സ്വാദിഷ്ടമായ ഇന്ത്യൻ പലഹാരമാണ് സമോസ, എങ്കിലും മറ്റ് ചില രാജ്യങ്ങളിലും സമോസ ഇഷ്ട പലഹാരമാണ്. പല ദേശങ്ങളിൽ ഇത് പല പേരിൽ അറിയപ്പെടുന്നു. ഓരോ സ്ഥലത്തിനും അനുസരിച്ച് ഇതിന്റെ രുചിയും, ഘടകങ്ങളും വ്യത്യസ്തമായി കാണപ്പെടുന്നു
സൗദി അറേബ്യയിലെ ഒരു പ്രമുഖ ഹോട്ടലിൽ 30 വര്‍ഷത്തിലേറെയായി സമോസ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ പാകം ചെയ്തിരുന്നത് ടോയ്‌ലെറ്റില്‍ വച്ചായിരുന്നു. ഒടുവിൽ സംഗതി വെളിച്ചത്തായതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിച്ചു.
ജിദ്ദയിലെ ഒരു പ്രശസ്ത ഹോട്ടലാണ് സൗദി അധികൃതര്‍ വൃത്തിഹീനമായ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അടച്ച് പൂട്ടിയത്. ജിദ്ദ മുന്‍സിപ്പാലിറ്റിയുടേതാണ് നടപടി.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്, ഭക്ഷണം തയാറാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ശുചിമുറിയിൽ പലഹാരങ്ങൾ കൂടാതെ ഉച്ച ഭക്ഷണവും പാചകം ചെയ്‌തതായി അന്വേഷണത്തിൽ കണ്ടെത്തി. പഴകിയ ഭക്ഷണസാധനങ്ങളാണ് പാചകത്തിന് ഉപയോഗിച്ചതെന്നും തെളിഞ്ഞു. ആരോഗ്യ നിബന്ധനകൾ പാലിക്കാതെയും ഹെൽത്ത് കാർഡ് കൂടാതെയും ഔദ്യോഗിക നിയമങ്ങൾ തെറ്റിച്ചുകൊണ്ടാണ് ഭക്ഷണശാല പ്രവർത്തിച്ചിരുന്നതെന്നും സംഘം കണ്ടെത്തി.
ലഘുകടികള്‍ക്കൊപ്പം ഉച്ച ഭക്ഷണവും പാകം ചെയ്യുന്നത് ഹോട്ടലിലെ ടോയ്‌ലെറ്റില്‍ വച്ചാണെന്നും ഈ പരിശോധനയിലാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തിയത്.
കാലാവധി കഴിഞ്ഞ പാല്‍ക്കട്ടിയും തൈരും മാംസവും ഹോട്ടലില്‍ ഉപയോഗിക്കുന്നുണ്ടെന്നും പരിശോധനയിൽ ബോധ്യപ്പെട്ടു. നിയമം നിര്‍ദേശിക്കുന്ന യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തി.
മൂന്ന് പതിറ്റാണ്ടായി ഹോട്ടലില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് അടക്കമുള്ളവ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനു മുൻപ്, ഷവർമ തയാറാക്കാൻ വച്ച ഇറച്ചിയിൽ എലികളെ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദയിലെ പ്രശസ്തമായ റസ്റ്ററന്റ് അടച്ചുപൂട്ടിയിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത് വലിയ ഒച്ചപ്പാട് സൃഷ്ടിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് സൗദിയിൽ 2,283 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും 26 കേന്ദ്രങ്ങൾ പൂട്ടിക്കുകയും ചെയ്‌തു.