പാലക്കാട്: അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാർത്ഥികളുടെ 15 വർഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ. സംഘടനയുടെ പുതിയ പദ്ധതിയായ ‘വിന്റേജ്’ലൂടെയാണ് ഈ ആശയം നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ അട്ടപ്പാടിയിലെ 20 കുട്ടികളെയാണ് ഈ വർഷം ഏറ്റെടുക്കുന്നത്
അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ആറാം ക്ലാസ്സിൽ പഠിക്കുന്ന ഇരുപതു ആദിവാസി കുട്ടികകളുടെ, ഇനിയുള്ള പതിനഞ്ചു വർഷത്തെ വിദ്യാഭ്യാസ ചുമതലയാണ് മോഹൻലാൽ ഏറ്റെടുക്കുക.
നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച ക്യാംപുകളിൽ നിന്നും തിരഞ്ഞെടുത്ത 20 കുട്ടികൾക്കാണ് സഹായം ലഭിക്കുന്നത്. അവരുടെ താൽപര്യത്തിന് അനുസരിച്ച് അവരെ പഠിപ്പിക്കും. ഏത് കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിച്ചാലും അത് സാധ്യമാക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ ഉറപ്പ് നൽകുന്നു. ഇപ്പോൾ തിരഞ്ഞെടുത്ത കുട്ടികളുടെ 15 വർഷത്തെ പഠനം അതിന്റെ ചെലവുകൾ ബന്ധപ്പെട്ട കാര്യങ്ങൾ സംഘടന നോക്കും. ഈ കുട്ടികളുടെ രക്ഷകർത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്ന് മോഹൻലാൽ അറിയിച്ചു.
എല്ലാ വർഷവും ഇത്തരത്തിൽ കുട്ടികളെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഉദ്യമത്തിൽ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാൻ ഇ വൈ ഗ്ലോബൽ ഡെലിവറി സർവീസ് കരിയേഴ്‌സ് എന്ന സ്ഥാപനവും ഉണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം തന്നെ അവരുടെ ഭാവി സുരക്ഷിതമാകാനുള്ള എല്ലാ സഹായങ്ങളും, മാർഗദർശനവും ഇത് വഴി അവർക്കു നൽകുമെന്ന് മോഹൻലാൽ അറിയിച്ചു.
കോവിഡ് സമയത്തു ഈ സംഘടനയിലൂടെ കേരളത്തിന് പുറത്തു തമിഴ്‌നാട്, മഹാരാഷ്ട്ര, പുണെ എന്നിവിടങ്ങളിലും മോഹൻലാൽ സഹായം എത്തിച്ചിരുന്നു.