IndiaNEWS

ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേനയുടെ അടുത്ത മേധാവി

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവിൽ സേനയുടെ ഉപമേധാവിയാണ്. ജനറൽ എം.എം.നരവനെയുടെ പിൻഗാമിയായി ഈ മാസം 30നു ചുമതലയേൽക്കും. സേനയുടെ 29–ാം മേധാവിയായ ലഫ്. ജനറൽ മനോജ് പാണ്ഡെ, എൻജിനീയേഴ്സ് കോറിൽനിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫിസറാണ്.

നാഷനൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982 ഡിസംബറിലാണ് എൻജിനീയേഴ്സ് കോറിൽ എത്തുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ പല്ലൻവാല സെക്ടറിൽ ഓപ്പറേഷൻ പരാക്രം സമയത്ത് എൻജിനീയർ റെജിമെന്റിനെ നയിച്ചത് മനോജ് പാണ്ഡെയാണ്.

Signature-ad

2001 ഡിസംബറിൽ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിന്റെ വക്കോളമെത്തിയതിനെത്തുടർന്ന്, പടിഞ്ഞാറൻ അതിർത്തിയിലേക്ക് വൻതോതിൽ സൈനികരെയും ആയുധങ്ങളെയും എത്തിച്ചത് ഓപ്പറേഷൻ പരാക്രമിലൂടെയാണ്.

വെസ്റ്റേൺ തിയറ്റർ കമാൻഡിലെ എൻജിനീയർ ബ്രിഗേഡ്, നിയന്ത്രണ രേഖയോട് ചേർന്നുള്ള ഇൻഫൻട്രി ബ്രിഗേഡ്, ലഡാക്ക് സെക്ടറിലെ മൗണ്ടൻ ഡിവിഷൻ തുടങ്ങിയവയ്ക്കും പാണ്ഡെ നേതൃത്വം നൽകി. കിഴക്കൻ കമാൻഡിന്റെ ചുമതലയേൽക്കുന്നതിനു മുൻപ് ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ കമാൻഡർ ഇൻ ചീഫായിരുന്നു.

Back to top button
error: