IndiaNEWS

മംഗളൂരുവിൽ മത്സ്യസംഭരണ യൂണിറ്റിലെ മാലിന്യടാങ്കിൽ വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു

മംഗളൂരു: മംഗളൂരുവിലെ തോക്കൂരില്‍ മത്സ്യസംഭരണ യൂണിറ്റിലുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മാലിന്യസംസ്‌കരണ ടാങ്കിലേക്ക് വീണ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അഞ്ച് പേര്‍ മരണപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ട അഞ്ച് പേരും ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്.

ബജ്‌പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട തോക്കൂരിലെ ഉല്‍ക എല്‍.എല്‍.പി യൂണിറ്റില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികളില്‍ ഒരാള്‍ മാലിന്യ ടാങ്കിലേക്ക് വീഴുകയും ബോധരഹിതനാവുകയും ചെയ്തു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് ഏഴ് പേര്‍ കൂടി ടാങ്കിലകപ്പെടുകയായിരുന്നു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഒരാള്‍ രാത്രിയും മറ്റുള്ളവര്‍ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. പരിക്കേറ്റവര്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നൂറോളം തൊഴിലാളികള്‍ ജോലിചെയ്യുന്ന യൂണിറ്റില്‍ ആര്‍ക്കും സുരക്ഷാവസ്ത്രങ്ങളോ ഉപകരണങ്ങളോ നല്‍കിയിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് യൂണിറ്റ് അധികൃതര്‍ക്കെതിരേ കേസെടുത്തു. പോലീസ് നടപടിയെ തുടര്‍ന്ന് യൂണിറ്റ് അടച്ചുപൂട്ടി.

Back to top button
error: