റഷ്യയില്‍ നിന്നും റെക്കോര്‍ഡ് തുകക്ക് സൂര്യകാന്തി എണ്ണ വാങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും റെക്കോര്‍ഡ് തുകക്ക് സൂര്യകാന്തി എണ്ണ വാങ്ങി ഇന്ത്യ. 45,000 ടണ്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയത്. ഭക്ഷ്യഎണ്ണക്ക് ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ നടപടി. യുക്രെയ്‌നില്‍ നിന്നുള്ള വിതരണം നിലച്ചതോടെയാണ് വന്‍ വിലക്ക് എണ്ണ വാങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമായത്.
റഷ്യയുമായുള്ള കരാര്‍ ഭക്ഷ്യ എണ്ണയുടെ ക്ഷാമം പരിഹരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. യുക്രെയ്‌നൊപ്പം ഇന്തോനേഷ്യ പാംഒയില്‍ ഇറക്കുമതിക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിതോടെയാണ് ഇന്ത്യയില്‍ ഭക്ഷ്യഎണ്ണകള്‍ക്ക് വലിയ ക്ഷാമം അനുഭവപ്പെട്ടത്.
യുക്രെയ്‌നില്‍ നിന്നും എണ്ണ ഇറക്കുമതി നടത്താവുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്. അതിനാലാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യയില്‍ ഭക്ഷ്യഎണ്ണ വ്യവസായം നടത്തുന്ന പ്രദീപ് ചൗധരി പറഞ്ഞു. പല വ്യവസായികളും ടണ്ണിന് 1.6 ലക്ഷമെന്ന റെക്കോര്‍ഡ് തുകക്കാണ് ഭക്ഷ്യഎണ്ണ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.