സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കെ റെയിൽ സർവേ തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയത്. ഇവരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞതോടെ സംഘർഷമുണ്ടായി.
പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലീസുകാർ പ്രവർത്തകരെ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘർഷത്തിൽ പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
പ്രതിഷേധം ശക്തമായതോടെ കല്ലിടൽ നടപടികൾ നിർത്തിവച്ച് ഉദ്യോഗസ്ഥർ ഇവിടെനിന്നും മടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കരിച്ചാറയിൽ കല്ലിടൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
സിപിഎം പാർട്ടി കോൺഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് കല്ലിടൽ പുനരാരംഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.