മൂവാറ്റുപുഴയിൽ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്ത് മൂന്ന് കട്ടികളെ പെരുവഴിയിലിറക്കിവിട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഹൃദ്രോഗിയായ ഗൃഹനാഥനും ഭാര്യയും ആശുപത്രിയിൽ കഴിയുമ്പോഴാണ് ഈ ഹീനകൃത്യം ചെയ്തത്.
ഈ ജപ്തി വിവാദത്തിനു പിന്നാലെ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ പദവി തന്നെ രാജിവയ്ക്കേണ്ടി വന്നു മുതിർന്ന സി.പി.എം നേതാവായ ഗോപി കോട്ടമുറിക്കലിന്.
ഇപ്പോഴിതാ പന്തളത്ത് കുടിശിക മുടങ്ങിയവരുടെ വീട് ജപ്തി ചെയ്യാന്‍ പോയ കേരളാ ബാങ്ക് ജീവനക്കാര്‍ ആ കുടുംബത്തിനു താങ്ങും തണലുമായി തീർന്നു. കേരളാ ബാങ്ക് പന്തളം ശാഖാ മാനേജര്‍ കെ. സുശീലയും മറ്റ് ജീവനക്കാരുമാണ് മനുഷ്യത്വത്തിൻ്റെ മാതൃകയായി മാറിയത്. കുടിശിക മുടങ്ങിയവരുടെ വീട് ജപ്തി ചെയ്യാന്‍ പോയ പന്തളത്തെ കേരളാ ബാങ്ക് ജീവനക്കാര്‍ അവിടെ കണ്ടത് തീരാദുരിതം. ജപ്തി ചെയ്ത് ഇറക്കി വിട്ടാല്‍ പോകാനിടമില്ല. തുടർന്ന് കണ്ടത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം ആയിരുന്നു. മാനേജര്‍ കെ. സുശീലയുടെ നേതൃത്വത്തില്‍ പിരിവെടുത്ത് ഇവരുടെ കുടിശിക അടച്ചു തീര്‍ത്ത് ആധാരം തിരിച്ചുനല്‍കുകയാണ് ആദ്യം ചെയ്തത്. പിന്നാലെ വിഷുക്കൈ നീട്ടമായി പുതിയൊരു വീടും നിര്‍മിച്ച് നല്‍കി ജീവനക്കാര്‍.
കേരളാ ബാങ്കിന് ഒരു പൊന്‍തൂവലാണ് പന്തളം ശാഖാ മാനേജര്‍ കെ. സുശീലയെന്ന് കിടപ്പാടത്തിന്റെ താക്കോല്‍ കൈമാറിയ കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. തോന്നല്ലൂര്‍ ഇളയശേരില്‍ രാജമ്മ, സഹോദരങ്ങളായ കൃഷ്ണന്‍, രാജി എന്നിവര്‍ക്കാണ് താക്കോൽ കൈമാറിയത്.
ശാഖാ മാനേജര്‍ കെ. സുശീല തുടങ്ങി വച്ച കാരുണ്യ സ്പര്‍ശം തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ശാഖകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയായിരുന്നു.
വീട് നിര്‍മാണത്തിന് വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ വഹിച്ച പങ്ക് വലുതാണ്. അഞ്ചര ലക്ഷത്തോളം രൂപ പുതിയ വീടിന്റെ നിര്‍മ്മാണത്തിനുവേണ്ടി ചെലവഴിച്ചു. ബ്രഹ്മ ബില്‍ഡിങ് കണ്‍സള്‍ട്ടന്‍സി എം. മായയാണ് വിഷുവിന് മുന്‍പ് തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്.
വായ്പ തിരിച്ചടയ്ക്കാനാകാതെ പ്രതിസന്ധിയിലായപ്പോള്‍ നോട്ടീസ് പതിച്ച് ജപ്തി നടപടികള്‍ നടപ്പാക്കാനെത്തിയ ബാങ്ക് അധികാരികള്‍ തന്നെ മുന്‍കൈയെടുത്താണ് ഇവര്‍ക്കായി പുതിയ വീടു പണിതത്. പഴയ വീട് നിന്ന സ്ഥലത്ത് തന്നെയാണ് പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. ആകെയുള്ള 10 സെന്റ് ഭൂമി പണയപ്പെടുത്തിയാണ് 2008 ല്‍ വീടെന്ന മോഹത്തിന് തുടക്കം കുറിച്ചത്. ജില്ലാ സഹകരണ ബാങ്ക് ശാഖയില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തപ്പോള്‍ കൂലിവേല ചെയ്ത് അടച്ചു തീര്‍ക്കാമെന്നു കരുതിയെങ്കിലും ദുരന്തങ്ങള്‍ ഇവരുടെ പണം തിരിച്ചടവിന് ഭംഗം വരുത്തി.
പെയിന്റിങ് തൊഴിലാളിയായ കൃഷ്ണന് പണിക്കിടയിലുണ്ടായ അപകടവും പഴയ വീടിനുണ്ടായ തീപിടുത്തവും കാരണം പലിശയടയ്ക്കാതെ വായ്പത്തുക കൂടി ക്കൊണ്ടിരുന്നു. ഒരു ലക്ഷം രൂപ 2,45000 വരെ എത്തിയപ്പോള്‍ ജപ്തി നടപടിയിലെത്തി. ഇവരുടെ വിഷമം കണ്ട് സഹായിക്കാനായി ബാങ്ക് മാനേജരും ജീവനക്കാരും കൈകോര്‍ത്തു. എല്ലാവരും കൈ അയച്ച് സഹായങ്ങൾ നല്‍കി. അങ്ങനെ കടം അടച്ച് തീർത്ത് ആധാരം തിരികെ നല്‍കി.
പകുതി പണിത വീടിന്റെ സ്ഥാനത്ത് ഒരു വീട് വയ്ക്കാനായി നടത്തിയ ശ്രമവും വിഫലമായില്ല. വെള്ളായണി കാര്‍ഷിക കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ഏറ്റവും കൂടുതല്‍ സഹായിച്ചത്.