KeralaNEWS

പി.സി. ജോർജ് അറസ്റ്റ് ചോദിച്ച് വാങ്ങിയതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പി സി ജോർജ് ചോദിച്ച് വാങ്ങിയതാണ് അറസ്റ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി സി ജോർജ് നടത്തിയ പ്രസംഗം പൊതുസമൂഹം അവജ്ഞയോടെ തളളിക്കളയുമെന്നും രമേശ് ചെന്നിത്തലപ്രസ്താവനയില്‍ പറഞ്ഞു.

മതമൈത്രിക്ക് പേര് കേട്ട നാടാണ് കേരളം. പരസ്പര സ്നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും പരസ്പര സഹകരണത്തോടെയുമാണ് എല്ലാ മത വിഭാഗങ്ങളിൽപ്പെട്ടവരും ഇവിടെ കഴിയുന്നത്. ഇവിടം വർഗീയതയ്ക്ക് വളക്കൂറുള്ള മണ്ണാകാത്തതും അതുകൊണ്ടാണ്. അങ്ങനെയുള്ള കേരളത്തിൽ മതസ്പർദ്ധയുടെ വിത്തിടുന്ന തരത്തിലുള്ള ഒരു പ്രസംഗം പി സി ജോർജിനെപ്പോലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരാളിൽ നിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്നു. സംഘപരിവാർ വർഗ്ഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂ. പി സി ജോർജ് അവരുടെ കയ്യിലെ ആയുധമായത് ഖേദകരമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ് മുൻ എംഎൽഎ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. ജോർജിന്‍റെ പ്രസംഗത്തിലെ പരമാർശങ്ങൾക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രി ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ തുടർച്ചയായിരുന്നു അതിരാവിലെയുള്ള അപ്രതീക്ഷിത പൊലീസ് നീക്കം. മുൻകൂർ ജാമ്യത്തിനുള്ള അവസരം നൽകാതെ അതിവേഗം അറസ്റ്റിലേക്ക് നീങ്ങാൻ സർക്കാരില്‍ നിന്നും പൊലീസിന് നിർദ്ദേശമുണ്ടായിരുന്നു. ജോർജിനെ സ്വന്തം വാഹനത്തിൽ വരാൻ പൊലീസ് അനുവദിച്ചു. ഒപ്പം വൻ പൊലീസ് സംഘവുമുണ്ടായിരുന്നു. പത്ത് മണി കഴിഞ്ഞതോടെ ജോർജിനെ എആ‌ർ ക്യാമ്പിലെത്തിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശഷം അറസ്റ്റ് രേഖപ്പെടുത്തി. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും മനപ്പൂ‍ർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തൽ. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയു വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്.

Back to top button
error: