തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയിലേറെയായി തകർത്തു പെയ്യുന്ന മഴയിൽ വ്യാപക നാശനഷ്ടം.ഉച്ചയ്ക്ക് ശേഷം ആരംഭിച്ച് പെട്ടെന്ന് പെയ്തു തോരുന്ന വേനൽമഴയ്ക്ക് പകരം ശക്തമായ കാറ്റിന്റെ അകമ്പടിയോടെ രാത്രി വരെ നീണ്ടു നിൽക്കുന്ന മഴയാണ് ഇപ്പോഴത്തേത്.കേരളത്തിന് മുകളിൽ നിൽക്കുന്ന ന്യൂനമർദ്ദ പാത്തിയാണ് ഇതിന് കാരണം.
ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറില്‍ സംസ്ഥാനത്തു പെയ്തത് 25.4 mm മഴയാണ്.2022 ല്‍ ഏറ്റവും കൂടുതല്‍ മഴ രേഖപെടുത്തിയ ദിവസമായിരുന്നു ഇന്നലെ.മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 9 വരെ സംസ്ഥാനത്തു ഇതുവരെ 81% അധിക മഴ ലഭിച്ചു. 59 mm ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 106.6 mm മഴ.
ജില്ലകളില്‍ തൃശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. പത്തനംതിട്ട ( 285.7 mm), കോട്ടയം ( 205.6) എറണാകുളം ( 173.1) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. തൃശൂര്‍ ( 35 mm) മലപ്പുറം ( 43) ജില്ലകളിലാണ് ഇതുവരെ ഏറ്റവും കുറവ് മഴ ലഭിച്ചത്.
തൃശൂരില്‍ സാധാരണ ലഭിക്കേ ണ്ടതിനേക്കാള്‍ 23% കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്.കാസറഗോഡ് ജില്ലയില്‍ 247% അധിക മഴ രേഖപെടുത്തി.അതേസമയം കേരള തീരത്ത് മണിക്കൂറില്‍ നാൽപ്പത് കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റടിക്കാന്‍ ഇന്നും സാധ്യതയുണ്ടെന്നും ശക്തമായ ഇടിമിന്നല്‍ സാധ്യത ഉള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വിദഗ്ദര്‍ നിര്‍ദേശിച്ചു.