KeralaNEWS

ഇനി പുസ്‌തകം തുറന്നും ഉത്തരമെഴുതാം, കോപ്പിയടിച്ചാലും ക്ലാസിൽ നിന്നും പുറത്താക്കില്ല; സർവകലാശാലാ പരീക്ഷകളിൽ സമഗ്ര മാറ്റം വരുന്നു

  സർവകലാശാലാ പരീക്ഷകൾ ഓർമ്മ പരിശോധനയിൽ നിന്ന് അറിവ് പരിശോധനയിലേക്ക് മാറ്റാനും ഇന്റേണൽ മാർക്ക് 40 ശതമാനമാക്കി വർദ്ധിപ്പിക്കാനും പരീക്ഷാ പരിഷ്കരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ.സി.ടി അരവിന്ദകുമാർ സമിതി സർക്കാരിന് ഇടക്കാല ശുപാർശ നൽകി. മൂല്യനിർണയരേഖ ആർക്കും പരിശോധിക്കാവുന്ന പൊതുരേഖയായി കോളജിൽ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. എം.ജി സർവകലാശാലാ പ്രൊ. വൈസ് ചാൻസലറാണ് ഡോ.സി.ടി അരവിന്ദകുമാർ.

വിദ്യാർത്ഥിയെ അദ്ധ്യാപകൻ നിരന്തരമായി വിലയിരുത്തുന്ന കണ്ടിന്യുവസ് ഇവാലുവേഷൻ സംവിധാനം ഏർപ്പെടുത്തണം. ഇതിന് അദ്ധ്യാപകർക്ക് പരിശീലനം നൽകണം. ഇന്റേണൽ മാർക്ക് 50 ശതമാനമാക്കണം. ഓപ്ഷനുകളിൽനിന്ന് ഉത്തരം തിരഞ്ഞെടുക്കുന്ന ഒബ്ജക്ടീവ് രീതിയിലേക്ക് പരീക്ഷകൾ മാറ്റണം.

പ്രവേശനപരീക്ഷകളും ജോലിക്കായുള്ള പരീക്ഷകളുമെല്ലാം ഈ രീതിയിലാണ്. മിനി പ്രോജക്ടുകളും സെമിനാറുകളും നിർബന്ധമാക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഓപ്പൺബുക്ക് പരീക്ഷകൾ നടപ്പാക്കണം.

ബിരുദകോഴ്സുകളിൽ ആദ്യ സെമസ്റ്ററുകളുടെയും പി.ജി കോഴ്സുകളിൽ ഒന്നിടവിട്ട സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കോളജുകൾക്ക് നൽകണം.

ക്രമക്കേട് തടയാൻ ഇതിൽ 20ശതമാനം ഉത്തരക്കടലാസുകൾ സർവകലാശാല പുറത്ത് പരിശോധിക്കണം. പ്രവേശനത്തിനും കോഴ്സ് വിജയിക്കാനും രണ്ടുവട്ടം നിലവിൽ ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇതൊഴിവാക്കി ചട്ടങ്ങൾ ഏകീകരിക്കണം. സർവകലാശാലകളിലെ കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റണം.

കോപ്പിയടി

കോപ്പിയടി പിടികൂടിയാൽ കുട്ടിയെ പരീക്ഷാഹാളിൽ നിന്ന് ഇറക്കിവിടരുത്. ക്രമക്കേട് കാട്ടിയ ഉത്തരക്കടലാസ് വാങ്ങി പകരം മറ്റൊന്ന് നൽകണം. ബാക്കി ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ അനുവദിക്കണം.

അന്വേഷണത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ആ പേപ്പറിന്റെ പരീക്ഷ മാത്രം റദ്ദാക്കണം. നിലവിൽ എല്ലാ പരീക്ഷകളും റദ്ദാക്കുകയാണ് ചെയ്യുക.

ഫലം 30 ദിവസത്തിനകം

പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണം. പുനർമൂല്യനിർണയം 15 ദിവസത്തിനകം പൂർത്തിയാക്കണം. ഏത് സർട്ടിഫിക്കറ്റും അപേക്ഷിച്ച് 15 ദിവസത്തിനകം ലഭ്യമാക്കണം. യു.ജി.സി അംഗീകാരമുള്ള സർവകലാശാലകൾ പരസ്പരം അംഗീകരിച്ച് തുല്യതാ, യോഗ്യതാ സർട്ടിഫിക്കറ്റ് നൽകണം.

ഇന്റേണൽ മാർക്ക് കുറവാണെങ്കിൽ ആദ്യം പഠനവകുപ്പിനും പിന്നീട് കോളജ് പ്രിൻസിപ്പലിനും പരാതി നൽകാം. പരിഹാരമായില്ലെങ്കിൽ സിൻഡിക്കേറ്റിലോ പരീക്ഷാ കൺട്രോളറോടോ പരാതിപ്പെടാനാവണം. ഇന്റേണൽ, എഴുത്തുപരീക്ഷാ മാർക്കുകളിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ പുനർമൂല്യനിർണയം നടത്തണം.
എല്ലാ കോഴ്സുകൾക്കും ചോദ്യങ്ങൾ ചോദ്യപേപ്പർബാങ്കിൽ നിന്നാവണം. ഉത്തരക്കടലാസുകൾ പരീക്ഷാകേന്ദ്രത്തിൽ നിന്ന് സ്കാൻ ചെയ്ത് മൂല്യനിർണയത്തിന് ഡിജിറ്റലായി അദ്ധ്യാപകർക്ക് അയച്ചുകൊടുക്കുകയും, അവർ ഡിജിറ്റലായി മാർക്കിടുകയും ചെയ്യുന്ന ഓൺസ്ക്രീൻ ഇവാലുവേഷൻ നടപ്പാക്കണം.  ഇങ്ങനെയായാൽ ഉത്തരക്കടലാസ് നഷ്ടമാവുന്ന പ്രശ്നമുണ്ടാവില്ല.

Back to top button
error: