കല്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിലായി. വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ ഗ്രേഡ് സെക്കൻഡ് ഓവർസിയർ പി.സുധിയെയാണ് ജില്ല വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശികൾ തൊണ്ടർനാട് പഞ്ചായത്തിലെ കോറോം മണികല്ലിൽ നിർമ്മിക്കുന്ന സർവീസ് വില്ലയ്ക്ക് അനുമതി നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
കെട്ടിട നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിരന്തരം പണം ആവശ്യപ്പെടുകയും അനാവശ്യമായി അനുമതി നീട്ടികൊണ്ടുപോവുകയും ചെയ്തു. ഇതേ തുടർന്ന് ഇവർ വിജിലൻസിൽ പരാതി നൽകി. വിജിലൻസ് കാര്യങ്ങൾ വിശദമായി പരിശോധിച്ചു. അവരുടെ നിർദ്ദേശപ്രകാരം സ്ഥലമുടമകൾ ഇന്ന് അനുമതിക്കായി പഞ്ചായത്ത് ഓഫീസിൽ എത്തി. പഞ്ചായത്ത് ഓഫീസിൽ വച്ച് ഓവർസിയർ പണംകൈ പറ്റിയില്ല. പകരം സൈറ്റ് വിസിറ്റ് ചെയ്യാൻ വേണ്ടി എന്ന പേരിൽ നിർമ്മാണ സ്ഥലത്തെത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഉടമകൾ 5000 രൂപ കൊടുക്കുകയും രഹസ്യമായി ഇവിടെ നിലയുറപ്പിച്ചവിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൈയിൽ നോട്ടിലെ രാസവസ്തുക്കൾ കണ്ടെത്തിയതോടെ ഓവർസിയറെ അറസ്റ്റ്ചെയ്തു.
സി.ഐ ശശിധരൻ, എസ്.ഐ ജയപ്രകാശ് , എഎസ്ഐമാരായ റെജി , സുരേഷ്, ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കുടുക്കിയത്.