NEWSWorld

ഷഹബാസ് ശരീഫ് പാക്‌ പ്രധാനമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ഇസ്ലാമാബാദ്: പിഎംഎല്‍എന്‍ തേതാവ് ഷഹബാസ് ശരീഫ് നാളെ പാകിസ്താന്റെ ഇരുപത്തിമൂന്നാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പാക്കിസ്ഥാന്‍ മുസ്ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് മിയാ മുഹമ്മദ് ഷെഹബാസ് ശരീഫ്. നിലവില്‍ പാക് നാഷണല്‍ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിന്‍സിന്റെ മുഖ്യമന്ത്രിയായിരുന്നു. ഷെഹ്ബാസ് ശരീഫിനെയാണ് നിലവില്‍ പ്രതിപക്ഷം പാകിസ്താന്റെ വസീരെ ആസം അഥവാ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചിട്ടുള്ളത്.

1951 -ല്‍ ലാഹോറില്‍ ജനനം. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അനുജന്‍. നവാസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്ത്, ഷഹബാസിന്റെ ശ്രദ്ധ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഫാക്ക് ഗ്രൂപ്പ് എന്ന സ്റ്റീല്‍ ഫാക്ടറിയുടെ നടത്തിപ്പില്‍ മാത്രമായിരുന്നു. നവാസ് ശരീഫ് രാഷ്ട്രീയത്തിലൂടെ നേടിയ അളവറ്റ പണം കുമിഞ്ഞുകൂടിയിരുന്നത് ഈ സ്ഥാപനത്തിലാണ് എന്നൊരു ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു. 1988 -ല്‍ ബിസിനസ് ഉപേക്ഷിച്ച് ഷെഹ്ബാസ് രാഷ്ട്രീയഗോദയിലേക്ക് ഇറങ്ങുന്നു. അക്കൊല്ലമാണ് അദ്ദേഹം പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ അസംബ്ലിയിലേക്ക് ജയിച്ചു കയറുന്നത്. 1990 -ല്‍ ആദ്യമായി നാഷണല്‍ അസംബ്ലിയില്‍ എത്തുന്ന ഷെഹ്ബാസ്, 1993 -ല്‍ അസംബ്ലിയില്‍ പ്രതിപക്ഷ നേതാവാകുന്നുണ്ട്. 1997 -ല്‍ അദ്ദേഹം ആദ്യമായി പഞ്ചാബ് പ്രൊവിന്‍സിന്റെ മുഖ്യമന്ത്രിയാവുന്നു.

1999 -ല്‍ രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടായപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഷെഹ്ബാസ് കുടുംബ സമേതം സൗദി അറേബ്യയിലേക്ക് കടക്കുന്നു. എട്ടുകൊല്ലത്തെ പലായനജീവിതത്തിനു ശേഷം 2007 -ല്‍ പാകിസ്താനിലേക്ക് മടങ്ങിയെത്തുന്ന ഷെഹ്ബാസ് ആദ്യം 2008 -ലും പിന്നീട് 2013 ലും പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുന്നു. പ്രൊവിന്‍സിനെ ഏറ്റവും അധികകാലം ഭരിച്ചിട്ടുള്ള മുഖ്യമന്ത്രി ഷെഹ്ബാസ് ശരീഫ് ആണ്. എന്നാല്‍, പഞ്ചാബ് ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയും ഷെഹ്ബാസ് തന്നെയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. മുഖ്യമന്ത്രി ആയ അന്നുതൊട്ടേ ആരോപണങ്ങളുടെ നിഴലിലായിരുന്നു ഷഹബാസ്. 1998 -ല്‍ ഭരണത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ, അഞ്ചു മദ്രസ്സ വിദ്യാര്‍ത്ഥികളെ എന്‍കൗണ്ടറിലൂടെ വധിക്കാന്‍ പോലീസിനോട് ഉത്തരവിട്ടു എന്ന ആക്ഷേപം അദ്ദേഹത്തിന് നേരെ ഉയര്‍ന്നു വന്നു. ഈ ആരോപണം ശരീഫ് അന്നും ഇന്നും നിഷേധിക്കുന്നുണ്ട്. പനാമ പേപ്പേഴ്‌സ് ചോര്‍ന്ന സമയത്ത് അതിലും ഷഹബാസ് ഷെരീഫിന്റെ പേരുണ്ടായിരുന്നു. എട്ട് ഓഫ്ഷോര്‍ കമ്പനികള്‍ ഷെഹ്ബാസ് ശരീഫുമായി ബന്ധമുള്ളവയാണ് എന്നായിരുന്നു പനാമ പേപ്പേഴ്‌സ് സൂചിപ്പിച്ചത്.

2019 -ല്‍ പാകിസ്താനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ വെളിപ്പെടുത്തിയത് കോടികള്‍ വിലമതിക്കുന്ന 23 അനധികൃത സ്വത്തുക്കള്‍ ആണ് ഷഹ്ബാസ് ശരീഫിന്റെയും മകന്റെയും പേരില്‍ ഉള്ളത് എന്നാണ്. അന്ന് കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് NAB ഷെഹബാസിനെ അറസ്റ്റു ചെയ്ത് ആറുമാസത്തോളം ലാഹോര്‍ ജയിലില്‍ അടച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്ന നിലപാടാണ് ഷെരീഫ് കുടുംബം കൈക്കൊണ്ടത്. അങ്ങനെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഷഹബാസ് ശരീഫ് എന്നത് ഇന്ന് പാക് പ്രതിപക്ഷത്തിന്റെ പ്രധാന സ്വരങ്ങളില്‍ ഒന്നാണ്. പാക് നാഷണല്‍ അസംബ്ലിയിലെ നിര്‍ണായകമായ 84 സീറ്റുകള്‍ ഇന്ന് ഷഹബാസിന്റെ നിയന്ത്രണത്തിലാണുള്ളത്. പ്രതിപക്ഷത്തെ ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടിയും ഷഹബാസിന്റെ പാക് മുസ്ലിം ലീഗ് നവാസ് തന്നെയാണ്. അതുതന്നെയാണ് പ്രധാനമന്ത്രിപദത്തിലേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കപ്പെടാനുള്ള കാരണവും.

ഈ ഘട്ടത്തില്‍ അവശേഷിക്കുന്നത് ഇമ്രാന്‍ ഖാന് പകരം പ്രധാനമന്ത്രിക്കസേരയില്‍ പ്രതിഷ്ഠിക്കപ്പെടാന്‍ ഷഹബാസ് ശരീഫ് യോഗ്യനാണോ എന്ന ചോദ്യമാണ്. മറ്റേതൊരു പാകിസ്താനി രാഷ്ട്രീയ നേതാവിനെയും പോലെ ഷഹബാസ് ഷെരീഫും അഴിമതി ആരോപണങ്ങളാല്‍ കളങ്കിതനാണ്. എന്നാല്‍, മൂന്നു വട്ടം പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നപ്പോഴും ഷഹബാസിന്റെ പ്രകടനം മറ്റു മൂന്നു പ്രൊവിന്‍സുകളുടെ മുഖ്യമന്ത്രിമാരെക്കാളും ഭേദമായിരുന്നു. ഈ നിമിഷം വരെയും പാക് സൈന്യത്തിന് അനഭിമതനല്ല, ഇതൊക്കെയും, ഷെഹ്ബാസിന് അനുകൂലമായ ഘടകങ്ങളാണ്. മാത്രവുമല്ല വിദേശ രാജ്യങ്ങളുമായി, വിശേഷിച്ച് ചൈനയും തുര്‍ക്കിയുമായി ഷെഹ്ബാസ് ഷെരീഫിന് ഊഷ്മളമായ ബന്ധങ്ങളാണുള്ളത്. വ്യക്തി/ രാഷ്ട്രീയ ഭൂതകാലങ്ങള്‍ എന്തൊക്കെയായിരുന്നാലും, പാകിസ്താന്റെ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നിട്ടുള്ളവര്‍ എന്നും സൈന്യത്തിന്റെ കളിപ്പാവകള്‍ മാത്രമായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ മാറി ഷഹബാസ് ശരീഫ് വരുമ്പോഴും, കാര്യങ്ങള്‍ നടക്കാന്‍ പോവുന്നത് റാവല്‍പിണ്ടിയിലെ സൈനിക മേധാവികള്‍ നിശ്ചയിക്കുന്ന വഴിക്ക് മാത്രമാകും എന്നുറപ്പാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: