NEWS

കെഎഫ്എ ഉപേക്ഷിച്ച സന്തോഷ് ട്രോഫിയെ ഏറ്റെടുത്ത് കേരളത്തിന്റെ ലോകകപ്പ് ആക്കിയ സർക്കാർ; ആരും കൈയ്യടിച്ച് പോകുന്ന സംഘാടന മികവ്

ന്തോഷ് ട്രോഫിക്ക് ഇന്നലെ മഞ്ചേരി സ്റ്റേഡിയത്തിൽ ഫൈനൽ വിസിൽ ഉയർന്നപ്പോൾ ആദ്യം കൈയ്യടിക്കേണ്ടത് ജേതാക്കളായ കേരള ടീമിനായിരുന്നില്ല,സംഘാടകർക്കായിരുന്നു.പ്രത്യേകിച്ചാ കായിക മന്ത്രിയായ അബ്ദുൽ റഹ്മാന്.നഷ്ടക്കണക്കിന്റെയും കോവിഡിനെയും മറനിർത്തി കേരള ഫുട്ബോൾ അസോസിയേഷൻ മുഖം തിരിച്ച സന്തോഷ് ട്രോഫി അബ്ദുൽ റഹ്മാന്റെ ഒറ്റ പിടിവാശിയിലായിരുന്നു കേരളത്തിലെത്തിയത്.ഒടുവിൽ കേരളം കണ്ട ഏറ്റവും മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി അത് മാറി.ഫുട്ബോളിനെ എന്തിനു മുകളിലും സ്നേഹിക്കുന്ന മലപ്പുറത്തെ ആരാധകരും സംഘാടകർക്കൊപ്പം കയ്യടി അര്‍ഹിക്കുന്നു.

Signature-ad

 

കേരള ഫുട്ബോള്‍ അസോസിയേഷന്‍ എതിരായി നിന്നപ്പോളാണ് കേരള ഗവണ്‍മെന്റ് ഒറ്റയ്ക്ക് നിന്ന് ഈ ടൂര്‍ണമെന്റ് ഏറ്റെടുത്തതും വലിയ വിജയമാക്കിയതും. ജീവനില്ലാതെ കിടന്ന ഒരുപാട് മൈതാനങ്ങള്‍ക്ക് ജീവശ്വാസമായും ഈ ടൂര്‍ണമെന്റ് മാറി. അത്രക്ക്‌ ഗംഭീരമായിട്ടാണ് സര്‍ക്കാര്‍ ഈ ടൂര്‍ണമെന്‍റ് നടത്തിയത്. ഈ അടുത്തകാലത്തൊന്നും ഇന്ത്യയില്‍ ഇങ്ങനെ ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് നടന്നിട്ടില്ല എന്നും പറയാം. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ആയിരുന്നു എല്ലാത്തിനും മുന്നില്‍ ഉണ്ടായിരുന്നത്.

കായിക കേരളം ഫുട്ബോളിന്റെ കാര്യത്തിലെങ്കിലും പഴയ കാലത്തേക്ക് മടങ്ങുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്.ഐ ലീഗ് എടുക്കാം. ആരാണ് ചാമ്ബ്യന്മാര്‍. ഗോകുലം കേരളം. ആരാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാമത്. അതും കേരളത്തിന്റെ ഗോകുലം കേരള തന്നെ. ഇന്ത്യന്‍ വനിതാ ലീഗിലും ഗോകുലം തന്നെ നിലവിലെ ചാമ്ബ്യന്‍സും നിലവില്‍ ലീഗില്‍ ഒന്നാമത് ഉള്ളതും.

ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ ഫോഴ്സായി വളരുന്നത് കഴിഞ്ഞ സീസണില്‍ നാം കണ്ടു.അവിടെ റണ്ണേഴ്സ് അപ്പാണ് നമ്മൾ.ഇനി കെ പി എല്‍ എടുത്താല്‍ 22 ക്ലബുകളാണ് ഇത്തവണ ഏറ്റുമുട്ടിയത്.ഇന്ത്യയില്‍ വേറെ ഒരു സംസ്ഥാനത്തിനും ചിന്തിക്കാന്‍ ആകാത്തത്ര മികച്ച സ്റ്റേറ്റ് ലീഗ്.മൂന്നാമത് ഒരു ക്ലബ് ദേശീയ ലീഗിലേക്ക് കേരളത്തില്‍ നിന്ന് എത്തുന്ന കാലം വിദൂരമല്ല എന്ന സൂചനകള്‍ ആണ് കെ പി എല്ലും ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ഒരുപാട് പ്രൊഫഷണല്‍ ക്ലബുകളും നല്‍കുന്നത്.

വനിതാ ലീഗും കേരളം നടത്തി തുടങ്ങി എന്നതും ശുഭ സൂചന തന്നെ. എല്ലാത്തിനും അപ്പുറം കേരളത്തില്‍ ഫുട്ബോളിന് ലഭിക്കുന്ന പിന്തുണ തന്നെ നോക്കാം. ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളുടെ സ്ക്രീനിങിന് കണ്ട ജനം വേറെ എത് നാടിനാണ് സ്വപനം കാണാൻ സാധിക്കുക?.ജീവനില്ലാതെ പോന്നിരുന്ന സന്തോഷ് ട്രോഫിക്കായി ഗ്യാലറി നിറക്കാനും നമ്മുക്ക് മാത്രമെ ആവുകയുള്ളൂ.അതെ കേരള ഫുട്ബോള്‍ ഇപ്പോള്‍ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവില്‍ തന്നെയാണ്.

1973-ലാണ് കേരളം ആദ്യം സന്തോഷ് ട്രോഫി നേടുന്നത്.പിന്നീട് ഒരു കിരീടം കേരളത്തിലേക്ക് വരുന്നത് 1990-ൽ മാത്രം .കേരള പോലീസിന്റെ ഫെഡറേഷൻ കപ്പ് വിജയം.1984-ലാണ് കേരള പൊലീസിന്റെ ഫുട്ബോൾ ക്ലബ് രൂപീകരണം എന്നോർക്കണം.അതിന്റെ അടുത്ത വർഷവും കേരള പോലീസ് ഫെഡറേഷനൻ കപ്പ് ചാമ്പ്യൻമാരായി.92-ലും 93-ലും കേരളം സന്തോഷ് ട്രോഫി ജേതാക്കളായി.

കേരള പോലീസ് ആദ്യമായി ഫെഡറേഷൻ കപ്പ് വിജയിക്കുമ്പോൾ ഐഎം വിജയന് 19 വയസ്സ്. പരിശീലകൻ ചാലക്കുടിക്കാരൻ ചാത്തുണ്ണി. ഫൈനലിൽ എതിരാളികൾ പോർട്ടുഗീസ് പാരമ്പര്യമുള്ള സാൽഗോക്കർ ഗോവ. സമർത്ഥനായ ബ്രൂണോ കൂടീനോ മുൻനിര നയിക്കുന്നു. ഗോവൻ ടീമിനെ രണ്ടു ഗോളിന് തോൽപ്പിച്ച് കേരള പൊലീസ് പുതിയ ചരിത്രമെഴുതി. ഒരു ഡിപ്പാർട്ട്‌മെന്റ് ടീം നേടിയ വിജയം സംസ്ഥാനം മുഴുവൻ ഏറ്റെടുത്തു. കളികഴിഞ്ഞുള്ള മേളപ്പെരുക്കത്തിൽ തൃശ്ശൂർ റൗണ്ടിൽ ജനം നിറഞ്ഞൊഴുകി. വടക്കൻ- തെക്കൻ ഫുട്‌ബോൾ ആരാധകർ നാട്ടുകാരോട് ചേർന്നപ്പോൾ തൃശ്ശൂർ പൂരം പോലെ. ഘോഷയാത്ര നടുവിലാൽ കവലയിൽ എത്തുമ്പോൾ, ഒരു ഫുട്‌ബോൾ പ്രേമി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. അതുകണ്ട പോലീസ് ടീം ക്യാപ്റ്റൻ കുരികേശ് മാത്യുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അതെ തങ്കമണി സംഭവം ഉൾപ്പടെ നിരവധി കാരണങ്ങളാൽ പൊതുജനം കാർക്കിച്ചു തുപ്പിയിരുന്ന പോലീസിനെ ഫുട്ബോൾ ചേർത്ത് പിടിപ്പിക്കുകയായിരുന്നു.
 ആതിഥേയർ എന്ന നിലയിൽ കളിക്കാൻ അവസരം ലഭിച്ച പൊലീസുകാർക്ക് ടൂർണമെന്റിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ആസ്വദിച്ചു കളിക്കുക എന്ന ലക്ഷ്യം മാത്രം. പക്ഷേ കളി പുരോഗമിച്ചപ്പോൾ അവർ കേറിയങ്ങ് കൊളുത്തി. മുനിസിപ്പൽ സ്റ്റേഡിയത്തിലെ ചൂളമര ഗാലറിയിൽ ആറാടിയ തൃശൂർക്കാരും മലബാറുകാരും ടീമിന് മുന്നോട്ടു കുതിക്കാനുള്ള വെടിമരുന്ന് ഇട്ടുകൊടുത്തു. കലാശക്കൊട്ടിന്  തലേന്ന് 24-കാരൻ സ്ട്രൈക്കർ പാപ്പച്ചൻ ഇതാദ്യമായി സമ്മർദ്ദം എന്തെന്നറിഞ്ഞു.അത്രയേറെ പ്രതീക്ഷയാണ് അവരിൽ അർപ്പിക്കപ്പെട്ടിരിക്കുന്നത്.പിറ്റേന്ന് കളത്തിലിറങ്ങി പന്ത് കാലിലെത്തിയപ്പോൾ അയാൾ അതെല്ലാം മറന്നു.ആവേശം ആകാശത്തോളം ഉയർന്നു പൊങ്ങിയ മത്സരത്തിൽ
പാപ്പച്ചൻ രണ്ടു ഗോളടിച്ച് പൊലീസിനെ
ചുമലിലേറ്റി. വല കുലുങ്ങിയപ്പോൾ സമയം നിശ്ചലമായെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
ഏതാനും നിമിഷത്തിനു ശേഷം സുബോധം
തിരിച്ചു വരുമ്പോൾ കാതടപ്പിക്കുന്ന ആരവം മാത്രം.കാണികളുടെ
ആവേശത്താൽ ഇലഞ്ഞിത്തറയിലെ ആൽമരങ്ങൾ പോലും വിറച്ചിരിക്കണം.
അടുത്ത വർഷം കണ്ണൂരിൽ കേരള പോലീസ് കിരീടം നിലനിർത്തി, ലിസ്റ്റൺ എന്നു പേരുള്ള
പുതിയൊരു താരം പിറന്നു.കെ ടി ചാക്കോ ആയിരുന്നു ക്യാപ്റ്റൻ. ഫൈനലിൽ തോൽപ്പിച്ചത് ഗോഡ്ഫ്രെ പെരേരയുടെ മുംബൈ ക്ളബ്ബ് മഹീന്ദ്രയെ.പോലീസ് ടീമിന്റെ ഫോം മറ്റുള്ള കേരള ക്ലബുകളെയും പ്രചോദിപ്പിച്ചു. ടൈറ്റാനിയവും കെൽട്രോണും കെസ്ഇബിയും സെൻട്രൽ എക്‌സൈസും തകർപ്പൻ ഫോമിലായി.
അത് കേരള ടീമിനെ സഹായിച്ചു. ദേശീയ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ തുടർച്ചയായി നാല് ഫൈനലിൽ തോറ്റ ടീം ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് ജേതാക്കളായി (1992).
പത്തൊമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, കോയമ്പത്തൂരിൽ ക്യാപ്റ്റൻ വി പി സത്യൻ കിരീടമുയർത്തി.
അടുത്ത വർഷം എറണാകുളം സന്തോഷ് ട്രോഫിക്ക് വേദിയായപ്പോൾ കേരളം വീണ്ടും ഫൈനലിൽ, എതിരാളികൾ മഹാരാഷ്ട്ര. സുരക്ഷിത കരങ്ങളോടെ കേരള ഗോളി ചാക്കോ. പ്രതിരോധത്തിൽ പൊലീസിന്റെ സത്യനും ഷറഫലിയും കുരികേശ് മാത്യുവും, ടൈറ്റാനിയത്തിന്റെ മാത്യു വർഗീസും കോട്ട കെട്ടുന്നു. മധ്യനിരയിൽ പോലീസിന്റെ തോബിയാസും കെൽട്രോണിന്റെ അജിത് കുമാറും. മുൻനിരയിൽ പാപ്പച്ചനും വിജയനും ടൈറ്റാനിയത്തിന്റെ അഷീമും സെൻട്രൽ എക്‌സൈസിന്റെ ഹർഷനും. ആക്രമണ വിന്യാസം 4-2-4. 1970-ലെ ലോകകപ്പിൽ പെലെയുടെ ബ്രസീൽ കളിച്ചു കപ്പെടുത്ത അതേ ഫോർമേഷൻ. കോച്ച് ടി എ ജാഫർ,
1973-ലെ സന്തോഷ് ട്രോഫി വിജയത്തിൽ
കേരളത്തിന്റെ വൈസ് ക്യാപ്റ്റൻ.
മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ചൂളമര ഗാലറി നിറഞ്ഞു കവിഞ്ഞ ജനം മൈതാനത്തിന് തൊട്ടരികിൽ വരെ വന്നിരിക്കുന്നു.ത്രോ എടുക്കാൻ പോലും ബുദ്ധിമുട്ട്.പലർക്കും സ്റ്റേഡിയത്തിലേക്ക് കടക്കാൻ കൂടി കഴിഞ്ഞില്ല.എണ്ണം പറഞ്ഞ കമന്റേറ്റർമാരുടെ വിവരണത്തിനൊത്ത് ഭാവനയിൽ അവർ കളി മെനഞ്ഞു.(എറണാകുളം നെഹ്റു സ്റ്റേഡിയത്തിന്റെ പിറവിക്ക് കാരണം ഈ ജനക്കൂട്ടമായിരുന്നു)   ഇടവേളയ്ക്ക് മുമ്പ് അജിത് കുമാർ മഹാരാഷ്ട്രയുടെ വലയിൽ ആദ്യമായി നിറയൊഴിച്ചു. രണ്ടാം പകുതിയുടെ അന്ത്യമായപ്പോൾ പ്ളേമേക്കർ പാപ്പച്ചന്റെ കാലിൽ പന്ത്. ഫുട്‌ബോൾ പ്രേമികളെ ത്രസിപ്പിച്ച നിമിഷം! ഇടതു വിംഗിൽ എതിരാളിയുടെ ബോക്സിനു പുറത്ത് നിന്ന്, ഉയരം കൂടിയ രണ്ട് പ്രതിരോധ ഭടന്മാരുടെ വലതു കാലിനും ഇടതു കാലിനും ഇടയിലൂടെ പന്ത് കോരിയിട്ട് പിന്നാലെ ചാടി, എതിർക്കാൻ വന്ന മറ്റൊരാളെ വെട്ടിയൊഴിഞ്ഞ്, ഗോളിയേയും മറികടന്ന് പോസ്റ്റിന്റെ വലതു മച്ചിൽ പാപ്പച്ചൻ പന്ത് അടിച്ചു കയറ്റി.മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മാത്രമല്ല കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ അതിന്റെ ആരവം ഉയർന്നു.
വിജയം ഉറപ്പിച്ച ശേഷം വിജയൻ ഉൾപ്പെടെ പലരും കേരളം വിട്ട് ബംഗാൾ ക്ലബുകളിലേക്ക് ചേക്കേറി. തൃശ്ശൂർ മുനിസിപ്പൽ മൈതാനത്തിന്റെ പരിസരത്തു നിന്നും ഡിജിപി കെ എം ജോസഫ് കണ്ടത്തിയതാണ് വിജയൻ എന്ന കറുത്ത മുത്തിനെ. വിശപ്പ് മാറ്റാൻ കളി തുടങ്ങിയ അയാളുടെ ഗോളിനോടുള്ള വിശപ്പ് ഒരിക്കലും അടങ്ങിയില്ല. 1993-ലെ സന്തോഷ് ട്രോഫിക്ക് തൊട്ടു മുൻപ് അസിസ്റ്റന്റ് സബ് ഇൻസ്‌പക്ടറായിരുന്ന വിജയനെ മുഖ്യമന്ത്രി കരുണാകരൻ മുൻകൈയെടുത്ത് ടൂർണമെന്റിനിടയിൽ സബ് ഇൻസ്‌പെക്ടറായും, കിരീടം നേടിയപ്പോൾ സർക്കിളായും സ്ഥാനക്കയറ്റം നൽകി.കേരള പോലീസിന്റെ ചരിത്രത്തിൽ അതിനു മുമ്പോ പിമ്പോ, രണ്ടാഴ്ചക്കിടയിൽ അങ്ങനെ ഡബിൾ പ്രൊമോഷൻ നടന്നിട്ടുണ്ടോ എന്നറിയില്ല. പക്ഷേ വിജയനെ തടയാൻ അതു
പോരായിരുന്നു, മോഹൻ ബഗാന്റെ ലക്ഷങ്ങൾ
വിലപിടിപ്പുള്ള വാഗ്ദാനത്തിൽ വിജയൻ വീണു.
വീണെന്ന് മാധ്യമങ്ങൾ എഴുതിയതാണ്.സത്യത്തിൽ അയാൾ
വീണതല്ല, ഉയർന്നതാണ്.
കൽക്കട്ടയിലെ കളിയാണ് അയാൾക്ക് പൂർണത നൽകിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ. വംഗദേശത്തെ മൈതാനങ്ങളിൽ മാനിനെ പോലെ പാഞ്ഞ അയാൾ ആ നാട്ടുകാരുടെ മനം കവർന്ന് കാലാഹിരൺ (കറുത്ത മാൻ) ആയി.
 ജോലിസ്ഥിരതക്ക് മുൻതൂക്കം നൽകിയ പാപ്പച്ചൻ പൊലീസിൽ തുടർന്നു. വിജയനു തുല്യം പ്രതിഭയുണ്ടായിരുന്ന അയാളെ സുരക്ഷിത തീരം പരിമിതപ്പെടുത്തി. സത്യനും ഷറഫലിയും ബംഗാളിൽ ചേക്കേറി. ഇന്ത്യൻ ടീമിൽ അവരോടൊപ്പം പാപ്പച്ചനും ചേർന്നു. തിരുവനന്തപുരം നെഹ്‌റു കപ്പിൽ മുൻ ലോകകപ്പ് റണ്ണറപ്പായ ഹംഗറിക്കെതിരെ, മൂന്ന് ഡിഫൻഡർമാരെ വെട്ടിച്ചു കയറി പാപ്പച്ചൻ ഗോളടിച്ചു.ഏതാണ്ട് മുപ്പത് വർഷത്തിനിടയിൽ ഇന്ത്യ എതിരാളികൾക്കെതിരെ നേടുന്ന  ഗോൾ!
 ഹിന്ദി കമന്റേറ്റർ ആവേശം മൂത്ത് ‘പപ്പാച്ചൻ’ എന്നാണ് വിളിച്ചു കൂവിയത് ആരും മറന്നു കാണത്തില്ല.
ഹംഗറിയും, CCCP എന്നെഴുതിയ ജഴ്സി ധരിച്ച സോവിയറ്റ് യൂണിയനും (USSR), പോളണ്ടും റൂമേനിയയും എല്ലാം കേരളത്തിൽ വന്നു കളിച്ചു.
സേട്ട് നാഗ്ജി ഉൾപ്പെടെ കേരളത്തിൽ ഉടനീളം ക്ളബ്ബ് ടൂർണമെന്റുണ്ടായിരുന്നു, മലബാറിൽ ഇടമുറിയാതെ സെവൻസും.
ക്രമേണ കേരള ടീമിന്റെ പൊലീസ് ന്യൂക്ളിയസ്
നിർവീര്യമായി. ലീവെടുത്ത പാപ്പച്ചൻ
ഹ്രസ്വകാലം FC കൊച്ചിൻ ഉൾപ്പെടെ മറ്റു
ക്ളബ്ബുകൾക്കു വേണ്ടി ഇറങ്ങി. കരിയറിന്റെ
അവസാന ദിനങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റനുമായി.ശ്രീലങ്കയിൽ വച്ച് നടന്ന ബ്രിസ്റ്റോൾ കപ്പ് പാപ്പച്ചന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ജേതാക്കളായി. കേരള പോലീസ് അക്കാദമിയില്‍ കമാന്‍ഡന്റായ അദ്ദേഹം കഴിഞ്ഞ മേയ് 31-നാണ് റിട്ടയറായത്.
വർഷങ്ങൾക്ക് ശേഷം വിജയനും ഫറഫലിയും പോലീസിലേക്ക് മടങ്ങി ഒരു വൃത്തം പൂർത്തിയാക്കി. സത്യൻ മദ്രാസിലെ ഇന്ത്യൻ ബാങ്കിന്റെ കളിക്കാരനും പരിശീലകനുമായി. മൈതാനത്തെ കരുത്തന് പക്ഷേ ജീവിതമെന്ന കളിയിലെ ചുഴികൾ വഴങ്ങാതെ പോയി.മരണം അയാളെ ഒരു റയിൽവെ പാളത്തിലിട്ട് വിഴുങ്ങി. പക്ഷേ ഓർമയുടെ കാൽപ്പന്താരവത്തിൽ അയാളെന്നും ഒരു ജേതാവ് തന്നെയാണ്.
 മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായിക രംഗത്തും കേരളം ഇന്ത്യയിൽ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമായിരുന്നു.ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ  കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു പിടിച്ചവരാണ്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.കൊയ്ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതിൽ ഉൾപ്പെടും.

.കേരള പൊലീസ് എന്നു കേൾക്കുമ്പോൾ കാക്കിക്കും ലാത്തിക്കും പകരം മനസ്സിലേക്ക് ഒരു ഫുട്ബോൾ ഉരുണ്ട് വരാറില്ലേ.അതിനു കാരണക്കാർ ഇവരാണ് – കുരികേശ് മാത്യു, വി.പി.സത്യൻ, കെ.ടി.ചാക്കോ, സി.വി.പാപ്പച്ചൻ, യു. ഷറഫലി, ഐ.എം.വിജയൻ, അലക്സ് ഏബ്രഹാം, .പി.തോബിയാസ്, ഹബീബ് റഹ്മാൻ, സി.എ.ലിസ്റ്റൻ, എം.പി.കലാധരൻ, എ.സക്കീർ, പി.എ.സന്തോഷ്, ജാബിർ… എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.

തങ്കമണി കേസൊക്കെ രൂക്ഷമായി നിൽക്കുന്ന സമയമായിരുന്നു അത്.അതുകൊണ്ടുതന്നെ ജനങ്ങൾക്കു പൊലീസെന്നു കേട്ടാൽ അത് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും പര്യായമായിരുന്നു.അപ്പോഴായിരുന്നൂ കേരള പൊലീസിന്റെ ഫുട്ബോൾ രംഗത്തേക്കുള്ള പ്രവേശനം.പോലീസിന്റെ ഫെഡറേഷൻ കപ്പ് വിജയത്തോടെയാണ്  ജനങ്ങൾക്ക് പോലീസിനോടുള്ള സമീപനത്തിൽ ഒരു മാറ്റമുണ്ടായത്.

ഡിജിപി: എം.കെ. ജോസഫ് , ഐജി: ഗോപിനാഥൻ, ഡിഐജി: മധുസൂദനൻ , പിന്നെ  പൊലീസ് ടീമിന്റെ എല്ലാമായ അബ്ദുൽ കരീം …ഇവർ മുൻകൈയെടുത്തായിരുന്നു 1984ൽ കേരള പോലീസ് ഫുട്ബോൾ ടീമിന്റെ രൂപീകരണം.പ്രതികൾക്ക് പകരം പ്രതിഭകളെ തേടി കേരള പോലീസ് ടീം നാട് നാടാന്തരം, വീട് വീടാന്തരം കയറിയിറങ്ങിയ കാലമായിരുന്നു അത്. കരീം  ഓരോ കളിക്കാരനെയും വീടുകളിൽ ചെന്ന് തേടിപ്പിടിച്ച് ടീം ഉണ്ടാക്കുകയായിരുന്നു.അതേപോലെ കോച്ച് ചാത്തുണ്ണി,ശ്രീധരൻ.. തുടങ്ങിയവരുടെ പങ്കും ഇവിടെ വിസ്മരിക്കാനാവില്ല.

ആദ്യ ഫെഡറേഷൻ കപ്പ് വിജയത്തെപ്പറ്റി ഷറഫലി തന്നെ പറയുന്നത് കേൾക്കൂ: “വിജയഗോൾ ഞാനൊരിക്കലും മറക്കില്ല. നമ്മുടെ പോസ്റ്റിൽനിന്നു ചാക്കോ എനിക്കു പന്തു നൽകി.ഞാനും തോബിയാസും അത് സാൽഗോക്കർ ബോക്സിന് അടുത്തെത്തിച്ചു.പന്ത് ഞാൻ വിജയനു നൽകി. വിജയൻ തിരിച്ചു നൽകിയ പന്ത് ഒരു ചിപ്പിങ് ക്രോസിലൂടെ, ഓടിയെത്തിയ പാപ്പച്ചനു ഞാൻ നൽകി.പാപ്പച്ചന്റെ കിടിലൻ ഹെഡർ! വീണു കിടന്ന ഞാൻ …തലയുയർത്തിയപ്പോഴതാ ഗാലറി ഇളകി മറിയുന്നു……!!!”

1990 ഏപ്രിൽ 29നു തൃശൂരിൽ സാൽഗോക്കർ ഗോവയെ 2–1നു കീഴടക്കിയാണു പൊലീസിന്റെ ആദ്യ ഫെഡറേഷൻ കപ്പ് വിജയം.കേരള ഫുട്ബോളിനു രാജ്യത്തു തന്നെ മേൽവിലാസം നൽകിയത് പോലീസിന്റെ ആ വിജയമായിരുന്നു.

 

ചിറകുവച്ച ചാക്കോ,പറപ്പൂരുകാരൻ പാപ്പച്ചൻ നീണാൾ വാഴട്ടെ…ഇതൊക്കെയായിരുന്നു അന്നത്തെ കാലത്തെ പത്രങ്ങളുടെ മാസ്സ് ഹെഡ്ഡിംഗ്.മലയാളിയെ ഇന്നുകാണുന്ന കാൽപന്ത് കളിയുടെ ആരവങ്ങളിലേക്കെത്തിച്ചതിൽ കേരള പോലീസിനോളം പങ്ക് മറ്റൊരു ടീമിനുമില്ല എന്നതാണ് വാസ്തവം.ഇതിൽ സത്യനും ലിസ്റ്റനും സി.ജാബിറും മരിച്ചുപോയവരുടെ  കൂട്ടത്തിലുള്ളവരാണെങ്കിൽ മറ്റുള്ളവരൊക്കെ ജീവിച്ചിരിക്കെ തന്നെ വിസ്മൃതിയിലായവരുടെ കൂട്ടത്തിലുമുള്ളതാണ്.

Back to top button
error: