ഇടുക്കി: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റി. പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ജില്ലാ കമ്മറ്റിയുടെ വിമര്‍ശനം. ഭൂമി പ്രശ്‌നങ്ങള്‍ക്കും കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനും പ്രഥമ പരിഗണന നല്‍കും എന്നായിരുന്നു ഇടത് സര്‍ക്കാര്‍ ഇടുക്കിക്കാര്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനം. എന്നാല്‍ തുടര്‍ഭരണം ലഭിച്ചിട്ടും നടപടിയൊന്നുമാകുന്നില്ല.
പട്ടയം നല്‍കുന്നതിനായി ഭൂപതിവ് നിയമം പരിഷ്‌ക്കരിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാത്തതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രത്യക്ഷ സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് ജില്ല കമ്മറ്റി യോഗം ചേര്‍ന്നത്. പ്രശ്‌ന പരിഹാരത്തിനായുള്ളള ഇടപെടലുമായി ജില്ലാ കമ്മറ്റി മുമ്പോട്ട് പോകും. ഇതിനായി ഈ ആഴ്ച തന്നെ ഇടുക്കിയില്‍ നിന്നുള്ള ഇടത് നേതാക്കള്‍ മുഖ്യമന്ത്രിയേയും, റവന്യൂ മന്ത്രിയേയും നേരില്‍ കാണും.
പ്രതിപക്ഷത്തിനൊപ്പം ഇടുക്കിയില്‍ ഇടത് പക്ഷവും ഭൂ വിഷയങ്ങളില്‍ നിലപാട് കടുപ്പിച്ചത് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിലാണ് സര്‍ക്കാരിനെതിരെ ഭൂ വിഷയങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. വട്ടവടിയിലെ നീല കുറിഞ്ഞി ഉദ്യാന അതിര്‍ത്തി നിര്‍ണ്ണയം വേഗത്തിലാക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.