NEWS

വികസന പദ്ധതികള്‍ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടില്‍ ഭൂരിഭാഗം: മുഖ്യമന്ത്രി

കാലത്തിനൊത്ത വികസന പദ്ധതികള്‍ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടില്‍ ഭൂരിഭാഗമെന്നും പദ്ധതികളെ എതിര്‍ക്കുന്നവരുടേതാണു നാട് എന്നു കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിനായി ആഗ്രഹിക്കുന്നവര്‍ ബഹളംവച്ചും ശബ്ദകോലാഹലങ്ങളോടെയും വരുന്നില്ലായിരിക്കും. എന്നാല്‍, നാടിന്റെ ഭാവിക്കായി വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകണമെന്നാണ് അവരുടെ ആഗ്രഹം. ഈ നിലപാടുതന്നെയാണു സര്‍ക്കാരിന്റേതും – മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ച 51 റോഡുകള്‍ നാടിനു സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.

പശ്ചാത്തല വികസനത്തില്‍ കാലത്തിനൊത്ത മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നുതന്നെ ചെയ്യണം. റോഡ്, ജലഗതാഗത, വ്യോമയാന, റെയില്‍ സംവിധാനങ്ങള്‍ കാലാനുസൃതമായി നവീകരിക്കപ്പെടണം. സംസ്ഥാനത്ത് ട്രെയിന്‍ യാത്രയ്ക്കു മുന്‍പുണ്ടായിരുന്നതില്‍നിന്ന് ഇപ്പോള്‍ ഒട്ടും വേഗത കൂടിയിട്ടില്ല. കാസര്‍കോഡുനിന്നു തിരുവനന്തപുരത്തെത്താന്‍ 12 – 13 മണിക്കൂര്‍ ഇന്നും വേണം. വിലയേറിയ സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. അതിവേഗത്തിലോടുന്ന രാജധാനി എക്‌സ്പ്രസിനു പോലും കേരളത്തില്‍ സാധാരണ ട്രെയിനിന്റെ വേഗം മാത്രമേയുള്ളൂ. നിലവില്‍ ഇവിടെയുള്ള റെയില്‍വേ ലൈന്‍ വച്ചു വേഗത കൂട്ടാനാകില്ല. അടുത്തൊന്നും നടക്കുന്ന കാര്യവുമല്ല അത്. അതുകൊണ്ടാണു പുതിയ ലൈനിനെക്കുറിച്ച് ആലോചിക്കുന്നത്. കെ-റെയില്‍ കാര്യത്തില്‍ അനുമതി നല്‍കേണ്ടതു കേന്ദ്രമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടു. അനുകൂല പ്രതികരണമാണു പ്രധാനമന്ത്രിയില്‍നിന്നുണ്ടായത്. നാടിന് ഇത്തരം പദ്ധതികള്‍ ആവശ്യമാണെന്നതിനാല്‍ എല്ലാ രീതിയിലും അനുകൂലമായ പ്രതികരണമാണ് അദ്ദേഹത്തില്‍നിന്നുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും ചിലരുടെ എതിര്‍പ്പുകള്‍കണ്ട്, തൊട്ടാല്‍ ആപത്താകും എന്നുപറഞ്ഞു, വികസന പദ്ധതികളില്‍നിന്നു സര്‍ക്കാര്‍ മാറിനില്‍ക്കില്ല. നാടിന്റെ ഭാവിക്ക് ആവശ്യമായവ നടപ്പാക്കുകയെന്നതു സര്‍ക്കാരിന്റെ ധര്‍മമാണ്. അതില്‍നിന്ന് ഒളിച്ചോടില്ല. ദേശീയപാത വികസനത്തിലും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയിലും കൂടംകുളം വൈദ്യുതി ലൈനിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഈ നിലപാടാണു സ്വീകരിച്ചിരുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ദേശീയപാതകള്‍ അതിവിപുലമായി വികസിച്ചപ്പോള്‍ നമ്മുടെ നാട്ടില്‍ പലേടങ്ങളിലും അതിനു ഗ്രാമീണ റോഡുകളുടെ നിലവാരം മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഒരു മണിക്കൂര്‍കൊണ്ട് എത്താവുന്ന സ്ഥലത്തേക്ക് മൂന്നും നാലും മണിക്കൂര്‍ വേണ്ടിവരുമായിരുന്നു. കാലാനുസൃതമായി റോഡ് വികസനം പൂര്‍ത്തിയാക്കുന്നതിനു നടപടിയുണ്ടായില്ല. ചെയ്യേണ്ട സമയത്തു കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അതിനു പിന്നീടു കൊടുക്കേണ്ടിവരുന്ന വില വലുതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നല്ല രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞു. വലിയ തോതിലുള്ള എതിര്‍പ്പുകള്‍ ആദ്യമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജനോപകാരപ്രദമായി മുന്നോട്ടുപോയപ്പോള്‍ എല്ലാവരും അതുമായി സഹകരിക്കാന്‍ തയാറായി. പ്രതീക്ഷിക്കാത്ത തുകയാണു കിട്ടിയത്. ഒരു അതൃപ്തിയും അത്തരം ആളുകളിലില്ല. പലരും ദൃശ്യ മാധ്യമങ്ങളിലൂടെ അവരുടെ അനുഭവം നാടിനോടു പങ്കുവച്ചു. ഈ ആളുകളുടെ പേരില്‍ ഈ പദ്ധതിയെ എതിര്‍ത്തവരും തടസപ്പെടുത്താന്‍ ശ്രമിച്ചവരുമുണ്ട്. അതിനു നേതൃത്വം കൊടുത്തവര്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പശ്ചാത്താപത്തിന്റെ കണികയെങ്കിലും പുറപ്പെടുവിച്ചോ? അബദ്ധമായെന്നു പറയാന്‍ തയാറായോ? അന്നു കാണിച്ചത് അബദ്ധമായിപ്പോയെന്നു നാടിനു മുന്നില്‍ തുറന്നു പറയേണ്ടതല്ലേ? ഇന്നു തലപ്പാടി മുതല്‍ ഹൈവേ വികസിക്കുകയാണ്. അതിലൂടെ സഞ്ചരിക്കുന്നവരുടെ മനസിനു കുളിര്‍മ പകരുന്ന കാഴ്ചയാണ് റോഡ് വികസനത്തിലുണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ പേരിലും വലിയ എതിര്‍പ്പുണ്ടായിരുന്നു. അതും നടപ്പാക്കാന്‍ കഴിഞ്ഞു. സിറ്റി ഗ്യാസ് പദ്ധതി വഴി വീടുകളില്‍ ഗ്യാസ് എത്തേണ്ട നടപടി ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്. ഇന്നത്തെ വിലക്കയറ്റത്തില്‍ വലിയ ആശ്വാസമാകുന്ന പദ്ധതിയാകും ഇത്. ഇടമണ്‍ – കൊച്ചി പവര്‍ ഹൈവേയുടെ കാര്യത്തിലും തുടക്കത്തില്‍ ഇതായിരുന്നു സ്ഥിതി. ഒരു ഘട്ടത്തില്‍ നാഷണല്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ പദ്ധതി ഉപേക്ഷിച്ചു പോയതാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലിലൂടെ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞു. ഇന്ന് ആ ലൈനിലൂടെ വൈദ്യുതി ഒഴുകുകയാണ്.

തീരദേശ, മലയോര ഹൈവേകളുടെ നിര്‍മാണം മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. പശ്ചാത്തല സൗകര്യ വികസനം കേവലം റോഡ് നിര്‍മാണം മാത്രമല്ല. കോവളം മുതല്‍ കാസര്‍കോട് ബേക്കല്‍ വരെയുള്ള 600 കിലോമീറ്റല്‍ ജലപാതയുടെ നിര്‍മാണം അതിവേഗത്തില്‍ നടക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തുന്ന സഞ്ചാരികളുടെ കണ്‍കുളിര്‍ക്കുന്ന കാഴ്ചയാകും ഈ പദ്ധതി. സംസ്ഥാനത്ത് ഇപ്പോഴുള്ള നാലു വിമാനത്താവളങ്ങളിലും ധാരാളം യാത്രക്കാര്‍ ഇപ്പോഴുണ്ട്. ചില വിമാനത്താവളങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ അനുമതി ആവശ്യമായതിനാല്‍ വികസനത്തിനു തടസം നേരിടുന്നുണ്ട്. എന്നാല്‍ നാലു വിമാനത്താവളങ്ങള്‍ ഒരു ചെറിയ സംസ്ഥാനത്ത് അധിമാണെന്നു പറയാന്‍ പറ്റുമോ. അഞ്ചാമത്തേതു ശബരിമലയില്‍ നിര്‍മിക്കാനുള്ള നടപടികള്‍ നല്ല രീതിയില്‍ മുന്നേറുന്നു. ടൂറിസ്റ്റുകള്‍ക്കായി എയര്‍ സ്ട്രിപ്പുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റാനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതു വെറുതേയുള്ള പ്രഖ്യാപനമല്ല. ഇതിനായി ഒരു വര്‍ഷം എന്തു ചെയ്യുമെന്ന കാര്യം ഇത്തവണത്തെ ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെ ഇവ കൃത്യമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: