NEWS

ചോറ് കഴിച്ച് രോഗിയാകുന്ന മലയാളികൾ; എങ്ങനെ മലയാളികൾ അരിയാഹാരത്തിന് അടിമയായി?

നിയുള്ള കാലം മലയാളികള്‍ മരിക്കാന്‍ പോകുന്നത് ചോറ് കിട്ടാതെ ആവില്ല, മറിച്ച്‌ കൂടുതല്‍ ചോറ് കഴിച്ചു വരുന്ന രോഗങ്ങള്‍ കൊണ്ടാകും.വെറുതെ പറയുകയല്ല.ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ പഠനപ്രകാരം കേരളത്തില്‍ ഏതാണ്ട് ഇരുപത്തിയഞ്ച് ശതമാനം മുതല്‍ മുപ്പത് ശതമാനം വരെ ആളുകള്‍ക്ക് പ്രമേഹം,അധിക രക്തസമ്മർദ്ദം,അമിത വണ്ണം,അമിത കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്‍പ്പെടുന്ന മെറ്റബോളിക് സിന്‍ഡ്രോം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.അതും നമ്മള്‍ കരുതുന്നതില്‍ നിന്ന് വ്യത്യസ്തമായി, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ ഉയര്‍ന്ന തോതില്‍ ഈ രോഗങ്ങള്‍ ഉണ്ട് താനും.ഇത് ലോകത്തിലെ തന്നെ ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്.ഇതിന് കാരണം മലയാളികളുടെ ചോറിനോടുള്ള അടങ്ങാത്ത ആസക്തിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അരിയേക്കാൾ ഗോതമ്പ് കൂടുതൽ ഉപയോഗിക്കുന്ന ഉത്തരേന്ത്യക്കാരെയും അരിയാഹാരം തീരെ ഉപയോഗിക്കാത്ത മറ്റു രാജ്യങ്ങളിലെ ആളുകളെയും തമ്മിൽ താരതമ്യം ചെയ്താൽ മതി ഇതിന്റെ കാരണം മനസ്സിലാക്കുവാൻ.ഇതിന് കാരണമായി പറയുന്നത് ഇവയാണ്:ചോറ് വയറ്റിനുള്ളില്‍ ചെന്ന് ദഹിക്കുമ്ബോള്‍ ഗ്ലൂക്കോസ് ആയിട്ടാണ് മാറുന്നത്.ഈ ഗ്ലൂക്കോസ് രക്തത്തിലേയ്ക്ക് കടക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു.രക്തത്തിലെ പഞ്ചസാര ഉയരുമ്ബോള്‍ അതിനെ നിയന്ത്രിക്കുവാന്‍ പാന്‍ക്രിയാസിലെ ബീറ്റകോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നു.ചോറ് അമിതമായി കഴിക്കുമ്ബോള്‍ ബീറ്റകോശങ്ങള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം കൂട്ടേണ്ടിവരും. ബീറ്റകോശങ്ങള്‍ അധികജോലി ചെയ്യേണ്ടിവരുമ്ബോള്‍ ക്ഷീണിക്കും. അപ്പോള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം കുറയുകയും അത് പ്രമേഹത്തിനു കാരണമാകുകയും ചെയ്യും.ചോറിനൊപ്പം വറുത്തതും പൊരിച്ചതും സ്ഥിരമാകുമ്പോൾ അത് മറ്റ് പല അസുഖങ്ങൾക്കും കാരണമാകുകയും ചെയ്യും.
ഇനി മലയാളികളുടെ ഭക്ഷണത്തിൽ അരി എങ്ങനെയാണ് പ്രധാന വിഭവമായതെന്ന് നോക്കാം.ഹരിത വിപ്ലവത്തിന് മുൻപ് നമ്മുടെ രാജ്യത്ത് ആവശ്യത്തിന് അരിയും ഗോതമ്പും ഒന്നും ഉല്പാദിപ്പിക്കുന്നില്ലായിരുന്നു.അന്നൊക്കെ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഭക്ഷ്യധാന്യങ്ങൾക്കായി യാചിച്ചു നില്ക്കേണ്ട
 ഗതികേടിലുമായിരുന്നു നാം.അതെ,
സ്വന്തം ജനങ്ങളെ അന്നമൂട്ടാനായി അമേരിക്കയെ പോലെയുള്ള സമ്പന്നരാജ്യങ്ങുടെ മുന്നിൽ ഭിക്ഷാപാത്രവുമായി നിന്ന ഒരു കെട്ട ഭൂതകാലം ഭാരതത്തിനുണ്ടായിരുന്നു.കെയർ പദ്ധതിയിലുടെ അമേരിക്ക ചാരിറ്റിയായി തന്നിരുന്ന ഗോതമ്പ് ഉപ്പുമാവായിരുന്നു പ്രൈമറി ക്ലാസുകളിൽ ഒരു ജനറേഷന്റെ ഉച്ചഭക്ഷണം !
 
ഉള്ളതെല്ലാം ബ്രിട്ടണും വിൻസ്റ്റൺ ചർച്ചിലും അടിച്ചോണ്ടു പോയി പട്ടിണി തിന്ന് ഇന്ത്യ വാടിത്തളർന്നിരുന്ന കാലത്താണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഡോ. സ്വാമിനാഥനെ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. 
 
” മിസ്റ്റർ സ്വാമിനാഥൻ ആഹാരത്തിനായി അന്യരാജ്യങ്ങളുടെ മുൻപിൽ കൈനീട്ടി നില്ക്കുന്ന നമ്മുടെ രാജ്യത്തിന് അന്താരാഷ്ട്ര വേദികളിൽ തലയുയർത്തി നില്ക്കാനാവുന്നില്ല.സ്വന്തം ജനങ്ങൾക്ക് ആഹാരം പോലും നല്കാനാവാത്ത ഭാരതത്തിന് സ്വതന്ത്രമായ വിദേശനയമോ പ്രതിരോധതന്ത്രങ്ങളോ ഒന്നും  രൂപപ്പെടുത്തുവാൻ കഴിയുന്നില്ല.ഇന്നത്തെ നാണംകെട്ട അവസ്ഥയിൽ നിന്ന് കരകയറാൻ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഏതുവിധേനയും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ചേ മതിയാവൂ. ” 
 
ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും
സി. സുബ്രഹ്മണ്യം എന്നൊരു ദൂരക്കാഴ്ചയുള്ള കൃഷി മന്ത്രിയും ഡോ. സ്വാമിനാഥന്റെ നേതൃത്വത്തിൽ ഒരു പറ്റം ആത്മസമർപ്പിതരായ കാർഷിക ശാസ്ത്രജ്ഞരും ഒത്തുപിടിച്ചപ്പോൾ ഇന്ത്യ ഏതാനും വർഷങ്ങൾക്കുള്ളിൽ ഹരിതവിപ്ലവറാണിയായി മാറി.രാജ്യത്തിന്റെ ഗോഡൗണുകളിൽ അരിയും ഗോതമ്പും നിറഞ്ഞു കവിഞ്ഞു.ഭാരതം ഇന്ന് ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു.ഫുഡ് സെക്യൂരിറ്റി ആക്ടിലൂടെ പാവപ്പെട്ടവർക്ക് ഏതാണ്ട് സൗജന്യമായി തന്നെ ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കാനാവുന്ന സ്ഥിതിവിശേഷം ഇന്ന് ഇന്ത്യയിൽ നിലവിൽ വന്നു.
പക്ഷെ പണ്ടുമുതലേ(ബ്രിട്ടീഷുകാർക്കും ഇന്ത്യാ വിഭജനത്തിനും മുൻപ്) ഗോതമ്പ് പ്രിയരായിരുന്ന ഉത്തരേന്ത്യക്കാർ ഗോതമ്പിലേക്ക് തന്നെ വീണ്ടും തിരിഞ്ഞപ്പോൾ ദക്ഷിണേന്ത്യക്കാർ, പ്രത്യേകിച്ച് കേരളീയർ അരിയിലേക്കാണ് തിരിഞ്ഞത്.ഇപ്പോഴും ആന്ധ്രയിലും കർണാടകയിലും തമിഴ്നാട്ടിലും ഉൽപാദിപ്പിക്കപ്പെടുന്ന അരിയുടെ തൊണ്ണൂറു ശതമാനവും കേരളത്തിലേക്കാണ് എത്തുന്നത്.അങ്ങനെ കപ്പയും ചക്കയും കാട്ടുകിഴങ്ങുകളും കഴിച്ച് ശീലീച്ചിരുന്ന മലയാളികളുടെ ആഹാരക്രമം മെല്ലെ അരിയായി മാറി.അർധപട്ടിണിയിലും മുഴുപട്ടിണിയിലും എല്ലുമുറിയെ പണിയെടുത്തിരുന്ന കോരന് കുമ്പിളിൽ കഞ്ഞി
മൂക്കൂമുട്ടെ കുടിക്കാനുള്ള സൗകര്യമുണ്ടായി എന്നതായിരുന്നു ഇതിന്റെ ഏറ്റവും വലിയ ഗുണം.
 
 
മുരിക്കുംമൂട്ടിൽ ജോസഫ് എന്ന മുരിക്കൻ കായൽ നിലങ്ങളൊരുക്കി നെൽകൃഷി ചെയ്ത കഥയൊക്കെ എല്ലാവർക്കും അറിയാവുന്നതാണല്ലോ.വേമ്പനാട്ടു കായലിൻ്റെ ആഴമേറിയ മദ്ധ്യഭാഗത്ത് ചിത്തിര, മാർത്താണ്ഡം, റാണി എന്നിങ്ങനെ പേരിട്ടുവിളിക്കുന്ന കായൽനിലങ്ങൾ ഒരുക്കിയെടുത്ത്  പമ്പിൻ്റെ സഹായത്താൽ ജലം നീക്കിയാണ് അവിടെ നെൽകൃഷി ചെയ്തത്.തിരുവിതാംകൂറിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ്  ഈ ദൗത്യം മുരിക്കൻ നടപ്പിലാക്കിയത്.
 
ഉണ്ടുനിറഞ്ഞു കഴിയുമ്പോൾ ഊണൊരുക്കിയവനെ അധിക്ഷേപിക്കുന്നതിനുള്ള സുഖമല്ല, മറിച്ച് ഇനിയും മാറി ചിന്തിച്ചില്ലെങ്കിൽ മലയാളികള്‍ മരിക്കാന്‍ പോകുന്നത് പണ്ടത്തെപ്പോലെ ആഹാരം കിട്ടാതെ ആവില്ല, കൂടുതല്‍ ചോറ് കഴിച്ചു വരുന്ന രോഗങ്ങള്‍ കൊണ്ടാകും എന്നതുകൊണ്ട് മാത്രം ഇതിവിടെ കുറിക്കുന്നു.
 

Back to top button
error: