വീണ്ടും ഒരു മദ്ധ്യവേനൽ അവധി.
ഓർമ്മകൾക്ക് ഇപ്പോഴും പഴയ ആ ബാല്യത്തിന്റെ കരുത്തുതന്നെയാണുള്ളത്.പഴങ്ങളു ടെയും
കാലപെറുക്കലിന്റെയും കാലം കൂടിയായിരുന്നു രണ്ടു മാസത്തെ വേനൽ അവധികൾ.കൂട്ടുകൂടി ആരാന്റെ പറമ്പിലെ മാമ്പഴവും, ചക്കപ്പഴവും ഒക്കെ കഴിച്ച് കശുവണ്ടി പെറുക്കി വിറ്റ് സിനിമയും കണ്ട് നടന്നതായിരുന്നു ബാല്യത്തിന്റെ ഓർമ്മകളിൽ ഏറ്റവും മിഴിവുള്ള ചിത്രമായി
ആദ്യം മനസ്സിൽ തെളിഞ്ഞു വരുന്നത്.
ചക്കയ്ക്കുപ്പുണ്ടോ പാടിവരും ചെങ്ങാലിപക്ഷിയുടെ പാട്ടും കേട്ട് വലിയ മാവുകളുടെ ചുവട്ടിൽ കണ്ണിമാങ്ങയും പെറുക്കി കളിവീടും കെട്ടി വരുകയില്ലെന്ന് അറിയാമായിരിന്നിട്ടും കാമുകിയ്ക്കായി കാത്തിരിക്കുന്നതായിരുന്നു അന്നത്തെ വേനലവധികളിലെ മറ്റൊരു വിനോദം.അല്ല, സത്യം.എങ്കിലും മാങ്ങയുടെ ചൊനമണമല്ല, ഇലഞ്ഞിപ്പൂക്കളുടെ
നറുമണമായിരുന്നു അന്നത്തെ ഓരോ പ്രഭാതത്തിനും.
വീട്ടിൽ ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു.അതിന്റെ ചുവട്ടിൽ നിന്നും പൊഴിഞ്ഞു കിടക്കുന്ന പൂക്കൾ അതിരാവിലെ തന്നെ എഴുന്നേറ്റ് (അല്ലെങ്കിലും സ്കൂളിൽ പോകുമ്പോഴാണല്ലോ രാവിലെ എഴുന്നേൽക്കാൻ മടി) പെറുക്കി മാല കോർത്ത് ബസുകാർക്ക് കൊടുക്കുമായിരുന്നു.കാശിനല്ല,ഫ് രീയായിട്ട് തന്നെ.
ഓരോ വേനലവധിയും ഇതേപോലെ ഓരോ ഓർമ്മകളാണെങ്കിലും പത്താം ക്ലാസ് കഴിഞ്ഞുള്ള ആ വേനലവധി ഒരിക്കലും മറക്കാൻ സാധിക്കില്ല.അന്ന് അവസാനത്തെ പരീക്ഷയും കഴിഞ്ഞ് സ്കൂളിന്റെ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു അവൾ പെട്ടെന്ന് അടുത്തേക്കു വന്നത്.ആ കണ്ണുകൾ നിറഞ്ഞിരുന്നു.എന്റെ ഹൃദയവും പടപടാ ഇടിക്കുന്നുണ്ടായിരുന്നു.പരീക് ഷാഹാളിൽ ചോദ്യക്കടലാസ്
കിട്ടുമ്പോൾ പോലും എനിക്കിങ്ങനൊരനുഭവം മുമ്പ് ഉണ്ടായിട്ടില്ല.അവളെയും വിയർത്തു കുളിക്കുന്നുണ്ടായിരുന്നു.ഈ ഒരു നിമിഷത്തിനുവേണ്ടിയാണല്ലോ എത്രയോ കാലമായി ഞാൻ കാത്തിരുന്നത്.അപ്പോഴായിരുന്നു അവളുടെ അനിയത്തിയുടെ വരവ്.ഞങ്ങളേക്കാൾ ഒരു ക്ളാസ് പുറകിലായിരുന്നു അവൾ.അല്ലെങ്കിലും വില്ലന്റെയും വില്ലത്തികളുടെയും വരവ് എപ്പോഴും അപ്രതീക്ഷിതമായിരിക്കുമല്ലോ.
പെട്ടന്നായിരുന്നു അവളുടെ ആ ചോദ്യം. എക്സാം എങ്ങനെ ഉണ്ടായിരുന്നു ?
മറുപടി ദുർബലമായ ഒരു നോട്ടത്തിൽ ഒതുക്കി. അനിയത്തിക്കൊപ്പം നടക്കുമ്പോഴും അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.ആ കണ്ണുകളിലെ കലക്കം അപ്പോഴും എനിക്ക് വ്യക്തമായി കാണുവാൻ സാധിക്കുമായിരുന്നു.
ഓരോ വേനലവധിക്കും സ്കൂളുകൾ അടയ്ക്കുമ്പോൾ ഇത്തരം ഒരുപാട് “ടൈറ്റാനിക്” ദുരന്തങ്ങൾ സ്കൂൾ ഇടനാഴികളിലും മുറ്റത്തുമായൊക്കെ അരങ്ങേറാറുണ്ടായിരുന്നെങ്കിലും ആ നോവ് ഒരുപാട് കാലം എന്നെ വിടാതെ പിന്തുടർന്നു.
പിന്നീട് വർഷങ്ങൾക്കു ശേഷമാണ് അവളെ ഞാൻ കാണുന്നത്.ഒക്കത്തൊരു കുഞ്ഞുമായി പതിവായി ഇലഞ്ഞിപ്പൂമാല കൊടുക്കുന്ന ഒരു ബസ്സിൽ വച്ച്..!
പിന്നീട് വന്ന ഓരോ വേനലിലും ഇലഞ്ഞിപ്പൂക്കൾ മരത്തിന്റെ ചുവട്ടിൽ തന്നെ ആരുടെയും
കരസ്പർശം ഏൽക്കാതെ വാടിക്കരിഞ്ഞുകിടന്നു.
എങ്കിലും വേനൽ നിന്നെ എനിക്കിഷ്ടമാണ് ..!
ഇടിവെട്ടിയൊരു മഴ പെയ്യാൻ
മേടമാസത്തിന്റെ കണിയൊരുക്കാൻ
മാമ്പഴത്തിന്റെയും കശുമാമ്പഴത്തിന്റെയും രുചിയറിയാൻ
തേൻവരിക്കയുടെ സ്വാദ് നുണയാൻ
ഒരിക്കലും വരത്തില്ലെന്നറിയാമായിരിന്നിട് ടും അവൾക്കുവേണ്ടി കുടിലുകെട്ടി കാത്തിരിക്കാൻ…
എന്നിട്ട്… എന്നിട്ടുവേണം ഓർമ്മയുടെ ആ വേവിൽ എനിക്കൊന്ന് ഉരുകിയൊലിക്കാൻ…!
അതെ വേനൽ
നിന്നെ എനിക്കിഷ്ടമാണ്.പെരുത്ത് പെരുത്ത് ഇഷ്ടം..!!
*എവിആർ*