NEWSWorld

റഷ്യന്‍ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു; ബ്രിട്ടന്റെയും യുഎസിന്റെയും ധാര്‍ഷ്ട്യത്തിന് ഉചിതമായ സമയത്ത് മറുപടി നല്‍കും: മരിയ സഖരോവ

മോസ്കോ: റഷ്യൻ സൈനികരുടെയും കിഴക്കൻ യുക്രെ‌യ്‌നിലെ റഷ്യൻ അനുകൂല വിമതരുടെയും നീക്കങ്ങൾ യൂറോപ്യൻ സുരക്ഷ – സഹകരണ സംഘടന (ഒഎസ്‍സിഇ) പാശ്ചാത്യ, യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു കൈമാറുന്നെന്ന ആരോപണവുമായി റഷ്യ. റഷ്യൻ സേനയുടെ നീക്കങ്ങളും അവർ നിലയുറപ്പിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ഒഎസ്‍സിഇ ചോർത്തി നൽകുന്നതായി റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവയാണ് ആരോപിച്ചത്. ഇക്കാര്യം വെളിപ്പെടുത്തി നടത്തിയ വാർത്താസമ്മേളനത്തിൽ തെളിവുകൾ പുറത്തുവിടാൻ അവർ തയാറായില്ല. പകരം, കൂടുതൽ തെളിവുകൾ റഷ്യൻ അനുകൂലികളായ വിമതർ നൽകുമെന്ന് വ്യക്തമാക്കി.

റഷ്യൻ സൈനിക വിന്യാസം തടസ്സപ്പെടുത്തുകയും യുക്രെയ്‌ന് ആയുധങ്ങൾ നൽകുകയും ചെയ്യുന്ന ബ്രിട്ടൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ ധാർഷ്ട്യത്തിന് ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും സഖരോവ പറഞ്ഞു. യുക്രെയ്‌നെ രംഗത്തിറക്കി നാറ്റോയാണ് യുദ്ധം ചെയ്യുന്നതെന്നും യുക്രെ‌യ്നെ ആയുധങ്ങൾ നൽകി സഹായിച്ചാൽ നാറ്റോ സൈനിക താവളങ്ങൾ ആക്രമിക്കാൻ റഷ്യ മടിക്കില്ലെന്നും മരിയ സഖരോവ പറഞ്ഞു. യുദ്ധത്തിൽ നേരിട്ടു പങ്കാളിയാകുന്നതിനു പകരം അത്യാധുനിക ആയുധങ്ങൾ യുക്രെയ്‌ന് നൽകി നാറ്റോ സാഹചര്യം സങ്കീർണമാക്കുകയാണെന്ന് റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

Signature-ad

2014ൽ റഷ്യയുടെ പിന്തുണയോടെ വിമതർ കിഴക്കൻ മേഖലയായ ഡോൺബാസിലെ ഡൊനെറ്റ്‌സ്‌ക് പിടിച്ചെടുത്തതു മുതൽ ഒഎസ്‍സിഇ ഈ പ്രദേശത്ത് നിരീക്ഷണം നടത്തി വരുന്നതായി ആരോപണം ഉണ്ട്. വിമത പ്രദേശങ്ങളായ ലുഹാൻസ്കിൽ 58 ശതമാനവും ഡൊനെറ്റ്സ്കിൽ 56 ശതമാനവും യുക്രെയ്ൻ വംശജരാണ്. മേഖലയിലെ ഏറ്റവും വലിയ ന്യൂനപക്ഷം റഷ്യൻ വംശജരാണ്. പകുതിയിലേറെപ്പേരുടെ സംസാരഭാഷ റഷ്യനും. സ്വതന്ത്ര റിപ്പബ്ലിക്കുകളായി ഈ മേഖലയെ അംഗീകരിച്ചതോടെ അവിടേക്കുള്ള റഷ്യയുടെ ഇടപെടൽ അനായാസമായി. റഷ്യൻ വംശജരെ യുക്രെയ്ൻ സൈന്യം കൂട്ടക്കൊല ചെയ്യുന്നുവെന്നതാണു സൈനിക നടപടിക്കു കാരണമായി പുട്ടിൻ പറഞ്ഞത്.

അംഗരാജ്യങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ ഇടപെടുന്ന സംയുക്ത സംവിധാനമാണ് ഒഎസ്‌സിഇ. മൂന്ന് ഉപഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന 57 രാജ്യങ്ങളടങ്ങുന്ന വലിയൊരു മേഖലയെ ഒഎസ്‌സിഇ പ്രതിനിധാനം ചെയ്യുന്നു. ഇതില്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളാണ് സുപ്രധാന നേതൃത്വം വഹിക്കുന്നത്. അയല്‍രാജ്യങ്ങളുടെ സുരക്ഷാ കാര്യങ്ങളിലും ഒഎസ്‌സിഇ നേതൃത്വം പരസ്പര സഹകരണം ഉറപ്പുവരുത്തുന്നു.

Back to top button
error: