കൊച്ചി : കോടഞ്ചേരി മിശ്രവിവത്തിലെ വിവാദനായിക ജോത്സനയെ ഏപ്രിൽ19 ന് ഹൈക്കോടതിയില്‍ ഹാജരാക്കും. ഷെജിന്‍-ജോത്സന വിവാഹത്തിനു പിന്നാലെ മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജിയിലാണ് ജോത്സനയെ ഹാജരാക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും, കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി ഐയ്ക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സി.എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്റെയും ജോത്സനയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാല തങ്ങൾ എവിടെയാണെന്ന് വ്യക്തമാക്കി ഷെജിന്‍ രംഗത്തെത്തുകയും ചെയ്തു.
നിലവില്‍ ജോത്സന ഭര്‍ത്താവ് ഷെജിനൊപ്പം ഷെജിന്റെ പിതാവിന്റെ ആലപ്പുഴയിലെ വസതിയിലാണ് കഴിയുന്നത്. വിവാഹം വിവാദമായതിന് പിന്നാലെ ഇരുവരും നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ, വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് ഷെജിന്‍ കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിൽ അഭ്യര്‍ത്ഥിച്ചിരുന്നു.
അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്‌സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ഷെജിന്‍ ആവശ്യപ്പെട്ടത്.
ഇതിനിടെ ഷെജിന്‍ ഈസ്റ്റര്‍ ആശംസ അറിയിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു. ഭാര്യ ജോത്സന ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന ചിത്രമാണ് ഷെജിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ഷെജിന്‍ ഈസ്റ്റര്‍ ആശംസ നേരുകയും ചെയ്തിട്ടുണ്ട്. ‘നന്മയുടെയും സ്നേഹത്തിന്‍റെയും ഈസ്റ്റര്‍ ആശംസകള്‍’ എന്ന തലക്കെട്ടോടെയാണ് ഷെജിന്‍റെ പോസ്റ്റ്.
ഇതിനിടെ ജോത്സന ഭര്‍ത്താവ് ഷെജിനൊപ്പം കഴിഞ്ഞ ചൊവ്വാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും, തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും വ്യക്തമാക്കിയ ജോത്സന തനിക്ക് ഷെജിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും കോടതിയില്‍ അറിയിച്ചിരുന്നു. അതേ തുടർന്ന് ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ജോത്സനക്ക് കോടതി അനുമതി നല്‍കുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മകളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് പിതാവിന്റെ വാദം. മകളെ തട്ടിക്കൊണ്ടു പോയതാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പിതാവ് കോടതിയില്‍ വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോത്സനയും തമ്മിലുള്ള മിശ്രവിവാഹം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ജോത്സനയുടെ പിതാവ് ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അല്ലെങ്കില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും പിതാവ് പറഞ്ഞിരുന്നു.