ന്യൂഡല്‍ഹി: കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടിലും കാര്‍ഷിക കയറ്റുമതിയില്‍ നേട്ടവുമായി ഇന്ത്യ. 2021-22 കാലയളവില്‍ ഏകദേശം 20 ശതമാനം ഉയര്‍ന്ന് 50.21 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കാര്‍ഷിക ചരക്കുകളില്‍, 9.65 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനം നേടിയ അരി കയറ്റുമതിയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.35 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഗോതമ്പ് കയറ്റുമതി 2020-21 സാമ്പത്തിക വര്‍ഷം 567 മില്യണ്‍ ഡോളറായിരുന്നത് 2021-22 ല്‍ 2.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും രാജ്യം കാര്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2020-21ല്‍ 323 മില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍ 634 മില്യണ്‍ ഡോളറായി വര്‍ധിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കന്നുകാലി ഇറച്ചി കയറ്റുമതി 3.30 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറച്ചി കയറ്റുമതി 2020-21 ല്‍ 3.17 ബില്യണ്‍ ഡോളറായിരുന്നു. കോഴിയിറച്ചി ഉത്പന്നങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ 58 മില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍ 71 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ബംഗ്ലാദേശ്, യുഎഇ, വിയറ്റ്‌നാം, യുഎസ്, നേപ്പാള്‍, മലേഷ്യ, സൗദി അറേബ്യ, ഇന്തോനേഷ്യ, ഇറാന്‍, ഈജിപ്ത് എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണികള്‍.