KeralaNEWS

‘മുരളീധരന്‍ വർഗീയതയുടെ ബ്രാൻഡ് അംബാസഡറായി’; വിഷയം പാര്‍ലമെന്‍റിലേക്ക്, ഉന്നയിക്കുമെന്ന് എ എ റഹീം എംപി

തിരുവനന്തപുരം: പി സി ജോര്‍ജ് വിഷയത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരൻ (V Muraleedharan) നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് എംപി എ എ റഹീം (A A Rahim MP). ഈ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേരള പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിന് നേരിട്ടെത്തി പിന്തുണ നൽകുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പ്രവർത്തിച്ച പൊലീസിനു മേൽ സമ്മർദ്ദം സൃഷ്ടിക്കുകയുമാണ് മുരളീധരന്‍ ചെയ്തതെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തിന്റെ മത സഹിഷ്ണുത തകർക്കാൻ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിയ്ക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കും. മതമൈത്രി തകർക്കാനും വർഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വർഗ്ഗീയ വിദ്വേഷ പ്രചരണങ്ങൾ. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു.

അദ്ദേഹം വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുന്നു. വി മുരളീധരന്റെ നടപടിയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും റഹീം പറഞ്ഞു. അതേസമയം, വി മുരളീധരനെ നിലയ്ക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആവശ്യപ്പെട്ടത്. പൊലീസ് ക്യാമ്പില്‍ കയറി കേന്ദ്രമന്ത്രി മുരളീധരൻ ആർഎസ്എസ് ക്രിമിനലിനെ പോലെ പെരുമാറി. പൊലീസ് സ്റ്റേഷനിൽ കേന്ദ്രമന്ത്രി ഓടിയെത്തി പൊലീസിനെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്.

വടിയും വാളും എടുത്ത് അക്രമം നടത്തുന്ന ക്രിമിനലിന്‍റെ സ്വഭാവമാണ് മുരളീധരന്. ക്രിസ്ത്യൻ – മുസ്ളിം ശത്രുത ഉണ്ടാക്കാൻ പി സി ജോർജ് ശ്രമിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് എ ആര്‍ ക്യാമ്പിലെത്തിച്ച പി സി ജോര്‍ജിനെ സന്ദര്‍ശിക്കാനാണ് രാവിലെ കേന്ദ്രമന്ത്രി വി മുരളീധരന്‍ എത്തിയത്. എന്നാല്‍ പൊലീസ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.

അതേസമയം കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.

പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ് മുൻ എംഎൽഎ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. ജോർജിന്‍റെ പ്രസംഗത്തിലെ പരമാർശങ്ങൾക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയിരുന്നു.

Back to top button
error: