സംഘാടകരുടെ പ്രതീക്ഷകള്‍ ഇത്തവണയും തെറ്റിയില്ല ഫെഡറേഷന്‍ കപ്പ് പോലെയോ അതിനെക്കാളേറെയൊ ആളുകള്‍ ഒഴുകിയെത്തിയ പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം അക്ഷരാര്‍ത്ഥത്തില്‍ ആവേശകടലായി. ഫുട്‌ബാള്‍ തങ്ങളുടെ രക്തത്തില്‍ അലിഞ്ഞ വികാരം തന്നെയാണെന്ന് മലപ്പുറം ഒരിക്കല്‍ക്കൂടി തെളിയിച്ചു.
പച്ചപ്പുല്ല് നിറഞ്ഞ മൈതാനത്തിൽ നീലയും വെള്ളയും ജഴ്സിയണിഞ്ഞ കേരളത്തിന്റെ താരങ്ങൾ. ഗാലറിയിൽ വർണമിഠായി വാരിവിതറിയപോലെ ആരാധകർ. സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരം അവിസ്മരണീയം. വൈകിട്ട് ഏഴിനു ശേഷം പയ്യനാട് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ആയിരകണക്കിന് ഫുട്‌ബാള്‍ പ്രേമികളാണ്. കളി തുടങ്ങിയിട്ടും ഒഴുക്ക് അവസാനിച്ചില്ല. കേരളം- രാജസ്ഥാന്‍ മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തുടങ്ങിയതാണ് പയ്യനാട്ടേക്കുള്ള കാണികളുടെ ഒഴുക്ക്. ഉദ്ഘാടന ചടങ്ങിന് ശേഷം 8.06നാണ് മത്സരം ആരംഭിച്ചത്. മത്സരം തുടങ്ങിയപ്പോഴേക്കും പ്രധാന ഗാലറി നിറഞ്ഞു. ഗാലറിയിലുള്ളതിലും കൂടുതല്‍ പേര്‍ സ്റ്റേഡിയം കോമ്പോണ്ടിന് പുറത്തേക്ക് നീണ്ട നാലിലേറെ വരികളിലായി ടിക്കറ്റിന് കാത്തിരിക്കുന്നു. മത്സരം 20-ാം മിനിറ്റിലേക്ക് നീങ്ങിയപ്പോഴേക്കും മൈതാനത്തിന്റെ നാല് ഭാഗവും കാണികളെ കൊണ്ട് നിറഞ്ഞു. ഇരിപ്പിടം കിട്ടാതെ കളി കാണേണ്ടി വന്നിട്ടും ആര്‍ക്കും പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല. സ്റ്റേഡിയം നിറഞ്ഞ് ടിക്കറ്റ് കൗണ്ടര്‍ അടക്കേണ്ടിവന്നതിനാല്‍ ആയിരക്കണക്കിന് പേരാണ് ആദ്യ ദിനം കളി കാണാന്‍ കഴിയാതെ മടങ്ങിയത്. 25,000 പേര്‍ക്കുള്ള ഇരിപ്പിടമാണ് സ്‌റ്റേഡിയത്തിൽ ഒരുക്കിയിരുന്നതെങ്കിലും ആയിരകണക്കിന് പേരാണ് ഇരിപ്പിടമില്ലാതെ കളി കണ്ടത്. കാണികളുടെ താളത്തിലുള്ള ആരവങ്ങളും മൊബൈല്‍ വെളിച്ചം പ്രകാശിപ്പിച്ചുള്ള ആഘോഷങ്ങളും ആദ്യദിന മത്സരങ്ങള്‍ക്ക് കൊഴുപ്പേകി.
രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ മൈതാനം മുഴുവൻ അടക്കിവാണ കേരള ടീമിന്റെ പ്രകടനം പോലെയായിരുന്നു ഗാലറിയിൽ കാണികളുടെ ആവേശവും. തിരമാല പോലെയുള്ള മലയാളി താരങ്ങളുടെ മുന്നേറ്റത്തിനൊപ്പം ഗാലറിയിലും ആവേശത്തിരകളുയർന്നു.
കേരളത്തിന്റെ ചുണക്കുട്ടികൾ ആ ആവേശം കളത്തിലേക്കു പകർന്നപ്പോൾ രാജസ്ഥാൻ എരിഞ്ഞു തീർന്നു. യോഗ്യതാ മത്സരത്തിൽ മഹാരാഷ്ട്രയെ അട്ടിമറിച്ചതിന്റെ പകിട്ടുമായെത്തിയ രാജസ്ഥാനെ 5–0ന് മുക്കി കേരളം സന്തോഷ് ട്രോഫിയിലെ കിരീടക്കുതിപ്പിന് ഉജ്വല തുടക്കമിട്ടു.
സൂപ്പർ ഹീറോ ജിജോ ജോസഫ്
ക്യാപ്റ്റന്റെ ആം ബാൻഡുമായിറങ്ങിയ ആദ്യ സന്തോഷ്ട്രോഫി മത്സരം ജിജോ ജോസഫ് ഹാട്രിക്കോടെ ഗംഭീരമാക്കി. കളം നിറഞ്ഞു കളിക്കുകയും മൂന്നു തവണ രാജസ്ഥാൻ പോസ്റ്റിലേക്കു നിറയൊഴിക്കുകയും ചെയ്ത ഈ മധ്യ നിരക്കാരൻ തന്നെയായിരുന്നു പയ്യനാട് സ്റ്റേഡിയത്തിലെ ഹീറോ. വെറും ഹീറോയല്ല, സൂപ്പർ ഹീറോ.
ആറാം മിനിറ്റിലെ ഫ്രീ കിക്ക് ഗോളിനു ശേഷം ജിജോ തിരിഞ്ഞു നോക്കിയില്ല. കേരളം നേടിയ മറ്റു രണ്ടു ഗോളുകളിലും ജിജോയുടെ ‘കാലൊപ്പു’ണ്ടായിരുന്നു. തൃശൂർ തിരൂർ സ്വദേശിയായ ജിജോ 2014 മുതൽ കേരള സന്തോഷ് ട്രോഫി ടീമിന്റെ മിഡ്ഫീൽഡ് ജനറലാണ്.
ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിൽ കേരളത്തിന്റെ കുതിപ്പിനു ഇന്ധനം പകർന്ന ക്യാപ്റ്റൻ ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിലും വരവറിയിച്ചു.