കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പിടികൂടി. വിപണിയിൽ ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേർ പൊലീസ് പിടിയിലായിട്ടുണ്ട്.
ദുബായിൽ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് സ്വർണ്ണം കൊണ്ടുവന്നത്. ഇവർ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ സ്വീകരിക്കാനെത്തിയവരെയടക്കം പൊലീസ് പിടികൂടിയിട്ടുണ്ട്. ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. സ്വീകരിക്കാനെത്തിയവർ വന്ന മൂന്ന് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതേ സമയം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പര്‍ദയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചുലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. വെള്ളിയാഴ്ച ദുബായില്‍ നിന്നുള്ള വിമാനത്തില്‍ മംഗളൂരു വിമാനതാവളത്തിലെത്തിയ യുവതിയെ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് പര്‍ദയുടെ ബട്ടണില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 5.34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തിയത്. ചെറിയ വളയത്തിന്റെ ആകൃതിയിലുള്ള സ്പ്ലിറ്റ് വാഷറിന്റെ രൂപത്തിലാണ് സ്വര്‍ണം കാണപ്പെട്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.