പത്തനംതിട്ട : ലഹരിക്കേസുകള്‍ നാള്‍ക്കുനാള്‍ വർധിക്കുമ്പോൾ നിസ്സഹായരാകുന്നത് ഉദ്യോഗസ്ഥരാണ്.ലഹരി ഉത്പന്നങ്ങള്‍ ഒരു കിലോയില്‍ കൂടുതല്‍ കൈവശം വച്ചാല്‍ മാത്രമേ ജാമ്യമില്ലാവകുപ്പ് പ്രകാരം അവർക്കെതിരെ കേസെടുക്കാന്‍ കഴിയു.
ഇതറിയാവുന്ന പ്രതികള്‍ ഒരു കിലോയില്‍ താഴെയായി പലരുടെ കൈവശമായാണ് ലഹരി സൂക്ഷിച്ച് വില്‍പ്പന നടത്തുന്നത്.പിടികൂടിയാലും ജാമ്യം നല്‍കി ഇവരെ വിട്ടയക്കേണ്ടി വരും.ഒരുതവണ പിടിച്ച് വിട്ടവരെ വീണ്ടും പിടിച്ചാലും ഇതേ കാരണത്താല്‍ വിട്ടയക്കേണ്ടി വരും.
ലഹരിക്കേസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതികളിലധികവും ചെറുപ്രായക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത.ഇവരില്‍ അധികവും ലഹരിക്ക് അടിമകളുമാണ്.മൂന്ന് മാസത്തിനുള്ളില്‍ 401 അബ്കാരി കേസുകളും 53 കഞ്ചാവ് കേസുകളുമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അബ്കാരി കേസില്‍ 358 പേരേയും കഞ്ചാവ് കേസില്‍ 43 പേരെയും ജനുവരി മുതല്‍ മാര്‍ച്ച് വരെ മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്.ജില്ലാ പൊലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയും രണ്ട് പ്രതികളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു.
കോടികള്‍ വിലവരുന്ന എം.ഡി.എം.എ കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം മദ്യം നല്‍കി പീഡിപ്പിച്ച കേസും ജില്ലയിലുണ്ടായി.അടൂരായിരുന്നു സംഭവം.ലഹരിക്ക് അടിമകളായ പ്രതികളെ റാന്നിയിലെ വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലാണ് പ്രവേശിപ്പിക്കാറ്.പക്ഷെ ചികിത്സയ്ക്ക് വിധേയമാക്കാൻ പലരും സമ്മതിക്കാറില്ലെന്നതാണ് വാസ്തവം. ജീവിതം നശിക്കുന്നത് അവർ അറിയുന്നില്ല.