KeralaNEWS

‘അലംകൃത’യും ‘അനാമിക’യും തമ്മിൽ വഴക്ക്, ഒടുവിൽ പേരിടൽ ചടങ്ങിൽ വെല്ലുവിളിയും കൂട്ടത്തല്ലും

   പുനലൂർ: ഒരു കുഞ്ഞിന്റെ പേരിടീലിനെ ചൊല്ലി അച്ഛനും അമ്മയും വീട്ടുകാരും പോർ വിളിക്കുന്നതും തമ്മിലടിക്കുന്നതും ചിത്രീകരിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ആഘോഷിക്കണ്ട ചടങ്ങാണ്കുഞ്ഞിന്റെ പേരിടീൽ.
അച്ഛനും അമ്മയും മുൻകൂട്ടി നിശ്ചയിച്ച പേര് സന്തോഷത്തോടെയാണ് കുഞ്ഞിനിടുന്നത്.
പക്ഷേ പുനലൂരിനടുത്ത് തെന്മലയിലാണ് കുഞ്ഞിന്റെ പേരിടീൽ ചടങ്ങിൽ മാതാപിതാക്കളും ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ലും ബഹളവും അരങ്ങേറിയത്.

കുഞ്ഞ് ജനിച്ച് 28-ാം ദിവസമാണ് പേരിടല്‍ ചടങ്ങ് നടക്കുന്നത്. കുഞ്ഞിന്റെ ഇടത് ചെവി വെറ്റില കൊണ്ട് അടച്ച് പിടിച്ച് വലത് ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്.

Signature-ad

ഇവിടെ കുട്ടിയുടെ അച്ഛൻ പ്രദീപ്, അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നു. ഇത് കേട്ട് പ്രകോപിതയായ അമ്മ കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങുകയും കുഞ്ഞിന്റെ ചെവിയില്‍ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നു.

തുടർന്ന് ഇരുകൂട്ടരുടെയും വീട്ടുകാർ തമ്മിൽ വഴക്കായി.
പിന്നീടാണ് ബന്ധുക്കള്‍ ചേരിതിരിഞ്ഞത് കൂട്ടത്തല്ലും ബഹളവുമുണ്ടായത്. ചടങ്ങിൽ പങ്കെടുത്ത ആരോ ഒരാൾ പകർത്തിയ വീഡിയോ വൈറലാവുകയായിരുന്നു. ഈ അച്ഛന്റേയും അമ്മയുടേയും ഇടയിൽ ജീവിക്കേണ്ടി വരുന്ന കുഞ്ഞിന്റെ ഭാവി എന്താകുമെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഇതിനെക്കുറിച്ച് വെൽഡിങ്ങ് തൊഴിലാളിയായ കുഞ്ഞിന്റെ പിതാവ് പ്രദീപ് പറയുന്നു:

”വിഡിയോയിൽ പ്രചരിക്കുന്നത് പോലെ കുഞ്ഞിന് അലംകൃത എന്ന പേരിട്ടത് എന്റെ സഹോദരിയല്ല. ഞാൻ തന്നെയാണ്. ആശുപത്രിയിൽവെച്ച് എന്നോട് ചോദിക്കാതെ ഭാര്യയും സഹോദരനും കൂടി ജനനസർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യാനുള്ള പേപ്പറിൽ അനാമിക എന്ന് എഴുതികൊടുത്തു. എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണത് ചെയ്തത്. അതു കൊണ്ട് പേരിടുന്ന സമയത്ത് ഞാനും ഭാര്യയുടെ അഭിപ്രായം ചോദിച്ചില്ല.

ഞാനും ഭാര്യയും തമ്മിൽ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെയുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ വിഡിയോ വൈറലാക്കിയത് എന്റെ വീട്ടുകാരാണെന്ന് ആരോപിച്ച് ഭാര്യയുടെ വീട്ടുകാർ ഇല്ലാത്ത ആരോപണങ്ങളാണ് പറഞ്ഞു നടക്കുന്നത്. ഞാൻ ഭാര്യയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിട്ടില്ല. അത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. വിവാഹസമയത്ത് സ്ത്രീധനം പോലും ചോദിച്ചിട്ടില്ല.

എന്റെ കുടുംബത്തിലെ പ്രശ്നം ഈ രീതിയിൽ പരസ്യമാക്കാൻ ഞാൻ കൂട്ടുനിൽക്കുമോ…? എനിക്ക് എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടേ?

കുടുംബത്തിനുള്ളിൽ ഒതുങ്ങേണ്ട ഒരു പ്രശ്നം ഈ രീതിയിൽ വൈറലായതിൽ വിഷമമുണ്ട്. ഇത് ആരാണ് ചെയ്തതെന്ന് അറിയാൻ സൈബർസെല്ലിൽ പരാതികൊടുക്കാൻ പോകുകയാണ്. ഈ വിഡിയോ കാരണം എന്റെ കുടുംബമാണ് മോശമായത്.
ഭാര്യവീട്ടുകാർ ആരോപിക്കുന്നത് പോലെ എന്റെ അമ്മയോ സഹോദരിയോ കുഞ്ഞിന്റെ പേര് തീരുമാനിക്കുന്നതിൽ ഇടപെട്ടിട്ടില്ല…”
പ്രദീപ് വിശദീകരിക്കുന്നു

Back to top button
error: