NEWS

ഇത് ഡിജിറ്റൽ വായനയുടെ കാലം;  ഇ-റീഡിങ്ങും ഓൺലൈൻ വാർത്താ പോർട്ടലുകൾ നേരിടുന്ന വെല്ലുവിളികളും

ഡിജിറ്റൽ യുഗത്തിൽ വായന പേപ്പറിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല.അത് വർത്തമാന പത്രങ്ങളുടെ കാര്യമായാലും മറ്റ് വായനകളുടെ കാര്യത്തിലായാലും.സ്മാർട്ഫോണും കൊണ്ട് നടക്കുന്ന പലരും വായനയും ഇപ്പോൾ അതിൽ തന്നെ ആക്കിയിരിക്കുകയാണ്.
‘പോർട്ടബിൾ’ ആണെന്നുള്ളതാണ് ഇ-റീഡിങ് ഡിവൈസുകളുടെ പ്രത്യേകത.എവിടെ വേണമെങ്കിലും കൊണ്ടുപോകാം.വാർത്തകൾക്കായി കാത്തിരിക്കേണ്ടതില്ല.അപ്പപ്പോൾ വിശദാംശങ്ങൾ കിട്ടും.ഭാരിച്ച, എണ്ണമില്ലാത്ത പേജുകളുള്ള ബുക്കുകൾ താങ്ങി നടന്ന് ക്ഷീണിക്കേണ്ടതില്ല.ഇന്റർനെറ്റിൽ ലക്ഷക്കണക്കിന് ഇ പുസ്തകങ്ങൾ സൗജന്യമായും അല്ലാതെയും ലഭ്യമാണ്.ഇക്കൂട്ടത്തിൽ സൗജന്യ പുസ്തകങ്ങളാണ് കൂടുതലും.അതുകൊണ്ട് തന്നെ, ഈ സൗകര്യത്തിലൂടെ പണം മാത്രമല്ല ബുക്കുകൾ പോയി എടുക്കാനും വാങ്ങാനും ആവശ്യമായ സമയവും ലാഭിക്കാം.
ചെറിയ പുസ്തകങ്ങളായാലും വലിയ പുസ്തകങ്ങളായാലും, ഇവ സൂക്ഷിക്കണമെങ്കിൽ കാര്യമായ സ്ഥലം ആവശ്യമാണ്.മാത്രമല്ല, ഒരുപാട് പുസ്തകങ്ങൾ ഉണ്ടെങ്കിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനായി ഷെൽഫുകളും അലമാരകളും മറ്റും വാങ്ങിക്കേണ്ടതായിട്ടും വരും.ഇതിനാണെങ്കിലോ വൻ പണച്ചിലവുമാണ്.ഈ റീഡറുകൾ ഉപയോഗിച്ചാൽ ഇതുവഴി പണവും സ്ഥലവും ലാഭമാണ്.
 ഇവിടെ എടുത്തു പറയേണ്ടത് ഓൺലൈൻ വാർത്താരംഗത്തെ പറ്റിയാണ്.
അധികാരകേന്ദ്രങ്ങളുടെ ഭീഷണിക്ക്‌ വഴങ്ങാത്ത ധീരവും ഗൗരവപൂർണവുമായ മാധ്യമപ്രവർത്തനത്തിന്റെ ബദൽ വേദിയായി ഇന്ന് ഓൺലൈൻ വാർത്താരംഗം മാറിയിട്ടുണ്ട്. ഭീഷണിയും അടിച്ചമർത്തലുംകൊണ്ട്‌ വരുതിയിലാക്കാൻ കഴിയാത്തത്ര കരുത്തും അംഗീകാരവും ഈ മാധ്യമ മേഖലയ്ക്കുണ്ട്.എന്നാൽ ഡിജിറ്റൽ യുഗത്തില്‍ വാര്‍ത്തകള്‍ കമ്ബ്യൂട്ടറിന്റെയും മൊബൈലിന്റെയും സ്‌ക്രീനുകളിലേക്കു ദേഹാന്തരം പ്രാപിച്ചപ്പോള്‍ അതിന്റെ കണക്കുകളില്ലാത്ത സാമ്ബത്തിക ഗുണഭോക്താക്കളായി മാറിയത് മറ്റ് പലരുമാണെന്ന് മാത്രം.പത്രമാധ്യമ വ്യവസായത്തിലെ വാര്‍ത്തകളുടെ പ്രജനനപ്രക്രിയ എന്നത് നിക്ഷേപാധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ പത്രത്താളുകളില്‍ നിന്നും പോര്‍ട്ടലുകളിലേക്കു വായനക്കാര്‍ ചേക്കേറുമ്ബോള്‍ ഉണ്ടാകുന്ന സാമ്ബത്തികനഷ്ടം സത്യസന്ധമായ വരുമാനവിഹിതം നല്കുന്നതിലൂടെ മാത്രമേ നികത്തപ്പെടുകയുള്ളൂ.

ഈ സാഹചര്യത്തില്‍ പല സെര്‍ച്ച്‌ എന്‍ജിനുകളും ഡിജിറ്റല്‍ മദ്ധ്യവര്‍ത്തികളും ഇന്ത്യയെപ്പോലെയുള്ള വികസ്വരരാജ്യങ്ങളില്‍ പിന്തുടര്‍ന്നു പോരുന്ന സുതാര്യതയില്ലാത്ത നയങ്ങൾ പലപ്പോഴും ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് വെല്ലുവിളിയാകുന്നുണ്ട്.കോംപറ്റീഷന്‍ കമ്മിഷന്‍ അടുത്തിടെ ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്റെയും ഇന്ത്യന്‍ ന്യൂസ്‌ പേപ്പര്‍ സൊസൈറ്റിയുടെയും പരാതികളില്‍ ഇത്തരക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെന്ന നിലയില്‍ പേരെടുത്ത ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. ക്രിക്കറ്റ് സംബന്ധമായ വിവരങ്ങളുടെ അക്ഷയഖനിയായ ക്രിക് ഇന്‍ഫോ അവയില്‍ പ്രധാനപ്പെട്ടതാണ്. ഇ.എസ്.പി.എന്‍ എന്ന സ്‌പോര്‍ട്‌സ് ചാനല്‍ ക്രിക്ഇന്‍ഫോയെ വര്‍ഷങ്ങള്‍ക്കുമുമ്പ് വിലപറഞ്ഞു സ്വന്തമാക്കിയതില്‍ നിന്നുതന്നെ, അതിന്റെ പ്രാധാന്യമൂഹിക്കാം.റെഡിഫ് പോലെ മറ്റു സേവനങ്ങളോടൊപ്പം വാര്‍ത്താധിഷ്ഠിതമായ അഭിപ്രായസ്വരൂപണവും നടത്തുന്ന സൈറ്റുകളുണ്ട്. വണ്‍ഇന്ത്യ പോലെ, വെബ്ദുനിയ പോലെ ഇന്ത്യയിലെ പ്രമുഖഭാഷകളിലെല്ലാം സ്വന്തമായി വാര്‍ത്താപോര്‍ട്ടലുകളുള്ള വമ്പന്‍ ഗ്രൂപ്പുകളുണ്ട്.സ്‌പൈക്യാമറകളെ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കൈപിടിച്ചാനയിച്ച തെഹല്‍ക്ക തുടങ്ങിയതുതന്നെ വെബ് പോര്‍ട്ടലായാണ്.

മുംബൈയിലും മറ്റും പ്രസ് ക്ലബ്ബ്അംഗത്വവും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദനീയമായ സകലവിധ സര്‍ക്കാര്‍ സൗജന്യങ്ങളും ഇവരുടെ വാര്‍ത്താപ്രവര്‍ത്തകര്‍ക്കു ലഭ്യമാണ്.കേരളത്തിലേക്കു വരുമ്പോള്‍ സ്ഥിതി മാറുന്നു.പലപ്പോഴും ഏഴാംകൂലികളായാണ് പത്രപ്രവര്‍ത്തക സമൂഹം തന്നെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത്. ഇതിനു കാരണവുമുണ്ട്. ഇവ തുടങ്ങുന്നതിന് താരതമ്യേന ചെലവുകുറവാണെന്ന ധാരണയും വെറും കോപ്പിപേസ്റ്റ് മാത്രമാണ് ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനമെന്ന തോന്നലുമാണ് ഇവരെ അയിത്തക്കാരാക്കി നിലനിര്‍ത്തുന്നത്. കേബിള്‍ ടിവിയും ഇന്റര്‍നെറ്റ് കണക്ഷനും മെനക്കെടാന്‍ രണ്ടു പേരുമുണ്ടെങ്കില്‍ ആര്‍ക്കും ഓണ്‍ലൈനില്‍ പത്രം തുടങ്ങാം എന്നായിരുന്നു ഇവരുടെ ഇടയിലെ പൊതുധാരണ.

എന്നാൽ മലയാളത്തിന്റെ ഓണ്‍ലൈന്‍ സാന്നിധ്യം കാര്യമായി വര്‍ധിക്കുകയും പത്രമാധ്യമങ്ങൾ കൊടുക്കാൻ മടിക്കുന്ന വാർത്തകൾ വരെ അതിൽ പ്രത്യക്ഷപ്പെടുകയും ചെയ്യാൻ തുടങ്ങിയതോടെ  ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതു ബുദ്ധിയല്ലെന്നുകണ്ട് പിന്നീട് വര്‍ത്തമാനപത്രങ്ങളും ഗൗരവമായി വെബ്‌പോര്‍ട്ടലുകളെ സമീപിച്ചു. മാതൃഭൂമിയാണ് ആ നിലയ്ക്ക് ഗംഭീരമായ നീക്കം ആദ്യം നടത്തിയത്.മറ്റുള്ള പത്രങ്ങള്‍ക്കും ഇതേ പാത പിന്തുടരുകയല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു.

 

എന്നാൽ ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റ് എന്ന ലേബലുമായി കടന്നുവന്ന സ്ഥാപനങ്ങളില്‍ ചിലതെങ്കിലും ഈ മേഖലയെ ഗൗരവമായി പരിഗണിക്കാത്ത പാര്‍ട്ട്‌ടൈം ഹോബി സംരംഭങ്ങളായിരുന്നു.വെബ്‌സൈറ്റുകളുടെ രജിസ്‌ട്രേഷനായി ഇന്ത്യാ ഗവണ്‍മെന്റ് പ്രത്യേകമായ നിബന്ധനകളൊന്നും വച്ചിട്ടില്ല. ആ സ്ഥിതിക്ക് ഏതെങ്കിലും ഡൊമെയ്ന്‍ നെയിം റീസെല്ലറുടെ അടുത്തുനിന്ന് അഞ്ഞൂറു രൂപയ്ക്കടുത്ത് മുടക്കി ഒരു വര്‍ഷത്തേക്ക് ഒരു ഡൊമെയ്ന്‍ നെയിം രജിസ്റ്റര്‍ ചെയ്യുക അത്ര പ്രയാസമുള്ള കാര്യമല്ല.അതേ പോലെ തന്നെ ഷെയേഡ് ഹോസ്റ്റിങ് എന്ന ഓപ്ഷന്‍ ഉള്ളതിനാല്‍ വളരെ ചെറിയ വാടകയ്ക്ക് ഒരു വര്‍ഷത്തേക്ക് സര്‍വര്‍ സ്‌പെയ്‌സും സംഘടിപ്പിക്കാം. ഇതുരണ്ടും ചെയ്തുകഴിഞ്ഞാല്‍ എല്ലാമായി എന്നതാണ് പലരുടെയും പൊതുധാരണ. ഏതെങ്കിലും പിഎച്ച്പി ഡവലപ്പറെ വച്ചോ വേഡ്പ്രസ് പോലെയുള്ള ഓപ്പണ്‍സോഴ്‌സ് സി.എം.എസുകളുപയോഗിച്ചോ ഒരു വെബ് ഇന്റര്‍ഫേസ് തട്ടിക്കൂട്ടി അതുമായി പരസ്യക്കാരെ സമീപിക്കുന്ന പ്രവണതയും അടുത്ത കാലത്ത് വളരെ കൂടിയിരിക്കുന്നു.ഇത് ഓൺലൈൻ വാർത്താ പോർട്ടലുകളുടെ വിശ്വാസത്യയ്ക്ക് മങ്ങലേൽപ്പിക്കുന്നു.

 

ഇന്നിപ്പോള്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കുള്ള സര്‍ക്കാര്‍ അംഗീകാരം വാങ്ങാനുള്ള ശ്രമത്തിന്റെ മുമ്പന്തിയിൽ ഇവരെല്ലാമുണ്ട്.മറ്റൊരു കാര്യമുള്ളത്, ഒരേ മുറിക്കുള്ളില്‍ നിന്നുതന്നെ ഒന്നിലേറെ പോര്‍ട്ടലുകള്‍ റണ്‍ ചെയ്യുകയും ഓരോന്നിനും വെവ്വേറെ സര്‍ക്കാര്‍ പരസ്യം സംഘടിപ്പിക്കുകയും ചെയ്യുന്ന പരിപാടിയാണ്.

 

 

 

പരസ്യങ്ങള്‍ക്കായി വെബ് പോര്‍ട്ടലുകള്‍ കൂട്ടത്തോടെ പിആര്‍ഡിയെ സമീപിക്കുകയും ഇപ്പോള്‍ കെയ്‌സ് ടു കെയ്‌സ് ബേസിസില്‍ പി.ആര്‍.ഡി അവയ്ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനായി സര്‍വസമ്മതമായ മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ടോ എന്നു വ്യക്തമല്ല.പലപ്പോഴും സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിലൂടെ റീഡര്‍ഷിപ്പ് പെരുപ്പിച്ചുകാട്ടാന്‍ കഴിയുമെന്നത് കൃത്യമായി ഈ വെബ്‌സൈറ്റുകളുടെ പോപ്പുലാരിറ്റി അളക്കുന്നതും തടസ്സമാണ്.

 

Back to top button
error: