മലപ്പുറം: പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും പിടിയില്‍. കടവനാട് സ്വദേശി നിഖില്‍ കുമാറുമായാണ് (23) പെണ്‍കുട്ടി നാടുവിട്ടത്. കഴിഞ്ഞ 19ാം തിയതിയാണ് പെണ്‍കുട്ടിയെ കാണാതായത്. വയനാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഒടുവിൽ കുട്ടിയെ കണ്ടെത്തിയത്.
നിഖിലിന് പുറമേ ഇയാളുടെ സുഹൃത്തുക്കളായ പൊന്നാനി സ്വദേശി ശരത്‌സതീശന്‍ ( 23 ), വൈശാഖ് (23) എന്നിവരെയും പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്കു പ്രായപൂർത്തിയായിട്ടില്ല എന്ന് ബോധ്യമുണ്ടായിട്ടും നിഖില്‍ വിവിധ ഇടങ്ങളില്‍ എത്തിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വാഹനം വാടകക്കെടുത്ത് എറണാംകുളത്ത് എത്തിയ ശേഷം വാഹനം അവിടെ ഉപേക്ഷിച്ച് ട്രെയിന്‍ മാര്‍ഗം സേലം, പൊള്ളാച്ചി, ചിദംബരം എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ കറങ്ങിനടന്നു. പിന്നീട് ചിദംബരത്ത് വാടകവീടെടുത്ത് മൂന്നു ദിവസത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടി തന്നെ ഇക്കാര്യം പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് മംഗലാപുരം വഴി വയനാട്ടില്‍ എത്തിയ ശേഷം പല ഇടങ്ങളിലെത്തി താമസിച്ചു. ഗോവയിലേക്ക് കടക്കാനായിരുന്നു നിഖില്‍ പ്ലാനിട്ടിരുന്നതെന്നാണ് വിവരം.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഉപേക്ഷിച്ച വാഹനം കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഒഴിവാക്കി മറ്റ് മാർഗങ്ങളിലൂടെയായിരുന്നു പ്രതി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നത്. ഒടുവില്‍ ഏറെ ശ്രമകരമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ പൊന്നാനി സ്റ്റേഷനില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.