NEWS

ഇന്ധനനികുതിയില്‍ പ്രധാനമന്ത്രി പറഞ്ഞത് കള്ളം

പെട്രോളിന് 57.67 രൂപയും ഡീസലിന് 58.29 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് ഏതാണ്ട് ഇരട്ടിയോളമാണ് ജനങ്ങൾക്ക് തങ്ങളുടെ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ നൽകേണ്ടി വരുന്നത്.കേന്ദ്രത്തിന്റെ അധിക നികുതിയാണ് കാരണം.എന്നിട്ടാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളെ  പഴിചാരി ജനങ്ങളെ പറ്റിക്കാൻ നോക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇന്ധനവില വർധനവിനെതിരെ മൻമോഹൻസിങ് സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്ന വ്യക്തിയായിരുന്നു നരേന്ദ്രമോദി.ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ പെട്രോൾ ലിറ്ററിന് അൻപതു രൂപയ്ക്ക് തരുമെന്ന് പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.അത് കേട്ട് പത്രസമ്മേളനം നടത്തിയ ഒരാൾ അക്കൂട്ടത്തിൽ കേരളത്തിലുമുണ്ട്.
കേന്ദ്രം വില കൂട്ടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നു വച്ച സംസ്ഥാനമാണ്  കേരളം.യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോള്‍ 27.90 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 21.80 രൂപയായി. എക്‌സൈസ് നികുതിയില്‍ പെട്രോളിന് മൂന്നു മടങ്ങും ഡീസലിന് 6 മടങ്ങും വര്‍ധന! ഇതാണ് കേന്ദ്രത്തിന്റെ പകല്‍ക്കൊള്ള. എന്നിട്ടാണ് ആ പഴി സംസ്ഥാനങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
മൻമോഹൻസിങ് സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിരുന്നു.അന്ന് 1,25,000 കോടി രൂപ സബ്‌സിഡി നല്കിയാണ് ഇന്ധനവില  യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു.അന്ന് പെട്രോള്‍ വില 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 104 ഡോളര്‍. പെട്രോള്‍ വില 117 രൂപയും ഡീസല്‍ വില 103 രൂപയുമായി കുതിച്ചു കയറിയത് കേന്ദ്രം സബ്സിഡി നല്കുന്നില്ല എന്നതിനാലാണ്.റഷ്യയില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് കേന്ദ്രത്തിനു നല്കുന്നത്. അതിന്റെ യാതൊരു പ്രയോജനവും ജനങ്ങള്‍ക്ക് കിട്ടുന്നുമില്ല.ഇലക്ഷൻ വരുമ്പോൾ നിലയ്ക്കുകയും അല്ലാത്തപ്പോൾ ദിവസത്തിന് ദിവസം ഇന്ധനവില വർധിക്കുകയും ചെയ്യുന്നത് ആരുടെ പ്രേരണ മൂലമാണെന്നും വ്യക്തമാക്കാൻ പ്രധാനമന്ത്രി തയ്യാറാകണം.

Back to top button
error: