പത്തനംതിട്ട: മാനത്ത് മഴക്കോള് കണ്ടാൽ അപ്പോൾ നിലയ്ക്കും വൈദ്യുതി.കഴിഞ്ഞ ഒരു മാസമായി ജില്ലയിലെ ഭൂരിഭാഗം പ്രദേശത്തെയും സ്ഥിതി ഇതാണ്.മഴ കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞ് മാത്രമേ പിന്നീട് വൈദ്യുതി ലഭിക്കൂ.അപ്പോഴേക്കും അടുത്ത മഴയായിട്ടുണ്ടാവും.
മൊബൈൽ നെറ്റ്‌വർക്കിന്റെ കാര്യവും വിത്യസ്തമല്ല.മഴ ചാറാൻ തുടങ്ങുമ്പോഴേക്കും കണക്ഷൻ ശൂന്യതയിൽ അഭയം പ്രാപിക്കും.മഴ കഴിഞ്ഞ് ഒരു പോയിന്റെങ്ങാനും കിട്ടിയാൽ കിട്ടി.ഇടിയും മിന്നലുമുള്ള സമയമാണ്.ഒരു ആപത്ഘട്ടത്തിൽ പെട്ടെന്നൊരു കോളുപോലും ചെയ്യാൻ ഇത് മൂലം സാധിക്കില്ല.മത്സരിച്ച് നിരക്ക് വർദ്ധിപ്പിക്കുന്നവർക്കും പ്രതിദിന ഉപയോഗത്തിലെ ഡാറ്റ വെട്ടിക്കുറയ്ക്കാൻ ഓരോ വർഷവും മറക്കാത്തവർക്കും കാലത്തിനനുസരിച്ച് തങ്ങളുടെ നെറ്റ്‌വർക്കിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പക്ഷെ ഓർമ്മയില്ലെന്ന് മാത്രം!