NEWS

ക്രെഡിറ്റ് കാർഡുകൾ അടിച്ചേൽപ്പിക്കരുത്, നഷ്ടപരിഹാരം നൽകേണ്ടി വരും: റിസർവ് ബാങ്ക്

ന്യൂഡൽഹി: ആവശ്യപ്പെടാതെ ഒരാളുടെ പേരിൽ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുകയും പണം ഈടാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ തുകയുടെ രണ്ടിരട്ടി പിഴയായി തിരിച്ചുകൊടുക്കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക്.പലപ്പോഴും ആളുകള്‍ ആവശ്യപ്പെടാതെ തന്നെ ചില ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം.
പിഴയ്ക്കു പുറമേ വ്യക്തിക്ക് ആര്‍ബിഐ ഓംബുഡ്‌സ്മാന് പരാതി നല്‍കാം. വ്യക്തിയുടെ സമയനഷ്ടം, ചെലവ്, മാനസികസമ്മര്‍ദം എന്നിവ പരിഗണിച്ച്‌ കൂടുതല്‍ നഷ്ടപരിഹാരവും ആവശ്യപ്പെടാം. ഒരു ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ ഉപയോക്താവില്‍ നിന്ന് അപേക്ഷ ലഭിച്ചാല്‍, അത് കുടിശികയില്ലാത്ത അക്കൗണ്ട് എങ്കില്‍ 7 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണം. ഇതിനുള്ള അപേക്ഷ ഓണ്‍ലൈന്‍/ഫോണ്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ക്ക് പകരം തപാലായി നല്‍കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ബന്ധം പിടിക്കാനാവില്ല. 7 ദിവസത്തിനുള്ളില്‍ ക്ലോസ് ചെയ്തില്ലെങ്കില്‍ അധികമുള്ള ഓരോ ദിവസവും 500 രൂപ പിഴയായി ബാങ്ക് ഉപയോക്താവിനു നല്‍കണം.
ഒരു വര്‍ഷത്തിനു മുകളില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിട്ടില്ലെങ്കില്‍ ബാങ്കിന് ഉപയോക്താവിനെ മുന്‍കൂട്ടി അറിയിച്ച ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുന്ന നടപടി ആരംഭിക്കാം. 30 ദിവസത്തിനുള്ളില്‍ വ്യക്തിയില്‍ നിന്ന് മറുപടി ലഭിച്ചില്ലെങ്കില്‍ ബാങ്കിനു സ്വമേധയാ അക്കൗണ്ട് ക്ലോസ് ചെയ്യാം. കുടിശിക തുകയുടെ ബാധ്യത വ്യക്തിക്കായിരിക്കും.

Back to top button
error: