള്‍ പോയോ? സി.പി.എം സ്ഥാനാര്‍ഥികളായി എത്രയോ പേരുടെ പേരുകള്‍ പറഞ്ഞുകേട്ടു. എന്നിട്ട് ആരുടെയെങ്കിലും പിന്നാലെ നിങ്ങള്‍ പോയോ? വേറൊരാള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞ് പലരെയും വിളിച്ചല്ലോ. നിങ്ങള്‍ അവരുടെയെങ്ങും അടുത്ത് പോയില്ലല്ലോ. എന്തിനാ? ഞങ്ങളെ വിട്. ഞങ്ങള്‍ പ്രതിപക്ഷത്ത് ഇരിക്കുന്ന മുന്നണിയാണ്. എല്ലാവരുമായും ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ആരെയും ഭീഷണിപ്പെടുത്തുന്ന പാര്‍ട്ടിയല്ല. അതുകൊണ്ടു തന്നെ ചില അസ്വാരസ്യങ്ങളും ചില പരിഭവങ്ങളും ഒക്കെയുണ്ടായി. അതൊക്കെ ഭംഗിയായി പരിഹരിച്ചു. എല്ലാവരും ഒന്നിച്ചു ചേര്‍ന്നാണ് പോകുന്നത്. ഞങ്ങള്‍ തിരിച്ചു വരവിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് വലിയൊരു പിന്തുണയാണ് മാധ്യമങ്ങള്‍ നല്‍കിയത്. സി.പി.എമ്മിലെ സസ്‌പെന്‍സ് എന്ന വാര്‍ത്തയാണ് ഇത്രയുമൊക്കെ പറയാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: