ആഫ്രിക്കയിലെ ചെഗുവേര എന്നറിയപ്പെടുന്ന തോമസ് സൻകാരയെ കൊലപ്പെടുത്തിയ കേസിൽ ബുർക്കിന ഫാസോയുടെ മുൻ പ്രസിഡന്റ് ബ്ലെയ്സ് കംപോറെയ്ക്ക് ജീവപര്യന്തം തടവ്. 1987-ലാണ് തന്റെ മുൻഗാമിയും സഹപ്രവർത്തകനുമായ തോമസ് സൻകാരയെ കംപോറെ കൊലപ്പെടുത്തിയത്.
അഴിമതിയും കൊളോണിയൽ സ്വാധീനവും തടയുമെന്ന ഉറപ്പിൽ അധികാരമേറ്റ് ജനശ്രദ്ധ നേടിയ നേതാവായിരുന്നു സൻകാര. സൻകാരയുടെ ഭരണം അട്ടിമറിച്ചായിരുന്നു കൊലപാതകം.
മുൻ യുദ്ധവിമാന പൈലറ്റായ 1983ലാണ് ബുർക്കിന ഫാസോയിൽ അധികാരമേറ്റത്. പിന്നീട് നാല് വർഷത്തിന് ശേഷം അട്ടിമറിയിലൂടെ സൻകാരയുടെ ഭരണം ബ്ലെയ്സ് കംപോറെ പിടിച്ചെടുത്തു. തലസ്ഥാനമായ ഔഗാഡൗഗിൽ വച്ച് വെടിവയ്പിലൂടെയാണ് സൻകാരയെ കൊലപ്പെടുത്തുന്നത്. 12 സർക്കാർ ഉദ്യോഗസ്ഥരും അട്ടിമറിയിൽ കൊല്ലപ്പെട്ടിരുന്നു.
സർക്കാർ ഉദ്യോഗസ്ഥരുടെ ചെലവ് ചുരുക്കൽ നടപടികളിലൂടേയും അദ്ദേഹം ജനപ്രിയനായിരുന്നു. സ്ത്രീപക്ഷ നിയമങ്ങൾ നടപ്പാക്കിയും പോളിയോ പോലുള്ള പകർച്ചവ്യാധികൾക്കെതിരായ കുത്തിവയ്പുകൾ വ്യാപകമാക്കിയും പ്രവർത്തന മികവ് തെളിയിച്ചു.