KeralaNEWS

ഈ.മ.യൗയിലെ ‘വാവച്ച’നെയും ഹോമിലെ ‘അപ്പച്ച’നെയും അനശ്വരമാക്കിയ പ്രശസ്തനടൻ കൈനകരി തങ്കരാജ് അന്തരിച്ചു

  കൊല്ലം: പ്രശസ്ത നാടക, സീരിയൽ, ചലച്ചിത്ര നടന്‍ കൈനകരി തങ്കരാജ് വിടവാങ്ങി. 76 വയസായിരുന്നു.
കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് ഒരു മണിക്ക് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.

10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായ തങ്കരാജ്, കെഎസ്‌ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് കടന്നുവന്നത്. രണ്ടുതവണ മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കെ.പി.എ.സി ഉള്‍പ്പെടെ ഒട്ടേറെ നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു.
പ്രേം നസീര്‍ നായകനായി എത്തിയ ‘ആനപ്പാച്ചന്‍’ ആയിരുന്നു ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ സിനിമയിലെ കേന്ദ്ര കഥാപാത്രമായ വാവച്ചനെ അതിഗംഭീരമായി അവതരിപ്പിച്ചാണ് കൈനകരി തങ്കരാജ് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയത്. ലൂസിഫറിലെ കൃഷ്ണൻ നെടുമ്പള്ളി, ഇഷ്ഖിലെ മുരുകൻ, ഹോമിലെ അപ്പച്ചൻ എന്നീ കഥാപാത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, അണ്ണന്‍ തമ്പി, ആമേന്‍ എന്നീ ചിത്രങ്ങള്‍ ഉൾപ്പടെ 35ൽപരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഒട്ടേറെ സീരിയലുകളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിട്ടുണ്ട്.

Back to top button
error: