CrimeNEWS

ആദിവാസി തയ്യൽ പരിശീലനത്തിലെ തട്ടിപ്പ് ; വിഷ്ണുപ്രിയ തിരുവനന്തപുരത്ത് നടത്തിയതും വൻ ക്രമക്കേട്

തിരുവനനന്തപുരം: പാലക്കാട് മുതലമടയിൽ ആദിവാസികളുടെ തയ്യൽ പരിശീലനത്തിൻറെ മറവിൽ കോടികൾ തട്ടി അറസ്റ്റിലായ അപ്സര ട്രിെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എംഡി വിഷ്ണുപ്രിയ തിരുവനന്തപുരത്ത് നടത്തിയ സമാന തട്ടിപ്പിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ഷോക്കടിക്കുന്നതും തുരുമ്പെടുത്തതുമായ തയ്യൽ യന്ത്രങ്ങൾ നൽകിയെന്ന് ആറ് മാസം മുമ്പ് കണ്ടെത്തിയിട്ടും പട്ടിക വർഗ്ഗ ഡയറക്ടറേറ്റ് റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു .ആദിവാസി വനിതകള്‍ പൊലീസും വിജിലൻസിലും പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല.

ഷോക്കടിക്കുന്നതും തുരുമ്പെടുത്തതുമായ തയ്യല്‍ മെഷീനുകളിലിരുന്ന് തയ്യല്‍ പഠിക്കുന്ന ആദിവാസി വനിതകള്‍.ദ്രവിച്ച ടൂള്‍ കിറ്റ്. ചോര്‍ന്നൊല്ലിച്ച് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടം.ഒരു കോടിയുടെ പദ്ധതിയില്‍ പത്ത് ലക്ഷം പോലും ചെലവാക്കിയോയെന്ന് സംശയം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് പട്ടിക വര്‍ഗ ഡയറക്ടര്‍ അന്വേഷണം നടത്തിയത്.

Signature-ad

ആദിവാസി വനിതകളേയും വിഷ്ണുപ്രിയയേയും കഴിഞ്ഞ നവംബര്‍ 12 ന് ഹിയറിംഗ് നടത്തി. നേരിട്ട് മലയടിയില്‍ പോയി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.റിപ്പോര്‍ട്ട് ഇങ്ങനെ.തയ്യല്‍ പരിശീലനത്തില്‍ അധ്യാപകരെ നല്‍കിയില്ല.പത്ത് തയ്യല്‍ മെഷീനുകളില്‍ രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.ടൂള്‍ കിറ്റ് നല്‍കിയില്ല. അഞ്ഞൂറ് രൂപ വിലയുള്ള സ്റ്റഡി മെറ്റീരിയലിന് പകരം നല്‍കിയത് 200 പേജുള്ള നോട്ട് ബുക്ക്. അപ്സരയ്ക്ക് നല്‍കിയ പണം തിരികെ പിടിക്കണമെന്നുള്‍പ്പടെ വീഴ്ചകള്‍ എണ്ണിയെണ്ണി പറയുന്ന റിപ്പോര്‍ട്ടില്‍ ഒരു നടപടിയും ഉണ്ടായില്ല.

ചോദിക്കുമ്പോള്‍ അന്വേഷണം നടക്കുന്നവെന്ന ഒഴുക്കൻ മറുപടിയാണ് പട്ടികവര്‍ഗ ഡയറക്ട്രേറ്റിന്‍റേത്.ഇതിനിടെ ജാതി വിളിച്ച് വിഷ്ണുപ്രിയ ആദിവാസി വനിതകളെ ആക്ഷേപിച്ചു.ഈ പരാതി ആര്യനാട് പൊലീസിന് നല്‍കിയെങ്കിലും മൊഴി പോലും എടുത്തില്ല.സമാനപരാതിയിലാണ് മുതലമടയില്‍ വിഷ്ണുപ്രിയയ്ക്കെതിരെ കേസെടുത്തത്.സാമ്പത്തിക തട്ടിപ്പില്‍ മലയടിയിലെ ആദിവാസി വനിതകള്‍ വിജിലൻസിന് പരാതി നല്‍കിയെങ്കിലും പേരിന് ഒരു പരിശോധന നടത്തി അവരും അന്വേഷണം അവസാനിപ്പിച്ചു

ആദിവാസികളുടെ ഉന്നമനത്തിനും അവര്‍ക്കെതിരെയുള്ള അനീതി തടയുന്നതിനുമാണ് പട്ടികവര്‍ഗ വകുപ്പ്.എന്നാല്‍ സ്വാധീനമുള്ളവരുടെ മുന്നില്‍ തലകുമ്പിട്ട് ഇതുപോലെ അനങ്ങാതിരിക്കുമ്പോള്‍ കോടികളാണ് തട്ടിപ്പുകാര്‍ കൊണ്ട് പോകുന്നത്. പാലക്കാട്ടെ കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ തിരുവനന്തപുരത്തെയും തട്ടിപ്പിലും സമഗ്ര അന്വേഷണം വേണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്

Back to top button
error: