ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 71 റണ്‍സിനു കീഴടക്കിയാണ് ഓസ്ട്രേലിയ ചാന്പ്യന്മാരായത്. സ്കോർ ഓസീസ്: 50 ഓവറിൽ 356-5; ഇംഗ്ലണ്ട്: 43.4 ഓവറിൽ 285. ഓസീസ് വിക്കറ്റ് കീപ്പർ എലിസ ഹീലിയുടെ (138 പന്തിൽ 26 ഫോർ അടക്കം 170) മികവിലാണ് ഓസ്ട്രേലിയ വൻ സ്കോർ നേടിയത്.
ഓസീസിന്റെ ഏഴാം വനിതാ ലോകകപ്പ് കിരീടമാണിത്. 2013ലായിരുന്നു ഇതിനുമുൻപുള്ള കിരീട നേട്ടം. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഹീലിക്കു പുറമേ ഓപ്പണർ റേച്ചൽ ഹെയ്ൻസ് (93 പന്തിൽ ഏഴ് ഫോർ അടക്കം 68), ബെത്ത് മൂണി (47 പന്തിൽ എട്ട് ഫോർ അടക്കം 62) എന്നിവർ തിളങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ അന്യ ശ്രുഭ്സോളാണ് ഇംഗ്ലിഷ് പേസർമാരിൽ മികച്ചുനിന്നത്.
ടൂർണമെന്റിൽ 509 റണ്‍സ് നേടിയ അലീസ ഹീലി, ഒരു വനിതാ ലോകകപ്പിൽ ആദ്യമായി 500 റണ്‍സ് പിന്നിടുന്ന താരം എന്ന റിക്കാർഡും സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ നാറ്റ് സീവറിന്റെ (121 പന്തിൽ 15 ഫോറും ഒരു സിക്സും അടക്കം 148 നോട്ടൗട്ട്) ഒറ്റയാൾ പോരാട്ടത്തിന് ഇംഗ്ലണ്ടിനെ ജയത്തിലെത്തിക്കാനായില്ല. ഇംഗ്ലണ്ടിന്റെ മറ്റു താരങ്ങളെല്ലാം നിറംമങ്ങി. 33.4 ഓവറിൽ 213 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടമായതാണ്.
പിന്നീടു വാലറ്റക്കാരി ക്രിസ് ഡീനിനെ (24 പന്തിൽ 21) കൂട്ടുപിടിച്ച് പൊരുതിയ സീവറാണ് ഇംഗ്ലണ്ടിനു പ്രതീക്ഷ നൽകിയെങ്കിലും 68 റണ്‍സ് കൂട്ടുകെട്ടു പൊളിച്ച് ഓസീസ് താരങ്ങൾ മത്സരത്തിൽ തിരിച്ചെത്തി.