NEWS

കലാശപ്പോരിനൊരുങ്ങി കേരളം; സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന് 

മഞ്ചേരി: ഇന്ന് സന്തോഷ് ട്രോഫിയില്‍ കലാശപ്പോര്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വൈകിട്ട് എട്ടിന് നടക്കുന്ന ഫൈനലില്‍  ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്. 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍.കേരളത്തിന്റെ 15-ാം ഫൈനലാണിത്.മറുവശത്ത് ബംഗാള്‍ നേട്ടങ്ങളില്‍ ബഹുദൂരം മുന്നിലാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവര്‍ ജേതാക്കളുമായി.
സന്തോഷ് ട്രോഫിയില്‍ കേരളം ആദ്യമായി തൊടുന്നത് 1973ല്‍. ഒളിംപ്യന്‍ സൈമണ്‍ സുന്ദര്‍രാജിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ കേരളം ഫൈനലില്‍ തോല്‍പിച്ചത് റെയില്‍വയെ. ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക് കരുത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊച്ചിയില്‍ കേരളത്തിന്റെ കന്നിക്കിരീടം.

 

രണ്ടാം കിരീടത്തിനായി കേരളത്തിന് 1992വരെ കാത്തിരിക്കേണ്ടിവന്നു. വി പി സത്യന്‍ നയിച്ച കേരളം ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഗോവയെ തോല്‍പിച്ചു. 73ലെ വൈസ് ക്യാപ്റ്റനായിരുന്ന ടി എ ജാഫറായിരുന്നു കോച്ച്‌. 93ല്‍ കൊച്ചിയില്‍ ജാഫറും കേരളവും കിരീടം നിലനിര്‍ത്തി. കുരികേശ് മാത്യു നയിച്ച ടീം ഫൈനലില്‍ മഹാരാഷ്ട്രയെ വീഴ്ത്തിയത് മറുപടിയില്ലാത്ത രണ്ടുഗോളിന്. നാലാം കിരീടം 2001ലെ മുംബൈ സന്തോഷ് ട്രോഫിയില്‍. വി ശിവകുമാര്‍ നയിച്ച കേരളം ഫൈനലില്‍ ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. എം പീതാംബരനായിരുന്നു കോച്ച്‌.

Signature-ad

 

2004ല്‍ എം പീതാംബരന്റെ ശിക്ഷണത്തില്‍ ഡല്‍ഹിയില്‍ കേരളം കിരീടനേട്ടം ആവര്‍ത്തിച്ചു. നായകന്‍ ഇഗ്‌നേഷ്യസ് സില്‍വസ്റ്ററിന്റെ ഗോള്‍ഡണ്‍ ഗോളില്‍ കേരളം കിരീടപ്പോരാട്ടത്തില്‍ മറികടന്നത് പഞ്ചാബിനെ. ഒരിക്കല്‍ക്കൂടി സന്തോഷ് ട്രോഫി നാട്ടിലേക്ക് എത്തിക്കാന്‍ പതിനാല് കേരളത്തിന് കൊല്ലം കാത്തിരിക്കേണ്ടിവന്നു. 2018ല്‍ കൊല്‍ക്കത്തയില്‍ കാത്തിരിപ്പിന് അന്ത്യം കുറിച്ച്‌ രാഹുല്‍ വി രാജും സംഘവും.

 

എന്നാൽ ഇത്തവണ കാര്യങ്ങൾ കുറെക്കൂടി എളുപ്പമാണ് കേരളത്തിന്.

ഗ്രൂപ്പ് എ യില്‍ ഒന്നാംസ്ഥാനക്കാരായാണ് വരവ്.
തോല്‍വിയറിയാത്ത മുന്നേറ്റം.
മുൻപ് ഏറ്റുമുട്ടിയപ്പോൾ ബംഗാളിനെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത മികവ്.
 സെമിയില്‍ കര്‍ണാടകയെ ഏഴ് ഗോളിന് തകര്‍ത്ത വീര്യം.
ഏത് പ്രതിരോധവും തകര്‍ക്കാനുള്ള കരുത്ത്.
മുന്നേറ്റക്കാരും മധ്യനിരക്കാരും തമ്മിലുള്ള കൂട്ടായ്മ.
അസാമാന്യ വേഗം, പന്തടക്കം, നിര്‍ണായക തീരുമാനമെടുക്കാന്‍ കരുത്തുള്ള തന്ത്രശാലിയായ കോച്ച്‌.
എല്ലാത്തിനുമുപരി കാലില്‍ ഊര്‍ജം നിറയ്ക്കുന്ന ആള്‍ക്കൂട്ടാരവം.
സ്വന്തം മണ്ണില്‍ കപ്പുയര്‍ത്താന്‍ ഇതിനേക്കാള്‍ നല്ല അവസരം കിട്ടാനില്ല.
ഏഴാം സന്തോഷ് ട്രോഫി കളിക്കുന്ന ക്യാപ്റ്റന് കേരളത്തിന് ഏഴാമത് കിരീടവും നേടിക്കൊടുക്കാനാകട്ടെ.
ലോംഗ് വിസിലിനൊപ്പം മഞ്ചേരിയിൽ സന്തോഷത്തിന്റെ പുഞ്ചിരി വിടരട്ടെ.

Back to top button
error: