CrimeNEWS

മധ്യപ്രദേശിൽ പശുവിനെ കൊന്നെന്ന് ആരോപണം; 2 ഗോത്രവർഗക്കാരെ 20 പേർ അടിച്ചുകൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് രണ്ട് ഗോത്രവർഗക്കാരെ 20 പേർ ചേർന്ന് അടിച്ചുകൊന്നു. സമ്പത്ത് ബട്ടി, ധന്‌സ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരുക്കേറ്റു. പശുവിനെ കൊന്നുവെന്നാരോപിച്ച് 20 പേരടങ്ങുന്ന സംഘം ഗോത്രവർഗക്കാരുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായി മർദനമേറ്റ ഇരുവരും ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്.

20 പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സിയോനി പൊലീസ് മേധാവിയും മറ്റു ഉദ്യോഗസ്ഥരും കൊലപ്പെട്ടവരുടെ വീട് സന്ദർശിച്ചു. പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസ് റജിസ്റ്റർ ചെയ്തതായും ഇവർക്കായി തിരച്ചിൽ നടത്തുന്നതായും പൊലീസ് പറഞ്ഞു. കൊലപ്പെട്ടവരുടെ വീട്ടിൽ‌നിന്ന് 12 കിലോയോളം ഇറച്ചി കണ്ടെടുത്തു. പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ അർജുൻ സിങ് കക്കോഡിയ ജബൽപുർ-നാഗ്പുർ ഹൈവേയിൽ പ്രതിഷേധിച്ചു.

Signature-ad

സംഭവവുമായി ബജ്റങ്ദളിന് ബന്ധമുണ്ടെന്ന് ചില പ്രദേശവാസികൾ അവകാശപ്പെടുന്നുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് പറഞ്ഞു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ആദിവാസികൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് മധ്യപ്രദേശിലാണെന്നും കമൽനാഥ് ചൂണ്ടിക്കാട്ടി.

Back to top button
error: