NEWS

കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി; മാസ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന എന്‍ 95 മാസ്‌കുകളും നിയോഷ് അംഗീകാരമുള്ള എഫ്എഫ്പി പോലുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന മാസ്കുകൾ.നമ്മുടെ നാട്ടിൽ ഏറെപ്പേരും ഉപയോഗിച്ചു കാണുന്ന തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡിനെതിരെ വലിയ സുരക്ഷ നല്‍കില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മുകളിൽ പറഞ്ഞ റെസ്പിറേറ്ററുകളെ അപേക്ഷിച്ച്‌ തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കുകയുള്ളൂ.തന്നെയുമല്ല ഇത്തരം
മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.
ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ഉദ്ദേശിച്ചുകൊണ്ടുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക് അഥവാ ഡിസ്പൊസിബിൾ ഫെയ്സ് മാസ്ക്.രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു.എന്നാൽ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെയോ വൈറസ് കണികകളെയോ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കുകയുമില്ല. അതിന്, N95 അല്ലെങ്കിൽ FFP  പോലുള്ള റെസ്പിറേറ്ററുകളായ മാസ്കുകളാണ് ഉപയോഗിക്കേണ്ടത്.
എയർ ഫിൽ‌ട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽ‌റ്റർ‌ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന 95% കണികകളെയും ഫിൽ‌റ്റർ‌ ചെയ്യുന്നതുവഴി വൈറസ് ശരീരത്തിൽ കടന്നുകൂടുന്നതിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു.N95 മാസ്ക് വിലകൂടിയതും ലഭ്യത കുറഞ്ഞതുമാണ്.നമ്മുടെ നാട്ടിൽ N95 എന്ന് അടിച്ച് ഇരുപതും ഇരുപത്തഞ്ചും രൂപയ്ക്ക് വിൽക്കുന്നതൊന്നും N95 അല്ല എന്നതും അറിഞ്ഞിരിക്കുക.ഗുരുതരമായ രോഗപ്പകർച്ചാ സാഹചര്യങ്ങളിൽ, ലഭ്യത വളരെ പരിമിതമാവുന്ന അടിയന്തിര ഘട്ടങ്ങളിൽ കർശനമായ ശുചീകരണങ്ങൾക്കും അണുനാശീകരണത്തിനും ശേഷം വീണ്ടും ഉപയോഗിക്കാം എന്നതാണ് N 95-ന്റെ പ്രത്യേകത.അപ്പോൾ ബാക്കി മാസ്കുകളുടെ കാര്യം പറയേണ്ടതില്ലല്ലോ!
യൂറോപ്പിലും മറ്റും പ്രചാരത്തിലുള്ള എഫ്എഫ്പി 3(ഫിൽറ്ററിങ് ഫേസ് പീസ്)മാസ്കുകളാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മാസ്കുകൾ.അതിനാൽത്തന്നെ അത് വളരെ വിലകൂടിയതുമാണ്.0.3 മൈക്രോണിന് മുകളിലുള്ള 100 ശതമാനം കണികകളെയും തടയും എന്നതാണ് ഇത്തരം മാസ്കുകളുടെ പ്രത്യേകത.
അതേപോലെ മാസ്ക് വാങ്ങുമ്പോൾ ഓരോരുത്തരുടെയും മുഖത്തിന്റെ വലിപ്പത്തിനു അനുയോജ്യമായതു തന്നെ നോക്കി വാങ്ങണം.അയഞ്ഞതോ വലിപ്പം കുറഞ്ഞതോ ആയ മാസ്കുകൾ സുരക്ഷ നൽകുകയില്ല.മാസ്കിന്റെ വശങ്ങളിലൂടെ വായു അകത്തേക്കോ പുറത്തേക്കോ പ്രവേശിക്കാത്ത തരത്തിലാവണം മാസ്ക് ധരിയ്ക്കേണ്ടതും.പുറത്ത് നിന്ന് വരുന്ന വായുവിനെ കൃത്യമായ രീതിയിൽ ഫിൽട്ടർ ചെയ്യുക എന്നതാണ് മാസ്കിന്റെ ഉദ്ദേശം. അതുകൊണ്ട് തന്നെ ഫിൽട്ടറേഷൻ കൃത്യമായി നടന്നില്ലെങ്കിൽ മാസ്ക് ഉപയോഗം കൊണ്ട് പ്രയോജനം ഉണ്ടാവുകയില്ല.കൂടുതൽ ലെയറുകൾ ഉള്ള മാസ്കുകളാണ് ഏറ്റവും നന്നായി ഫിൽടർ ചെയ്യുന്നത്.കുറഞ്ഞ വിലയ്ക്ക് ലഭിയ്ക്കുന്ന ഗുണനിലവാരമില്ലാത്തതും ഒരേയൊരു ലെയർ മാത്രമുള്ളതുമായ മസ്കുകൾ തീർത്തും ഒഴിവാക്കുക.
വ്യാജ N95 മാസ്കുകൾ വിപണിയിൽ സുലഭമാണ്.ഇവയ്ക്ക് മേൽപ്പറഞ്ഞ യാതൊരു ഗുണങ്ങളും ഇല്ലെന്നോർക്കുക. NIOSH, ISI, DRDO/ DRDE, SITRA തുടങ്ങിയ സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.ഇത് മാസ്കിന്റെ മുകളിൽ തന്നെ രേഖപ്പെടുത്തിയിരിക്കും.കൂടാതെ N95 മാസ്ക് ഒറ്റ തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.ക്ഷാമം നേരിടുന്ന പക്ഷം, അത്യാവശ്യമെങ്കിൽ,  സുരക്ഷാ നിർദേശങ്ങൾ പാലിച്ചു കൊണ്ടു N95 മാസ്ക് പരിമിതമായി പുനരുപയോഗിക്കാൻ  CDC മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.എന്നിരുന്നാലും ഒരു N95 മാസ്ക് പരമാവധി 5 തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
വാൽക്കഷണം: കൊവിഡ് കേസുകള്‍ (Covid 19) കൂടുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്ക്  നിര്‍ബന്ധമാക്കി കേരളം. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ദുരന്തനിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറിയുടെതാണ് ഉത്തരവ്.മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും

Back to top button
error: