NEWSWorld

ജനനിബിഡമായി മക്കയിലും മദീനയിലും ആദ്യ തറാവീഹ് നമസ്‌കാരം

റിയാദ്: ഈ വര്‍ഷത്തെ റംസാനിലെ ആദ്യ തറാവീഹ് നമസ്‌കാരം ജനനിബിഡമായി മക്ക, മദീന പള്ളികളില്‍ നടന്നു. കൊവിഡ് മഹാവ്യാധി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആദ്യമായാണ് ഇരു ഹറമുകളിലും ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന റംസാന്‍ രാവുകളിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ് നമസ്‌കാരം നടക്കുന്നത്.

കൊവിഡാനന്തരം പൂര്‍ണ ശേഷിയില്‍ ആളുകളെ സ്വീകരിച്ചുള്ള റമദാനിലെ ആദ്യത്തെ തറാവീഹ് നമസ്‌കാരവേളയില്‍ ഇരു ഹറമുകളുടെ അകവും മുറ്റങ്ങളും മേല്‍കൂരയും നിറഞ്ഞു കവിഞ്ഞു. മാസപ്പിറവി കണ്ട പ്രഖ്യാപനം വന്നതോടെ ഹറമിലെ ഇശാ നമസ്‌കാരത്തിലും തുടര്‍ന്നുള്ള തറാവീഹ് നമസ്‌കാരത്തിലും പങ്കെടുക്കാന്‍ പരിസര പ്രദേശങ്ങളില്‍ നിന്ന് ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. തിരക്ക് കണക്കിലെടുത്ത് ഇരുഹറം കാര്യാലയം എല്ലാവിധ ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

മുഴുവന്‍ കവാടങ്ങളും തുറന്നിരുന്നു. ശുചീകരണത്തിനായി കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ചിരുന്നു. അണുമുക്തമാക്കുന്നതിനായി റോബോര്‍ട്ടുകളും ഒരുക്കിയിരുന്നു. സുരക്ഷ, ആരോഗ്യം, ആംബുലന്‍സ്, ട്രാഫിക് തുടങ്ങിയ വകുപ്പുകളും സേവനത്തിനായി രംഗത്തുണ്ടായിരുന്നു. മദീനയിലെ മസ്ജിദുന്നബവിയിലും ആദ്യ തറാവീഹ് നമസ്‌കാരത്തിന് സന്ദര്‍ശകരടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്. തറാവീഹ് നമസ്‌കാരത്തിന് ശൈഖ് അഹ്മദ് ബിന്‍ ത്വാലിബ്, ശൈഖ് സ്വലാഹ് അല്‍ബദീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: