KeralaNEWS

ഗോപി കോട്ടമുറിക്കൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ സ്ഥാനം രാജി വച്ചു

കൊച്ചി: ജപ്തി വിവാദത്തിനു പിന്നാലെ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ പദവിയിൽനിന്നു മുതിർന്ന സി.പി.എം നേതാവ് ഗോപി കോട്ടമുറിക്കൽ രാജിവച്ചു. രക്ഷിതാക്കളില്ലാത്ത സമയത്ത് പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തത് വൻ വിവാദമായിരുന്നു. അതേ തുടർന്ന് പാർട്ടി നിർദ്ദേശ പ്രകാരമാണ് രാജി.

ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നപടി സ്വീകരിച്ചിട്ടുണ്ട്. ഡപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവരെ സസ്പെൻഡ് ചെയ്തു.
ഗോപി കോട്ടമുറിക്കൽ നിലവിൽ കേരള ബാങ്ക് ചെയർമാനാണ്.

പായിപ്ര പേഴായ്ക്കാപ്പള്ളി വലിയ പറമ്പിൽ വി.എ രാജേഷിന്റെ വീട്ടിലായിരുന്നു കടബാധ്യതയുടെ പേരിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചത്. ഹൃദ്രോഗത്തെ തുടർന്ന് രാജേഷ് ആശുപത്രിയിൽ കഴിയുമ്പോഴായിരുന്നു സംഭവം. ഭാര്യയും രാജേഷിനൊപ്പമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മാത്യു കുഴൽ നാടൻ എം.എൽ.എ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറുകയും കുടുംബത്തിന് തുണയാകുകയും ചെയ്തത് വലിയ ചർച്ചയായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്താക്കി ജപ്തി നടപടി സ്വീകരിച്ച ബാങ്കിനെതിരേ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

ഹൃദ്രോഗ ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രാജേഷിന്റെ കടം മാത്യു കുഴൽ നാടൻ ഏറ്റെടുത്തിരുന്നു. ഇത് വൻ വാർത്തയായതോടെ ബാങ്കിലെ സി.ഐ.ടി.യു യൂണിയൻ രാജേഷിന്റെ കടം അടച്ചുതീർക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നെങ്കിലും അത് വേണ്ടെന്ന് രാജേഷ് പറഞ്ഞിരുന്നു. മാത്യു കുഴൽനാടൻ നൽകിയ ചെക്കുമായി രാജേഷും ഭാര്യയും ബാങ്കിലെത്തിയപ്പോൾ ലോൺ അടച്ചു തീർത്തതായി അറിയിച്ച് ചെക്കു വാങ്ങാൻ ഉദ്യോഗസ്ഥർ തയാറായില്ല. താൻ ലോൺ അടച്ചിട്ടില്ലെന്നും പണം സിഐടിയുവിനു നൽകുകയുമില്ലെന്നു നിലപാടെടുത്തതോടെയാണ് ഉദ്യോഗസ്ഥർ ചെക്ക് സ്വീകരിച്ചത്.
ജപ്തി നടപടി സ്വീകരിച്ച ബാങ്ക് ജീവനക്കാരുടെ നടപടി വൻ വിവാദമാണ് സൃഷ്ടിച്ചത്. ഉദ്യോഗസ്ഥരുടെ നടപടിയിൽ സഹകരണ വകുപ്പു വീഴ്ച കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു നിർദേശമുണ്ടായതിനു പിന്നാലെ ബാങ്ക് സി.ഇ.ഒ ജോസ് കെ.പീറ്റർ രാജി വച്ചിരുന്നു. ബാങ്കിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ജപ്തി നടപടികൾക്കായി അജീഷിന്റെ വീട്ടിലെത്തിയത്. പൊലീസും കോടതി ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. പൊലീസിനാണ് ജപ്തി നടപടിയുടെ ഉത്തരവാദിത്തം എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ.
സി.പി.എം ഭരിക്കുന്ന ബാങ്കിൽ ഇത്തരത്തിലൊരു സംഭവമുണ്ടായത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. തുടർന്നാണ് ഗോപി കോട്ടമുറിക്കൽ സ്ഥാനമൊഴിഞ്ഞത്.

Back to top button
error: