NEWS

കാറിലിടിച്ചശേഷം നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസിനെ പിന്നാലെ പാഞ്ഞ് പിടികൂടി ആലുവ ജോയിന്റ് ആര്‍ടിഒ 

കൊച്ചി: തന്റെ കാറിലിടിച്ചശേഷം നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസിനെ പിന്നാലെ പാഞ്ഞ് പിടികൂടി ആലുവ ജോയിന്റ് ആര്‍ടിഒ സലീം വിജയകുമാര്‍.വെള്ളിയാഴ്ച രാവിലെ ആലുവ ടൗണിലാണ് സംഭവം.പറവൂര്‍ ടൗണിലുള്ള ഫിറ്റ്നസ് ടെസ്റ്റ് ​ഗ്രൗണ്ടില്‍ നിന്ന് ആലുവയിലെ ഓഫീസിലേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്നു സലീം.
കാറിന് പിന്നാലെ തുടര്‍ച്ചയായി ഹോണ്‍‍ മുഴക്കിയാണ് ബസ് എത്തിയത്.മുന്നിലെ ബൈക്കുകാരന് യു-ടേണ്‍ എടുക്കാനായി കാര്‍ സ്ലോ ചെയ്തപ്പോൾ നിരന്തരം ഹോണടിച്ച്‌ ശല്യപ്പെടുത്തുകയും ചെയ്തു. വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയ സലീം ചുമ്മാതെ ഹോണ്‍ അടിക്കല്ലെന്ന് ഡ്രൈവറോട് പറഞ്ഞു. ആലുവ പാലസിന് മുന്നില്‍വച്ച്‌ വലത്തേക്ക് തിരിയാനായി കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ടപ്പോഴാണ് ബസുമായെത്തിയ ഡ്രൈവര്‍ അപകടമുണ്ടാക്കിയത്. ഇടതുവശത്തുകൂടി വേ​ഗത്തിലെത്തി, ബസിന്റെ പുറകുവശം കൊണ്ട് കാറിന്റെ മുന്‍വശത്ത് ഇടിക്കുകയായിരുന്നു.
അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും ബസ് നിര്‍ത്താതെ പോയതോടെ കാറുമായി സലീം പിന്നാലെ പോയി തടയുകയായിരുന്നു.മഫ്തിയിലായിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ജോ. ആര്‍ടിഒയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.കേസ് കൊടുത്തോ എന്നായി ഡ്രൈവര്‍.ഇതോടെ മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനപരിശോ‌ധനാ സംഘത്തെ സലീം വിളിച്ചുവരുത്തി.അപ്പോഴാണ് കാറിലുണ്ടായിരുന്നയാള്‍ ജോയിന്റ് ആര്‍ടിഒ ആണെന്ന് ഡ്രൈവര്‍ മനസ്സിലാക്കിയത്.പരാതിയെത്തുടര്‍ന്ന് ആലുവ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: