KeralaNEWS

ആർ.എസ്.എസ്- ബി.ജെ.പി നേതാക്കൾ ഇറങ്ങിപ്പോയി, സമാധാന ചർച്ചയിൽ വി.കെ ശ്രീകണ്ഠനും എൻ.എൻ കൃഷ്ണദാസും ചേർന്ന് തമ്മിലടി

  പാലക്കാട്: കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചു ചേർത്ത സർവ കക്ഷി സമാധാന യോഗത്തിൽ നിന്ന് ആർ.എസ്.എസ്- ബി.ജെ.പി നേതാക്കൾ ഇറങ്ങിപ്പോയി. യോഗം പ്രഹസനമാണെന്നും അന്വേഷണം ഏകപക്ഷീയമാണെന്നും ആരോപിച്ചാണ് ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ ഇറങ്ങിപ്പോയത്.

സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയില്ല. കോടതിയില്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഈ നിലപാട് മാറാതെ ബിജെപി സഹകരിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജെ.പി ഇറങ്ങിപ്പോയത് അവർ മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പക്ഷേ സമാധാനം നിലനിർത്താൻ തങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടാകുമെന്ന് അവർ അറിയിച്ചുവെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോകാൻ ശ്രമിക്കുമെന്നും സമാധാന ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് കലക്ടറേറ്റ് ഹാളിലാണ് യോഗം ചേർന്നത്. 3.45ന് യോഗം ചേർന്ന് പതിനഞ്ച് മിനിറ്റിനുള്ളിൽ ബി.ജെ.പി നേതാക്കൾ യോഗം ബഹിഷ്‌കരിച്ചു. യോഗം നിയന്ത്രിക്കുന്നതിനെ ചൊല്ലി പാലക്കാട് എം.പി വികെ ശ്രീകണ്ഠനും മുൻ എം.പി എൻഎൻ കൃഷ്ണദാസും തമ്മിൽ തർക്കം തുടരുന്നതിനാൽ യോഗത്തിൽ ഇരിക്കുന്നതിൽ അർഥമില്ലെന്ന് ബിജെപി- ആർ.എസ്.എസ് നേതാക്കൾ വ്യക്തമാക്കി.
പൊലീസിനെ കുറ്റപ്പെടുത്തിയ ശേഷമാണ് ബി.ജെ.പി നേതാക്കൾ ഇറങ്ങിപ്പോയത്. എന്നാണ് വർഗീയമായ ചേരിതിരിവ് ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

Signature-ad

കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികളാണോ വേണ്ടത് അതെല്ലാം പൊലീസ് സ്വീകരിക്കും. ആരെയും അനുനയിപ്പിക്കാതിരിക്കാൻ കഴിയില്ല. പ്രശ്നങ്ങൾ ഉണ്ടാകാതെ സമാധാനമായ ഒരു അന്തരീക്ഷമാണ് സമൂഹം ആഗ്രഹിക്കുന്നത്. അതിന് എതിരായി നിൽക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തും. അതുകൊണ്ട് തന്നെ അനുനയ ശ്രമങ്ങളുമായി ആരും സഹകരിക്കാതിരിക്കും എന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അക്രമം ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുക എന്നതാണ് പ്രാധാനമെന്നും മന്ത്രി പറഞ്ഞു.

സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സർവ്വകക്ഷിയോ​ഗത്തിന് ശേഷം എസ്.ഡി.പി.ഐ പ്രതികരിച്ചത്. ബിജെപി നിലപാട് സമാധാന ശ്രമങ്ങൾക്ക് തടസം നിൽക്കുന്നതായും അവർ പറഞ്ഞു.

ഇതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിലുണ്ടെന്ന് പാലക്കാട് എസ്.പി പറഞ്ഞു. കൊലപാതകം പുറത്തുനിന്നുള്ളവർ വന്നു ചെയ്തു പോയതാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ല. തിരിച്ചറിയൽ പരേഡ് അടക്കം നടക്കാനുണ്ട്. ശ്രീനിവാസൻ വധക്കേസിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആരെയും കസ്റ്റഡിയിൽ എടുത്തില്ല. സുബൈർ വധക്കേസിൽ കസ്റ്റഡിയിൽ ഉള്ളവർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണെന്ന് ഉറപ്പാക്കിയ ശേഷം ഉടൻ വിവരങ്ങൾ അറിയിക്കാമെന്നും എസ്.പി പറഞ്ഞു.

Back to top button
error: