KeralaNEWS

മുങ്ങൽ വിദഗ്ദ്ധരെ പൂട്ടാൻ സെക്രട്ടറിയറ്റിൽ പ്രത്യേക സംവിധാനം വരുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പഞ്ച് ചെയ്ത ശേഷം ഓഫീസിലെ സീറ്റ് കാലിയാക്കി മുങ്ങുന്ന ജീവനക്കാരെ പൂട്ടാൽ പുതിയ പഞ്ചിംഗ് സംവിധാനം ഒരുങ്ങുന്നു. നിശ്ചിത സമയത്തിനപ്പുറം സീറ്റിൽ നിന്ന് മാറിയാൽ അവധിയായി കണക്കാക്കും വിധമാണ് പുതിയ അക്‌സസ് കൺട്രോൾ സിസ്റ്റത്തിന്റെ പ്രവർത്തനം.

പഞ്ച് ചെയ്ത ശേഷം സ്ഥലം കാലിയാക്കുന്ന ജീവനക്കാരെ പിടികൂടുന്നതിനായാണ് പുതിയ പഞ്ചിംഗ് സംവിധാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്. സെൻസർ ഘടിപ്പിച്ച വാതിലിലൂടെയാകും ജീവനക്കാർക്ക് വിവിധ വകുപ്പുകളിലെ ഓഫീസുകളിലേക്ക് പ്രവേശനം. ഇതേ സമയം തന്നെ അറ്റെൻഡെസും രേഖപ്പെടുത്തും.
ഓരോ തവണ പുറത്ത് പോകുമ്പോഴും തിരിച്ചു വരാനെടുക്കുന്ന സമയം അടക്കം സിസ്റ്റത്തിൽ കൃത്യമായി രേഖപ്പെടുത്തും. എന്നാൽ നിശ്ചിത സമയത്തിനപ്പുറം ഓഫിസിന് പുറത്ത് കറങ്ങി നടന്നാൽ അവധിയായി കണക്കാക്കും.
ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കിലൂടെയാണ് അവധി വിവരങ്ങൾ രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടൽ നടത്താനും സാധിക്കില്ല.

രണ്ട് കോടിയോളം ചിലവിലാണ് ഇതിനായുള്ള ഉപകരണങ്ങൾ സർക്കാർ വാങ്ങുന്നത്. സെക്രട്ടറിയേറ്റില്‍ ഏര്‍പ്പെടുത്തുന്ന പുതിയ അക്സസ് സിസ്റ്റം എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലുമെത്തിക്കാനും സർക്കാർ ലക്ഷ്യം വെയ്ക്കുന്നുണ്ട്. അതേസമയം പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Back to top button
error: