മലയാളികൾ ഒന്നടങ്കം കാത്തിരുന്ന സസ്പെൻസ് ത്രില്ലർ ‘സിബിഐ 5 ദ ബ്രെയിൻ’ ഒരു തുടർച്ചയാണ്. ആദ്യം ഒരു സിബിഐ ഡയറികുറിപ്പ്. 1988ലാണ് ചിത്രം പുറത്തിറങ്ങുന്നത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ… ഒരു സിനിമയുടെ 5 ഭാഗങ്ങൾ ഒരപൂർവ്വതയാണ്.
സി.ബി.ഐ ടീമിലെ രണ്ടാമനായ രഞ്ജി പണിക്കരുടെ ബാലഗോപാൽ, ഐ.പി.എസ് ട്രെയിനികൾക്ക് ക്ലാസെടുക്കുന്നതിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. തങ്ങൾക്കു വെല്ലുവിളിയായി മാറിയ ഒരു ബാസ്ക്കറ്റ് കില്ലിംഗിനെക്കുറിച്ച് ബാലു വിവരിക്കുന്നതിലുടെയാണ് കഥയുടെ ചുരുളഴിയുന്നത്.
മന്ത്രി സമദ്, മന്ത്രിയുടെ പേര്‍സണല്‍ ഡോക്ടര്‍ വേണു, പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ ഭാസുരന്‍, സി.ഐ ജോസ്മോന് എന്നിവര്‍ സമീപ നാളുകളിലായി മരണപ്പെടുന്നു. സ്വാഭാവിക മരണം എന്ന് ആര്‍ക്കും തോന്നാവുന്ന മന്ത്രിയുടെ മരണം പക്ഷെ അസ്വാഭികമെന്ന് തിരിച്ചറിയുന്നതോടെ സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കുന്നു.
കേസുകൾ ചില നൂലാമാലകളിൽ കുരുങ്ങുന്നുണ്ടെങ്കിലും, പ്രേക്ഷകർ അതിന്റെ സന്ദേഹങ്ങളിൽ അകപ്പെടാതിരിക്കാൻ കുറ്റാന്വേഷണ കഥകളുടെ കുലപതിയായ തിരക്കഥാകരൻ എസ്.എന്‍. സ്വാമി ശ്രദ്ധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് അയ്യരുടെയും കൂട്ടരുടെയും അന്വേഷണം ആയാസരഹിതമായി, കൗതുകം ചോരാതെ കണ്ടുകൊണ്ടിരിക്കാം.
ഇവിടെ ഒരു ഓഫീസര്‍ വളരെ സ്ട്രെയിറ്റായി കുറ്റാന്വേഷകന്റെ സ്ഥിരം ഡ്രാമ ഇല്ലാതെ കേസ് തെളിയിക്കുന്നു.
കുറിതൊട്ട്, കൈകള്‍ പിന്നില്‍ക്കെട്ടി ചടുലമായ ചുവടുകളോടെ എത്തുന്ന സേതുരാമയ്യരെ കാണുമ്പോൾ വിസ്മയിച്ചു പോകും. കൃത്യം 34 വര്‍ഷം മുമ്പ് എത്തിയ ‘ഒരു സി.ബി.ഐ ഡയറി കുറിപ്പി’ലെ അയ്യരുടെ രൂപത്തിനും ബുദ്ധികൂര്‍മതയ്ക്കും തെളിച്ചം കൂടിയെന്ന് മാത്രമല്ല, ഇപ്പോഴും യുവതലമുറയ്ക്ക് മത്സരിച്ചെത്താന്‍ കഴിയാത്തവണ്ണം മമ്മൂട്ടി തന്റെ കരിയറില്‍ തിളങ്ങുന്നു എന്നുകൂടിയാണ്.
എല്ലാ സി.ബി.ഐ കേസുകളും പോലെ തന്നെ ഇവിടെയും പ്രധാന പ്രതി സംശയത്തിന്റെ നിഴലില്‍ പെടാതെ അവസാനനിമിഷം വരെ നില്‍ക്കുന്നുണ്ട്.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂട്ടി തന്നെ പറയുന്നു:
“വ്യത്യസ്തമായ അന്വേഷണ രീതിയിലൂടെ എന്നാല്‍ തന്റേതായ ബുദ്ധി വൈഭവത്തിലൂടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന പാതയാണ് ‘സി.ബി.ഐ 5 ദ ബ്രെയിന്‍’ എന്ന സിനിമയില്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രം പിന്തുടരുന്നത്. സി ബി.ഐ സിനിമയുടെ ആറാം ഭാഗം ആലോചനയിലുണ്ട്, അത് വ്യത്യസ്തമായ രീതിയില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ പുതിയ സി.ബി.ഐ പരമ്പരയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകുന്ന തരത്തിലേക്ക് മാറിയിട്ടില്ല. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഭ്രൂണാവസ്ഥയിലാണ്..”
‘സിബിഐ 5 ദ ബ്രെയിൻ’ന്റെ പ്രധാന ആകർഷണം നടൻ ജഗതിയുടെ സാന്നിദ്ധ്യം തന്നെയാണ്. ചിത്രം അനൗൺസ് ചെയ്ത നാൾ മുതൽ ചലച്ചിത്ര പ്രേമികൾ ഒന്നടങ്കം അന്വേഷിച്ചത് ജഗതിയും ചിത്രത്തിൽ ഉണ്ടോ എന്നാണ്. സി.ബി.ഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രം എന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെപറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് മമ്മൂട്ടിയും കെ.മധുവും എസ്.എൻ സ്വാമിയും തീരുമാനിച്ചിരുന്നു. ആ ഭാഗങ്ങൾ വളരെ കൃത്യമായി ഇണക്കി ചേർത്തിരിക്കുന്നു. മമ്മൂട്ടി- ജഗതി സീന്‍ പ്രേക്ഷകരുടെ ഉള്ളിൽ പോറലേൽപ്പിക്കാതിരിക്കില്ല.
ഡിവൈ.എസ്.പി സത്യദാസായി എത്തിയ സായ്കുമാറും പോൾ മൈജോ എന്ന കടുകട്ടി വില്ലനായി വന്ന സൗബിൻ ഷാഹിറും ഉജ്വലമായി തിളങ്ങി. മുഖ്യമന്ത്രിയായി എത്തിയ ദിലീഷ് പോത്തൻ സ്വാഭാവിക ഭാവങ്ങൾ കൊണ്ട് മികച്ചു നിന്നു. ഐ.ജി ഉണ്ണിത്താനായി വന്ന അനൂപ് മേനോൻ, സത്യദാസിൻ്റെ ഭാര്യ അഡ്വ. പ്രതിഭയായി വേഷമിട്ട ആശാ ശരത്ത്, സൂസൺ ജോർജായി വന്ന കനിഹ എന്നിവർ ശരാശരി മാത്രം. ചാക്കോയായി അഭിനയിച്ച മുകേഷ് സ്വന്തം ശരീരഭാരം കൊണ്ട് പ്രേക്ഷകരെയും ശ്വാസം മുട്ടിക്കുന്നു.