KeralaNEWS

പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി വാർത്തകളിൽ ഇടംപിടിച്ച നന്മമരം, ജയ്സൺ താനൂർ ഭീക്ഷണിപ്പെടുത്തി പണം തട്ടി എടുത്ത കേസിൽ പൊലീസ് പിടിയിൽ

താനൂർ: പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി നൽകി കേരളമാകെ നന്മമരം എന്നു വാഴ്ത്തിയ പരപ്പനങ്ങാടി സ്വദേശി ജയ്സൺ താനൂരിനെ (37) ഭീക്ഷണിപ്പെടുത്തി പണം തട്ടി എടുത്ത കേസിൽ പൊലീസ് പിടികൂടി. താനൂർ ഒട്ടുപ്പുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്നു പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്. 2021 ഏപ്രിൽ 15 ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ ഇരിക്കുകയായിരുന്ന സ്ത്രീയെയും പുരുഷനെയും സമീപിച്ച് ചിത്രങ്ങളെടുക്കുകയും ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം കൊടുത്തില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. കയ്യിൽ പണമില്ലെന്ന് പറഞ്ഞെങ്കിലും ഇയാൾ പിൻവാങ്ങാൻ കൂട്ടാക്കിയില്ല. ഭീക്ഷണി തുടരുകയും ചെയ്തു. ഒടുവിൽ സുഹൃത്തിൻ്റെ അക്കൗണ്ടിൽ നിന്നും ഗൂഗിൾ പെ വഴി  5000 രൂപ കൈപ്പറ്റിയ ശേഷമാണ് ജയ്സൺ ഇവരെ പോകാൻ അനുവദിച്ചത്.

തുടർന്ന് ഭീഷണിക്ക് ഇരയായ വ്യക്തി നൽകിയ പരാതിയെ തുടർന്ന് താനൂർ പോലീസ് കേസ് എടുത്തു. സംഗതി രൂക്ഷമായതോടെ പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കാര്യങ്ങൾ കെട്ടടങ്ങി എന്ന ധാരണയിൽ ബുധനാഴ്ച ജയ്സൺ നാട്ടിലെത്തി. താനൂർ റെയിൽവേ പരിസരത്ത് നിന്നാണ് സി.ഐ ജീവൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ പിടികൂടിയത്.
മുസ് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.

Back to top button
error: