108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമയുടെ പണിപൂര്‍ത്തിയായി. നരേന്ദ്ര മോദി ഇന്ന് പ്രതിമ ജനങ്ങൾക്ക് സമർപ്പിക്കും. കൊവിഡ് മഹാമാരി വരുത്തിവച്ച സാമ്പത്തിക നഷ്ടത്തിൽ നിന്നും കരകയറിത്തുടങ്ങിയിട്ടില്ല നമ്മുടെ രാജ്യം. അങ്ങനെയുള്ള അവസ്ഥയിലാണ് മോദിയും ബിജെപി സർക്കാരും രാജ്യത്ത് കോടികൾ ചെലവിട്ട് കൂറ്റൻ പ്രതിമകൾ ‘ജനങ്ങൾക്കായി’ എന്ന പേരിൽ സമർപ്പിക്കുന്നത്.
പ്രതിമയുടെ അറിയിപ്പ് വന്നത് മുതല്‍ സമൂഹ്യ മാധ്യമങ്ങളിൽ ബി.ജെ.പി സര്‍ക്കാരിനെതിരെ ശബ്ദമുയരുകയാണ്. ഒരുവശത്ത് പ്രതിമകൾ ഉയരുമ്പോൾ മറുവശത്ത് വിശന്നൊട്ടിയ വയറുകളുമായി നിരവധിപ്പേർ ജീവിക്കുന്നുണ്ടെന്നാണ് സോഷ്യൽമീഡിയ മോദിയെ ഓർമിപ്പിക്കുന്നത്.
ഹനുമാൻ ജയന്തി ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോർബിയിൽ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചടങ്ങിൽ സംബന്ധിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നു.
ഹനുമാൻജി 4 ധാം പ്രൊജക്ടിന്റെ ഭാഗമായാണ് പ്രതിമ നിർമ്മിച്ചത്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നാല് ദിക്കുകളിലായി സ്ഥാപിക്കുന്ന നാല് പ്രതിമകളിൽ രണ്ടാമത്തേതാണ് മോർബിയിലേത്. പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രതിമ മോർബി ബാപ്പു കേശവാനന്ദ ആശ്രമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.