KeralaNEWS

നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി വേണം: പി.ജെ. കുര്യന്‍; രാഹുല്‍ഗാന്ധിക്കെതിരേയും രൂക്ഷവിമര്‍ശനം

ഡല്‍ഹി: നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി വേണമെന്ന് പി.ജെ. കുര്യന്‍. രാഹുല്‍ഗാന്ധിക്കെതിരേയും രൂക്ഷവിമര്‍ശനം. കേരളശബ്ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ഗാന്ധി, നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി വേണമെന്നും കുര്യന്‍ തുറന്നടിച്ചു. ജി 23 സംഘവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ തുടരുമ്പോഴാണ് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പി ജെ കുര്യന്‍ രംഗത്തെത്തുന്നത്. രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി കടന്നാക്രമിച്ചാണ് കുര്യന്റെ വിമര്‍ശനം. ആദ്യമായാണ് കേരളത്തില്‍ നിന്നൊരു നേതാവ് രാഹുലിനെതിരെ ഇത്രയും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തുന്നത്.

2019 ലെ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടി രാഹുല്‍ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജി വച്ചത് മുതല്‍ കോണ്‍ഗ്രസ് നാഥനില്ലാകളരിയായി. രാജിവച്ചിട്ടും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് രാഹുല്‍ഗാന്ധിയാണ്. അതൊരു ശരിയായ നടപടിയല്ലെന്നാണ് കുര്യന്റെ വിമര്‍ശനം. പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകളില്ല. തനിക്ക് ചുറ്റുമുള്ള സ്വാധീനമുള്ള കുറച്ചാളുകളുമായി മാത്രം ആലോചിച്ച് രാഹുല്‍ ഗാന്ധി തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്നും അസന്നിഗ്ദമായി കുര്യന്‍ വ്യക്തമാക്കുന്നു. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുലെന്ന് വിമര്‍ശിച്ച കുര്യന്‍ മുന്നില്‍ നിന്ന് നയിക്കേണ്ട ഘട്ടത്തിലാണ് അദ്ദേഹം പദവി ഇട്ടെറിഞ്ഞ് പോയതെന്നും തുറന്നടിച്ചു. അനുഭവജ്ഞാനമില്ലാത്ത കോക്കസാണ് അദ്ദേഹത്തിന് ചുറ്റുമുള്ളതെന്ന് വിമര്‍ശിച്ച കുര്യന്‍ തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ലാത്ത ചിലരാണ് ഉപദേശകരെന്ന് ആരോപിക്കുന്നു.

Signature-ad

കപ്പലുപേക്ഷിച്ച് പുറത്ത് ചാടിയ കപ്പിത്താനെന്ന് രാഹുലിനെ വിമര്‍ശിച്ച കുര്യന്‍ പ്രസഡിന്റായി വീണ്ടും അദ്ദേഹത്തെ വരുത്താനുള്ള നീക്കങ്ങളെയും തള്ളുന്നു. പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പറഞ്ഞയാള്‍ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുന്നത് തടയുന്നത് അംഗീകരിക്കാനാകില്ല. നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളവരായിരിക്കണം എല്ലാ കാലത്തും കോണ്‍ഗ്രസ് പ്രസിഡന്റായി വരണമെന്ന രീതി ന്യായീകരിക്കാനാകില്ല. സംഘടനാ തെരഞ്ഞെടുപ്പ് പരോഗമിക്കുമ്പോഴാണ് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി രാഹുല്‍ മുന്നോട്ട് പോകുന്നുവെന്ന പരസ്യവിമര്‍ശനം കുര്യന്‍ നടത്തുന്നത്. രാഹുലാണ് പ്രശ്‌നങ്ങളുടെ കേന്ദ്രബിന്ധുവെന്ന പറഞ്ഞ കുര്യന്റെ അടുത്തനീക്കം എന്താണെന്നാണ് ഇനി അറിയേണ്ടത്.

Back to top button
error: