BusinessTRENDING

ഓഹരിയുടമകളുടെ സമ്മർദ്ദം: മസ്കിന്റെ ഓഫർ ചർച്ചയ്ക്കെടുത്ത് ട്വിറ്റർ

സാൻഫ്രാൻസിസ്കോ: ഓഹരിയുടമകളുടെ സമ്മർദ്ദം മൂലം ഇലോൺ മസ്ക് മുന്നോട്ടുവച്ച 43 ബില്യൺ യുഎസ് ഡോളറിന്റെ ഏറ്റെടുക്കൽ ഇടപാട് ചർച്ച ചെയ്ത് ട്വിറ്റർ. ഞായറാഴ്ചയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ട്വിറ്ററിന് വിലയിട്ടതിന്റെ വിശദാംശങ്ങൾ മസ്ക് ഓഹരിയുടമകളെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനി ചർച്ചചെയ്യാൻ തീരുമാനിച്ചത്. ചർച്ച ചെയ്യുന്നു എന്നതുകൊണ്ട് ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളർ വിലയുള്ള മസ്കിന്റെ വാഗ്ദാനം സ്വീകരിക്കുന്നുവെന്നല്ല അർഥമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

തന്റെ നീക്കത്തിന് പിന്തുണ തേടി കഴിഞ്ഞ കുറച്ചുദിവസങ്ങളായി മസ്ക് ട്വിറ്ററിന്റെ ഓഹരിയുടമകളുമായി ചർച്ച നടത്തുകയായിരുന്നു. വാഗ്ദാനം എന്താണെന്നത് വ്യക്തമായി മസ്ക് ഓഹരിയുടമകളെ അറിയിച്ചുവെന്നാണ് വിവരം. ഈ ഇടപാട് നഷ്ടപ്പെടുന്നതിലൂടെ വലിയൊരു അവസരം ഇല്ലാതാക്കരുതെന്നും മസ്ക് നിലപാടെടുത്തു.

Signature-ad

മസ്കിന്റെ കയ്യിൽ അകപ്പെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ ‘പോയിസൺ പിൽ’ (വിഷഗുളിക) എന്ന കോർപറേറ്റ് തന്ത്രം ട്വിറ്റർ നടപ്പാക്കിയിരുന്നു. നിലവിൽ കമ്പനിയിൽ 9.1 ശതമാനം ഓഹരിയുള്ള ഇലോൺ മസ്ക്കിന്റെ ഓഹരിവിഹിതം ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമാണ് ലക്ഷ്യം.

Back to top button
error: